ഇങ്ങു ദൂരത്തുണ്ടൊരോര്‍മ്മ, നേരിയിട്ടു-
മുണ്ടായിരുന്നുവോ നമ്മള്‍?
പായുന്ന മേഘങ്ങളായ്, തിളങ്ങിക്കണ്ട
രൂപങ്ങള്‍ തേഞ്ഞുതീരുമ്പോള്‍
സന്ദേശവാക്യങ്ങള്‍ മാഞ്ഞു സായംകാല
സന്ദേഹമായി മാറുമ്പോള്‍,
അന്തിച്ചെമപ്പിന്നിടയ്ക്കുതിര്‍ന്നമ്പിളി-
ച്ചെമ്പകത്തെല്ലൊടുങ്ങുമ്പോള്‍
എല്ലുകള്‍ക്കുള്ളില്‍ക്കരണ്ടുനീങ്ങും ശീത-
സംക്രമം പൂര്‍ണമാവുമ്പോള്‍
കല്യാണസൗഗന്ധികം മുണ്ടുപെട്ടിയില്‍-
ക്കണ്ണെത്തിടാതൊളിക്കുമ്പോള്‍
ഇപ്പടിക്കെട്ടു പാറക്കെട്ടുപോല്‍
മുന്നി-
ലുദ്ധതം കോട്ട കെട്ടുമ്പോള്‍
പിച്ചവയ്ക്കും പൈതലെന്നപോലീ വിരല്‍
ചുറ്റുവാനൂന്നു തേടുമ്പോള്‍
വെള്ളത്തില്‍ നീണ്ടുവീഴും നിഴല്‍ പോലെ.,യ-
ന്നുണ്ടായിരുന്നുവോ നമ്മള്‍?
ഉണ്ടായിരുന്നുവോ കൂട്ടുകാരായ്,അന്നു
രണ്ടുപേരായിട്ടു നമ്മള്‍?
------------------------------------------------
No comments:
Post a Comment