Friday, September 18, 2015

മരിച്ചവർ മാത്രമുള്ള കടൽക്കരയിൽ / സെറീന

കടലിനോട് ചേർന്നാണ്
ഞങ്ങളുടെ പള്ളി
എന്റെ പൂർവികരെപ്പൊലെ
ഞാനും അവിടെയുറങ്ങും

അവിടെ ഞങ്ങൾ, മരിച്ചവർ
പൂവിതളുകൾ പോലെ തമ്മിൽ തൊടും
 ജീവിതം കൊണ്ട് ഒരിക്കലും
പരസ്പരം തൊട്ടു നോക്കാത്തവർ
പുകക്കരി പിടിച്ച വിളക്കായി
പരസ്പരം ഉയർത്തി പിടിച്ച്
അന്യോന്യം കാണും

ഒച്ചയില്ലാത്ത ഫത്വവകൾ കൊണ്ട്
മുന വെച്ച നോട്ടം കൊണ്ട് ,
എന്തിന്,  മൗനം കൊണ്ടു പോലും
പരസ്പരം കൊന്നു തീർത്തതിന്റെ
നിലവിളികൾ അപ്പോൾ മാത്രം
കാതുകൾക്ക് വഴിപ്പെടും 

യുദ്ധത്തിലും കാമത്തിലും
കൊല ചെയ്യപ്പെട്ട കുഞ്ഞുങ്ങൾ
അവിടെയും കരഞ്ഞു കൊണ്ടിരിക്കും

എത്ര പാവമായിരുന്നു
നമ്മുടെ ആനന്ദങ്ങളെന്നു ഞങ്ങൾ
പരസ്പരം പാവം കൂറും

അസ്ഥിയോളമടർന്നു പോയാലും
ചിതലെടുത്തു പോവില്ല
ആ  പേര് കൊത്തിയ ഹൃദയമെന്ന്
ഒരോർമ്മ, മീസാൻ കല്ലാകും

അന്നേരം
കടലിലേയ്ക്കൊരു വഴി തുറക്കപ്പെടും

ഭൂമിയിലേതല്ലാത്ത വൈകുന്നേരം ,
കപ്പലുകളില്ല ,
പായ്മരങ്ങൾ വലിച്ചു കെട്ടാൻ
യാത്രയോ വിരഹമോ ദൂരമോ ഇല്ല

ഓരോ കാറ്റിലും താളുകൾ കുതറുന്ന
ഏകാന്തതയുടെ  പുസ്തകമായി
ആകാശത്തേയ്ക്ക് തുറന്നിരിയ്ക്കുന്ന കടൽ.
മരിച്ചവർ മാത്രമുള്ള  കടൽക്കര


സ്മാരക ശിലകളിലെ കിണർ  പോലെ
അനേകം ജീവിതങ്ങളുടെ,
നെയ്യൂറിയ ജലം

പാതിരാവിൽ കടൽപ്പാലത്തിൽ നിന്നും
താഴേയ്ക്കായുന്നൊരു കുതിപ്പിനെ
ഒരു കുഞ്ഞിനെയെന്നോണം ചേർത്തണച്ച്
മണ്ണിലേയ്ക്ക് മടങ്ങുമ്പോൾ
ആദ്യമായി ഞങ്ങൾ മനുഷ്യരാകും

അപ്പോൾ ഭൂമി
ഇരുട്ടിൽ ഒരു കൈലേസ്സു പോലെ
നനഞ്ഞു  കിടക്കും.
---------------------------------------

No comments:

Post a Comment