Wednesday, June 3, 2015

സൂര്യന്റെ കിടപ്പറ / വിനോദ് വൈശാഖി



ആകാശത്തിപ്പോള്‍
പട്ടുപോയ സൂര്യന്റെ
വിത്തുകള്‍ തപ്പുന്നു
പുലരിയും സന്ധ്യയും.
ഭൂശാസ്ത്ര വണ്ടികള്‍
തലങ്ങും വിലങ്ങും
ഓടിയെരിച്ച പേടിക്കാലം
അറിഞ്ഞോ,
ഇലയില്‍ നിന്നും ഒരു
കാടിറങ്ങിപ്പോയത്രേ!
സൂര്യാ ,കടലില്‍ വീണ
താഴികക്കുടമേ,
മലകള്‍ക്കിടയിലിഴഞ്ഞു-
പൊങ്ങുന്നോനെ,
കവിതയില്‍ മാത്രമുദിച്ചു താഴും
വലിയ കളവില്‍ ഞെളിഞ്ഞോനെ,
കാറ്റില്ലാക്കതിരോനെ
കലങ്ങി മറിഞ്ഞെല്ലാം.
കടല്‍ ജീവികളിപ്പോള്‍
പാറയില്‍ പണിഞ്ഞ
കൗതുകച്ചിത്രങ്ങളായ്,
തകര്‍ന്ന ടൈറ്റാനിക്കില്‍
പുണര്‍ന്ന "ജാക്കും റോസും"
ടോര്‍ച്ചുവെട്ടത്തില്‍കാണും
കൗമാരത്തിടുക്കങ്ങള്‍.
മീനുകള്‍ മുങ്ങിപ്പൊങ്ങിപ്പറഞ്ഞു:
തുമ്പോല വിശറികള്‍
തണുപ്പിച്ച സമുദ്രത്തില്‍
വീണുപോയ് സൂര്യന്‍
നിങ്ങളിനിയുമറിഞ്ഞില്ലേ!
സൂര്യന്‍ ഒരു കടല്‍വേനല്‍
കുളിച്ചും ചൂടഴിച്ചും നീന്തും
ഒരു വലിയ കടല്‍ജീവി.
കെട്ടിപ്പിടിച്ചു മറിഞ്ഞും
കടല്‍പ്പെണ്ണിന്‍ -
ഇളക്കം കെടുത്തിയും
അരക്കെട്ടു തകര്‍ന്നുകിടക്കുന്നു.
വെളുക്കാല്‍ താമസിക്കും
ചൂടാറ്റിപ്പതുക്കനെ
ഉണര്‍ത്തി വിടാം ഞങ്ങള്‍.
അതിന്,
കടല്‍പ്പൂവാണോ സൂര്യന്‍.
കടലിന്‍ പൊക്കിള്‍ക്കൊടി
സൂര്യകാന്തിയെ വിടര്‍ത്തുമോ!
പരന്ന വെയിലിന്റെ വിരിപ്പില്‍
പിടിച്ചിട്ട വിത്തുകള്‍ മുളയ്ക്കുമോ!
ഇനി പെണ്ണിനും ആണിനും
വയസ്സും വലിപ്പവും അറിയാന്‍
സൂര്യന്‍മാരെ ഉദിപ്പിച്ചെടുക്കണം
ഇത്രയും കാലം സൂര്യന്‍
പാറ്റിവീഴ്ത്തിയ വിത്ത്
എങ്ങുപോയെന്നോ
എത്തും പിടിയും കിട്ടുന്നില്ല!
-------------------------------------

3 comments:

  1. സുന്ദരമായ കവിത ഇടയ്ക്ക് ടൈറ്റാനിക് കല്ലുകടി പോലെ എന്നാലും അതിസുന്ദരം സൂര്യൻ കടൽ പൂവെന്ന ഭാവന വിനോദ് വൈശാഖിയുടെ ഗംഭീര ശൈലി

    ReplyDelete
    Replies
    1. നന്ദി വിലയിരുത്തലിന്

      Delete