Tuesday, September 11, 2018

പ്രണയമില്ലാതെയായ നാൾ / റഫീക്ക്‌ അഹമ്മദ്‌

പ്രണയമില്ലാതെയായ നാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ
ജനലരികിൽ നിന്നിളവെയിൽ കൈത്തലം
പതിയെ പിൻവലിയ്ക്കുന്നതു മാതിരി.

ഇലകളിൽ നിന്നെടുത്തൊരു ഹരിതകം
മഴയുടെ ജലസാന്ദ്രമാം സൗഹൃദം
വിരലിലാദ്യം തൊടുമ്പോൾ പടർന്നൊരു
വിവരണാതീത വൈദ്യുതീകമ്പനം
പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിൻമടങ്ങുന്നു ഞാൻ.

അതിരെഴാത്ത നിശീഥത്തിലെവിടെയോ
വിളറിവീഴും നിലാവിന്റെ സുസ്മിതം
മിഴികളിൽനിന്നു മിന്നലായ്‌ വന്നെന്റെ
മഴകളെ കുതികൊള്ളിച്ച കാർമ്മുഖം
പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ.

പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ
തിരയഗാധങ്ങളിൽ നിന്നു ചിപ്പികൾ
കരയിൽ വച്ചു മടങ്ങുന്നതു മാതിരി.
__________________________________

No comments:

Post a Comment