Sunday, September 30, 2018

വരക്കാന്‍ ഏറ്റവും കടുത്ത ചായം വേണ്ടിവരുന്ന ചില നിസ്സഹായതകളുമുണ്ട് കൂട്ടത്തില്‍ /ജയദേവ് നയനാർ

ഒരു കൂട്ടം മേഘത്തുണ്ടുകള്‍ നടക്കാനിറങ്ങിയതുപോലുള്ള
വഴിയില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന ഒരു കുന്നിന്‍റെ
അവസ്ഥ എത്ര വാക്കില്‍ പറഞ്ഞാല്‍ കൃത്യമാവും
എന്ന കണക്കൊന്നുമിതുവരെയാരും
എടുത്തുകാണില്ല. മേഘത്തുണ്ടുകള്‍ പോലെ
വാക്കുകള്‍ വാരിയെറിയണം എന്നു പറഞ്ഞാലും
ഒരു കണക്കൊക്കെ വേണ്ടേ എന്നു ചോദിക്കും
താഴ്വരയില്‍ കാത്തുനില്‍ക്കുന്ന തണല്‍മരങ്ങള്‍.
അവയ്ക്കടിയിലൂടെയാണ് മേഘത്തുണ്ടുകള്‍
നടന്നുപോകേണ്ടത് എന്നതുകൊണ്ടു മാത്രമല്ല.
തൊട്ടടുത്തു തന്നെയാണ് ഒറ്റക്കുന്നു നില്‍ക്കുന്നത്.
.
ഒറ്റക്കുന്നിനോടു നേരിട്ടു ചോദിക്കാമെന്നു കരുതും.
എന്നാല്‍ ഒന്നും മിണ്ടില്ല അത്. മണ്‍കാതുകള്‍
അത്രയും ബലമായി അടച്ചുപിടിക്കും.
അതു മനസിലൂഹിക്കുന്നതെന്തെന്ന്
മരങ്ങള്‍ക്കറിയാം. പറയില്ല.
അതു ഒളിച്ചുപിടിക്കുന്നതെന്താണെന്ന്
മരങ്ങള്‍ക്കറിയാം. തുറക്കില്ല.
ഇത്തരം അയഥാര്‍ഥവും ഭാവനാപരവുമായ
കാര്യങ്ങളെക്കുറിച്ചുമാത്രമെന്തിന്
ആശങ്കപ്പെടണമെന്നു ചോദിക്കുന്നുണ്ടാകും
.
ഭാവനാപരമായ കാര്യങ്ങളും ചോദിക്കപ്പെടാനുള്ളതാണ്
എന്നറിയികിലും ചോദ്യങ്ങള്‍ ചോദിച്ച്
ഒരു വൈകുന്നേരത്തെ നിറംകെട്ടതാക്കേണ്ട
എന്നു വിചാരിച്ചിട്ടായിരിക്കും ചിലപ്പോള്‍.
അല്ലെങ്കില്‍ എല്ലാ ചോദ്യത്തിനും ഉത്തരമില്ല
എന്നറിയുന്നതു കൊണ്ടായിരിക്കും.
.
ഒരു കൂട്ടം മേഘത്തുണ്ടുകള്‍ നടക്കാനിറങ്ങിയതുപോലുള്ള
വഴിയില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന ഒരു ചോദ്യമാണ്
എന്‍റെ പ്രാര്‍ഥനകളത്രയും.
ഒരിക്കലും ചോദിക്കാത്തത്.
ഒരിക്കലും ഉത്തരം കിട്ടാത്തത്.
.
അങ്ങനെയുള്ള മറ്റു പ്രാര്‍ഥനകളും കാണുമായിരിക്കും.
ഇതുവരെ കണ്ടുമുട്ടാത്തത്.
എന്നാല്‍ ഉത്തരങ്ങള്‍ ഉള്ളത്.
അതുകൊണ്ടുതന്നെ  ഉത്തരങ്ങള്‍ കിട്ടുന്നത്.
എന്നാല്‍ അവയുടെ വഴിയില്‍
മേഘത്തുണ്ടുകള്‍ നടക്കാനിറങ്ങിയിട്ടുണ്ടായിരിക്കില്ല.
അവയൊന്നും ഒറ്റയ്ക്കു നില്‍ക്കുന്നുമായിരിക്കില്ല.
.
മുറിവുകളുടെ പരിസരങ്ങളാണ്
അതിനെ മാരകമാക്കുന്നതോ
മുറിവുകൂടി സ്മാരകങ്ങള്‍ തീര്‍ക്കുന്നതോ.
എനിക്ക് എന്‍റെ മുറിവില്‍
ഒരു സ്മാരകം പണിയരുത്.

No comments:

Post a Comment