Monday, December 14, 2020

അവളവൾ തോറ്റം/സെറീന



ആരുമില്ലെന്ന തോന്നലിലേക്ക് 
അക്ഷമയോടെ നഖം കടിച്ചു 
തുപ്പിയിരുന്ന ആ പെൺകുട്ടി
ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് 

ഇന്നവൾ 
ഇല്ലാത്ത നക്ഷത്രങ്ങളെ 
നഖത്തുമ്പുകളിൽ നിന്നും 
സൂക്ഷ്മതയോടെ 
മുറിച്ചു കളയുന്നു 

ആരും പങ്കിടാത്ത,  
ഉപ്പ്‌ കയ്ക്കുന്ന ദാഹജലം  പോലെ 
ദിവസങ്ങൾ, 
അതൊഴിഞ്ഞു നിറയുന്ന 
പാത്രങ്ങൾ,  കലമ്പൽ 
തീരാത്ത കവിതകൾ 

നിന്നു പോയാൽ 
വീഴുമെന്നുറപ്പുള്ള 
പമ്പരം, 
ആരുടെയോ കൈവെള്ളയിലാണ് 
കറങ്ങുന്നതെന്ന് തോന്നുമ്പോഴും 
വെറും മണ്ണിലേക്കുള്ള ദൂരം 
മനക്കണക്കിലെത്ര കൃത്യം.  

ആരവങ്ങളുടെ പെരുവഴി 
വിഴുങ്ങുമ്പോൾ, 
ഓർമ്മയിൽ തുറക്കുന്നു, 
രണ്ട് കാലടികൾക്കു 
മാത്രമിടമുള്ള 
ഊടുവഴി നടത്തങ്ങൾ 
തുറസുകളോട് 
മിണ്ടാൻ പേടിച്ച
അടക്കപ്പേച്ചുകൾ. 

സ്വന്തമായുള്ള  ഇരുട്ടിൽ നിന്നും 
ഉറവാകുന്ന  വെളിച്ചത്തിന്റെ 
നേർത്ത ചാലുകളിലൂടെ 
വെട്ടം തെറിപ്പിച്ചു നടന്നവൾ 

ആയുസ്സറുക്കുവാൻ മാത്രം മൂർച്ചയുള്ള 
വിഷാദത്തിന്റെ  കത്തികളിൽ 
വെയിൽ തട്ടിത്തിളങ്ങുമ്പോൾ 
ലോകത്തിന്റെ 
നൂറ് കോണുകളിൽ നിന്നുമുയരുന്ന 
കരച്ചിലുകൾ കേൾക്കുന്നു 
അഗ്നിയിലോ  അമ്ലത്തിലോ 
മാഞ്ഞു പോയ ചിരികളോർക്കുന്നു, 
അടിവയറ്‌ കടയുന്നു. 

"അച്ഛനില്ലാത്ത കുട്ടികൾ 
അമ്മ മാത്രമുള്ളവരല്ല 
ആധിയുടെ ആഴക്കലക്കങ്ങൾ 
കുതറുന്ന, അടിയൊഴുക്കുള്ള 
ഒരു പുഴ കൂടി സ്വന്തമായുള്ളവരാണെ"ന്ന് 
അക്ഷരത്തെറ്റുകളോടെയൊരു  കവിത 
ആറാം ക്ലാസ്സിന്റെ നോട്ടു ബുക്കിൽ 
കണ്ടെടുത്ത ദിവസത്തെയോർക്കുന്നു 

മുറിച്ചു കടന്ന കടലുകളെ 
ഓർമ്മയുടെ പിത്തജലമായി 
തൊണ്ട, തിരിച്ചു തള്ളുമ്പോൾ 
നഖം കടിക്കരുതെന്ന് വിലക്കി 
അവൾക്കവൾ അമ്മയാകുന്നു 
അവൾ അമ്മ മാത്രമുള്ള കുഞ്ഞാകുന്നു.

No comments:

Post a Comment