ഇല്ലാത്ത ഒരു
രാജ്യത്തിന്
വേണ്ടിയായിരുന്നു
നമ്മള്‍ പരസ്പരം
ഒറ്റുകൊടുത്തത്.
നീ നിന്റെതെന്നും
ഞാന്‍ എന്റെതെന്നും
വിളിച്ച് ഓരോ
പടനീക്കത്തിലും
ഓരോ രാജ്യത്തെ
തൊലിപ്പുറത്ത്
വരച്ചുവച്ചു.
എന്‍റെ രാജ്യത്തേക്ക്
ഒളിച്ചുകടക്കാനുള്ള
വഴികളെല്ലാം നിനക്കു
കാണാപ്പാഠമായിരുന്നു.
നിന്റെതിലെക്കുള്ളത്
ഞാനും ഓര്‍ത്തുവച്ചു.
ഓരോ കവാടത്തിലും
പറയേണ്ടിയിയിരുന്ന
രഹസ്യവാക്ക്,
ഓരോയിടത്തും
മാറേണ്ടിയിരുന്ന
പ്രച്ഛന്നവേഷം,
ഓരോ നൂഴ്വഴിയിലും
വേണ്ടിയിരുന്ന
മെയ് വഴക്കം
എല്ലാം കൃത്യം.
പരസ്പരം ആരും
സംശയിക്കാതവണ്ണം.
പിന്കഴുത്തിലൂടെ
കൊടുങ്കാറ്റു കണക്കെ
ചോലക്കാടുകളില്‍
ഓര്‍മകളുടെ കണ്ണുകെട്ടി,
അടിതെറ്റുന്ന
കണ്ണാടിപ്രതലങ്ങളില്‍
അള്ളിപ്പിടിച്ച്
അകമേ തീ വാറ്റുന്ന
ഗുഹാമുഖങ്ങളില്‍
ഒരു മഴമെഘതെ
ഉള്ളിലടക്കിപ്പിടിച്ച്,
ചെങ്കുത്തായ കുന്നുകളില്‍
ഭൂമിയെ പൊതിഞ്ഞുപിടിച്ച്...
.
നമ്മള്‍ വെട്ടിപ്പിടിച്ച
രാജ്യം ഇതിനിടെ
എപ്പോഴാവും
കളഞ്ഞുപോയിരിക്കുക?.
.
ഇല്ലാത്ത ഒരു ശരീരത്തിന്
വേണ്ടിയായിരുന്നു
നമ്മള്‍ പരസ്പരം
തോറ്റുകൊടുത്തത്.
No comments:
Post a Comment