Saturday, July 18, 2020

......./നോർമ്മാ ജീൻ

ഉറങ്ങാൻ കിടക്കുമ്പോൾ 
ജനൽകമ്പിമേൽ 
തട്ടി തകരുന്ന 
മഴത്തുള്ളികളുടെ ഒച്ച 
സുഖമായ ഉറക്കത്തിന്
കിടക്ക വിരിക്കുന്നു 
ദൂരെയേതോ 
മലയടിവാരത്തിലുള്ള  
ആശ്രമത്തിലെ 
വൃദ്ധ സന്യാസികൾ 
ജാഗരണ പ്രാർത്ഥനകളിൽ 
മുഴുകിയിരിക്കുന്നു 

ലോകമുറങ്ങി കിടക്കുമ്പോൾ 
അതിനെ നോക്കിയിരിക്കുക
പ്രാർത്ഥന പോലെ 
ഏകാന്തത ആവശ്യമുള്ളോരു 
സംഗതിയാണ് 
പ്രിയമുള്ളൊരാൾക്ക് വേണ്ടി 
പൂപ്പാത്രമൊരുക്കുന്ന പോലെ 
സ്നേഹത്തോടെ 
ഞാനത് ചെയ്തു കൊണ്ടിരിക്കുന്നു

പെട്ടെന്ന് 
ലോകത്തോട് മൊത്തം 
എനിക്ക് സ്നേഹം തോന്നി 
ലോകം എന്നെയോ 
ഞാൻ ലോകത്തെയോ 
മറന്നു  വെച്ചതെന്ന 
സന്ദേഹത്തിൽ 
രമ്യതകളുടെ വഴികളെ പറ്റി 
ചിന്തിച്ചു തുടങ്ങി 
തള്ളിപ്പറഞ്ഞ സ്നേഹിതരോട് 
വേണ്ടെന്ന് വെച്ച കാമുകരോട് 
കൈ കടിച്ചു മുറിച്ച 
അയല്പക്കത്തെ  
നായയോട് പോലുമെനിക്ക് 
അലിവ് തോന്നി 

അമ്മച്ചിയുടെ 
കോന്തലയിൽ നിന്ന് 
മുന്നിലേക്ക് ചിതറി തെറിച്ച 
മുല്ലപ്പൂ മൊട്ടുകളോളം 
ഞാൻ  ജീവിതത്തെ സ്നേഹിച്ചു 
വെറുക്കുവാൻ കണ്ടെത്തിയിരുന്ന 
കാരണങ്ങളിൽ കയറി നിന്ന് 
കഴിഞ്ഞ കാലങ്ങളിലെ 
മനുഷ്യരെന്നെ നോക്കി 
വെള്ള പതാകകൾ വീശി 
ജീവിതത്തെ സ്നേഹിക്കുവാൻ 
നാം കണ്ടെത്തുന്ന വാക്കുകൾ 
കൂട്ടി ചേർത്ത് ഞാൻ  
പാട്ടുകൾ തുന്നി തുടങ്ങി

No comments:

Post a Comment