പറഞ്ഞത് പറഞ്ഞ്
മേലാല്‍ എന്റപ്പന് പറയരുത്
നിന്റപ്പനോട് പോയി പറയെടീന്ന്
പറഞ്ഞില്ലേ?
പള്ളിപ്പറമ്പില് കെടക്കുന്ന
എന്റപ്പനോട് ഇനി എന്നാ പറയാനാ
എനിക്കിനി നിങ്ങളോടാ
പറയാനൊള്ളത്
ഇങ്ങനെ കുടിക്കല്ലേന്ന്
അപ്പനോട് പറയുമ്പോ
കുടിച്ചിട്ട് വന്ന് നിങ്ങളെ ഞാന്‍
തല്ലുന്നുണ്ടോന്ന് അപ്പന്‍
ചോദിക്കുവായിരുന്നു
ആദ്യകുര്‍ബാനയ്ക്ക്
എല്ലാ പിള്ളേരെയും പോലെ
ഒരുങ്ങി നില്‍ക്കാന്‍ പറ്റാതിരുന്നതും
സ്‌കൂളീന്ന് ടൂറിന് പോകാന്‍
പറ്റാതിരുന്നതും
യൂണിഫോം മാത്രം
എന്നും ഇട്ടോണ്ട് പോകേണ്ടി വന്നതും
അപ്പന്റെ കുടി കാരണാന്ന്
പറയാന്‍ പേടിയാരുന്നു
പിന്നേം ഒരുപാട്
കാര്യങ്ങളൊണ്ട്
ഇപ്പ എനിക്ക് പറയാല്ലോ
ക്രിസ്മസിന് പള്ളിയില്‍
പോകാന്‍ ഒരു സ്വര്‍ണ്ണമാല
വാങ്ങിത്തരാന്ന് അപ്പന്‍
പറഞ്ഞിട്ടൊണ്ടായിരുന്നു
എന്നിട്ട്
അതിനെക്കുറിച്ച്
ഒരു വാക്കു പോലും പറയാതെ
ക്രിസ്മസ് വന്ന അതേ മാസം
അപ്പനൊരു പോക്കങ്ങ് പോയി
അന്ന് കരഞ്ഞില്ല
പിന്നെ എല്ലാരും അപ്പന്റെ
വിശേഷങ്ങള്‍
പറയുമ്പോ കൊതിയോടെ
കേട്ട് കണ്ണ് നിറഞ്ഞിട്ടൊണ്ട്
ഇപ്പ നിങ്ങളോട് പറയണതെന്തിനാന്നോ
നിറയെ മണികളുള്ള കൊലുസിട്ട
ഒരു പൊന്നുമകളെ നമ്മളിപ്പോ
മനസ്സില് പെറ്റു വളര്‍ത്തണില്ലേ
അവളിതുപോലെ
ഇപ്പോ ഞാനെഴുതുന്ന പോലെ
എഴുതാതിരിക്കാൻ വേണ്ടിയാ
അതുകൊണ്ട്
പറഞ്ഞത് പറഞ്ഞ്
മേലാല്‍ എന്റപ്പന് പറയരുത്...!
No comments:
Post a Comment