Wednesday, November 11, 2020

അനിത തമ്പിയുടെ 4 കവിതകൾ


1.
എഴുത്ത്

കുളിക്കുമ്പോൾ 
പൊടുന്നനെ
ജലം നിലച്ചു

തുരുമ്പിച്ച
കുഴൽ, ചൂളം
വിളിച്ചു നിന്നു

ജലം വാർന്ന്
നഗ്നമാകും
ഉടൽ ചൂളുമ്പോൾ

ജനൽ വഴി
വിരൽ നീട്ടി
വിറയൻ കാറ്റ്

ഒരു മാത്ര
തണുക്കും പോൽ
എനിക്കു തോന്നി

നനവിന്റെ
ഉടയാട
പറന്നു പോയി

വെറിവേനൽ 
ചുറ്റി, നാണം
മറന്നും പോയി

മരം പെയ്യും
പോലെ, മുടി-
യിഴകൾ മാത്രം

ഉടലിന്മേൽ
ഓർമ്മയിൽ നി-
ന്നെഴുതുന്നുണ്ട്

ജലം കൊണ്ട്
രണ്ട് മൂന്ന്
വരികൾ മാത്രം.

2.
മറവി
******

മരിച്ച് പോകുന്ന വഴിയിലും
ഞാൻ ഇതുപോലെ
കാടു പിടിച്ചു കിടക്കും

അന്നും
നീ വയ്ക്കുന്ന ഓരോ ചുവടിലും
എന്റെ ഇലകൾ വാടിക്കൊണ്ടിരിക്കും
നിന്റെ കാലടികൾ നീറിക്കൊണ്ടിരിക്കും

എന്റെ പടർപ്പ് അവസാനിക്കുന്നിടത്ത്
മാലാഖമാർ നിന്നെ കാത്തുനിൽക്കും

നരകത്തിലേക്കുള്ള നദി
ഒന്നിച്ച് നീന്തണെമെന്ന്
ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നത്
അപ്പോൾ
നീ മറന്നുപോകും.

3.
അഴുക്ക്
********
തുടച്ചിട്ട തറ
മെഴുക്കറിയാത്ത ചുവരുകള്‍
ചിലന്തികള്‍ പോലും വന്ന്
വല നെയ്യാന്‍ പേടിക്കുന്ന
മിനുത്ത മേല്‍ക്കൂര
നിലം നനയാത്ത കുളിമുറി
ഏതോ ദൂരദേശത്തിന്റെ മണം പൊന്തും
കിടക്കകള്‍ , ഉടുപ്പുകള്‍.
ശസ്ത്രക്രിയാമുറിപോലെ അടുക്കള.
ഇരുത്തിയ മട്ടില്‍ എല്ലാമിരിക്കുന്ന മുറികളില്‍
നിശ്ശബ്ദത..
അരനൊടി തങ്ങിനിന്നാല്‍,
അഴുക്കാവും ഇനി.
നാളെ വെള്ള പൂശാന്‍ വരുന്നവര്‍ പറയും :
"പണ്ടേതോ ജന്തു ചത്ത കറ"!
തൂത്ത് ദൂരെക്കളഞ്ഞേക്കൂ.
മഴ നാളെ പെയ്യും.
പറമ്പിലെ പടുമുളകള്‍ക്ക്
വേരു പൊടിക്കുന്ന മണ്ണറയില്‍ ,
അഴുക്കെല്ലാം അഴകാവുന്നിടത്ത്
ആഴ്ന്നു കിടക്കുമ്പോള്‍
മറന്നേക്കാം
വെടിപ്പിന്റെ ഒരു ജന്മം.
ക്ഷമിച്ചേക്കാം.

4.
ആലപ്പുഴ വെള്ളം 
*****************
ആലപ്പുഴ നാട്ടുകാരി
കരിമണ്ണുനിറക്കാരി
കവിതയിൽ എഴുതുമ്പോൾ
'ജലം' എന്നാണെഴുതുന്നു! 

കവി ആറ്റൂർ ചോദിച്ചു,
"വെള്ളം അല്ലേ നല്ലത്?"

ആലപ്പുഴ നാട്ടുകാരി
മെടഞ്ഞോല മുടിക്കാരി
തൊണ്ടുചീഞ്ഞ മണമുള്ള
ഉപ്പുചേർന്ന രുചിയുള്ള
കടുംചായ നിറമുള്ള
കലശ് വെള്ളത്തിന്റെ മകൾ.

ജലം എന്നാലവൾക്കത്
വയനാട്ടിൽ നിളനാട്ടിൽ
മലനാട്ടിൽ തെക്കൻനാട്ടിൽ
വാഴുന്ന തെളിനീര്
വാനിൽനിന്നുമടർന്നത്‌,
നിലംതൊടും മുൻപുള്ളത്
മണമില്ലാത്തത്‌, മണ്ണി
ന്നാഴങ്ങൾ തരുന്നത്
നിറമില്ലാത്തത്‌, ദൂരം,
ഉയരങ്ങങ്ങൾ, കാണ്മത്
സമതലങ്ങൾ വാടി
ക്കിടന്നുപോകാത്തത്

അതിന്നുണ്ട് ദേവതകൾ
അഴകുള്ള കോവിലുകൾ
നിത്യപൂജ, നൈവേദ്യം
ആണ്ടുതോറും കൊടിയേറ്റം
തുമ്പിയാട്ടും കൊമ്പന്മാർ,
തുളുമ്പുന്ന പുരുഷാരം.
ആലപ്പുഴപ്പൂഴിമണ്ണ്
തിരളുന്നതാണ് വെള്ളം
അത് കറപിടിക്കുന്നു
നനയ്ക്കുന്നു കുളിക്കുന്നു
അത് നൊന്തുകിടക്കുന്നു
എഴുന്നേറ്റു നടക്കുന്നു
ഇണവെള്ളം തീണ്ടാതെ
ഉറങ്ങാതെ കിടക്കുന്നു
അരമുള്ള നാവുള്ള
മെരുക്കമില്ലാത്ത വെള്ളം
തെളിയാൻ കൂട്ടാക്കാത്ത
കലക്കമാണതിന്നുള്ളം

അവനവൻ ദേവത
അകംപുറം ബലിത്തറ
തുഴ, ചക്രം, റാട്ടുകൾ
ചങ്ക് പൊട്ടിപ്പാട്ടുകൾ
മണ്ടപോയ കൊടിമരം
മഞ്ഞോലച്ചെവിയാട്ടം
ചാകരയ്ക്ക് തുറപോലെ
തുള്ളുന്ന മഴക്കാലം
ചൊരിമണൽ പഴുത്തു തീ
തുപ്പുന്ന മരുക്കാലം
കവിഞ്ഞിട്ടും കുറുകിയും
കഴിച്ചിലാകുന്ന വെള്ളം.
പിഞ്ഞാണം, ചരുവങ്ങൾ,
കോരിവെയ്ക്കും കുടങ്ങൾ
തേച്ചാലുമുരച്ചാലും
പോകാത്ത ചെതുമ്പലായ്
പറ്റിച്ചേർന്നിരിക്കുന്നു
വെള്ളത്തിന്റെ വേദന.

കനാലുകൾ, ബോട്ട്ജെട്ടി
കല്ലി,രുമ്പു പാലങ്ങൾ,
കുളം, കായൽ, വിരിപ്പായൽ,
കുളവാഴപ്പൂച്ചിരി,
ചകിരിപ്പൊന്നൊളിയുള്ള
ഇരുമ്പിന്റെ ചുവയുള്ള
വിയർപ്പിന്റെ വെക്കയുള്ള
ആലപ്പുഴ വെള്ളം.
ഇളകിയും മങ്ങിയും
അതിദൂരത്തകലുന്നു
പറവകൾ കാണുന്ന
പടങ്ങളായി മാറുന്നു.

പതിറ്റാണ്ടുകൾ കഴിഞ്ഞു,
തെക്കൻ നീരിലൂരുറച്ചു
എന്നിട്ടുമെഴുതുമ്പോൾ,
ഓർമ്മയിൽപരതുമ്പോൾ
ആലപ്പുഴനിറക്കാരി
ആലപ്പുഴമുടിക്കാരി
ജലമെന്നോ വെള്ളമെന്നോ
തിരിയാതെ തിരിയുന്നൂ
തൊണ്ട ദാഹിക്കുന്നു.
*****************

No comments:

Post a Comment