Sunday, November 8, 2020

കാരുണ്യം ഒരു തെരഞ്ഞെടുപ്പാണ്/ഷാജു.വി.വി



ആ മുയലിറച്ചിക്കടയിൽ ഞാനൊരിക്കൽക്കൂടിപ്പോയിരുന്നു.

കടക്കാരൻ പതുപതുത്ത ഒരെണ്ണത്തിനെ ചെവിയിൽത്തൂക്കിയെടുത്തു:
ഡ്രസ് ചെയ്യട്ടെ?
കടക്കാരൻ കത്തി തിളക്കി .

വേണ്ട, ഞാനതു ചെയ്യും.
ചങ്ങാതീ, വാസ്തവത്തിൽ
അൺഡ്രസ് ചെയ്യുകയല്ലേ സംഭവിക്കുന്നത് ?
ഞാൻ ഭാഷയിൽ കളിച്ചു ചിരിച്ചു.

അവളുടെ കണ്ണുകളിൽ
ഭയവും പ്രണയവും കുഴഞ്ഞുമറിഞ്ഞിരുന്നു.

വീട്ടിലെത്തി ഞാനവൾക്ക്
കാരറ്റ് നേർമയോടരിഞ്ഞ് 
 വായിൽ വച്ചു കൊടുത്തു.

സിങ്കിനു മുകളിൽ
 ചെവി തൂക്കി നിർത്തി.

കുത്തനെ നിർത്തുമ്പോൾ
എല്ലാ മൃഗങ്ങൾക്കും 
മനുഷ്യരുടെ ച്ഛായയാണ് .

അവൾ കളി മട്ടിൽ കൈകൂപ്പി.

ഞാനവളുടെ കഴുത്തിൽ കറിക്കത്തികൊണ്ട് 
ഒരു ചുവപ്പൻ സംഗീതം വായിച്ചു.
അവളൊരു നിമിഷം
വിശ്വാസം വരാതെന്നെ നോക്കി .

സിങ്കിൽക്കിടന്നു പിടച്ചു 
ധ്രുത വാദ്യം വായിച്ചു .
സിങ്കിൽ വളർന്നു വളർന്നു വന്ന
ചെങ്കടലിലവൾ മുങ്ങി.
ഭൂമിയിലെ സർവ്വമുയലുകളുടെയും
രക്തമൊഴുകിയതുപോലെയവൾ
അപ്രത്യക്ഷയായി.

ഐ എസ് പേനാക്കത്തി കൊണ്ട്
കഴുത്തിൽ വയലിൻ വായിക്കുന്നതും
അമേരിക്ക ഇലക്ട്രിക് ചെയറിലിരുത്തി
കാപ്പി കൊടുക്കുന്നതും
ഫലത്തിൽ രണ്ടല്ലെന്ന നിന്റെ
വാചകമോർമ്മ വന്നു.
പ്രക്രീയയിലല്ല, പരിണാമത്തിലാണ്
മരണസാരമിരിക്കുന്നത് .

ആ മുയൽക്കടയിലൊരു നാൾ
നമ്മൾ പോയതോർമ്മയുണ്ടോ?
മുയലുകളെക്കണ്ടതുമെന്റെ
കാരുണ്യത്തിന്റെ ഉറവപൊട്ടി.

നീ ചിരിച്ചു പറഞ്ഞു:
കാരുണ്യം ഒരു തെരഞ്ഞെടുപ്പാണ് .
എലിയോട് തോന്നാത്തത്,
മുയലിനു മുമ്പിൽ അണ പൊട്ടുന്നത് .
(നോക്കൂ, ധൂർത്തനായ ചിത്രകാരൻ
പെരുപ്പിച്ചു വരച്ച എലിയല്ലേ മുയൽ ?)
കുറുക്കനു കിട്ടാത്തത് .
ചരിത്രത്തിലൊരിക്കലും
കൊതുകിനനുവദിക്കാത്തത് .
വെളുത്ത കുഞ്ഞുങ്ങളുടെ മരണത്തിൽ പ്രവഹിക്കുന്നത് .
ആ ആഫ്രിക്കൻ ഫുട്‌ബാൾ താരത്തെ നീ വാഴ്ത്തിയതു പോലും
അതിന്റെ അപരത്തിന്റെ
തീൻമേശയിലിരുന്നു കൊണ്ടായിരുന്നു.
ഞാൻ ലജ്ജിച്ചു.

ബസ്റ്റിലിരിക്കുമ്പോൾ അഹന്തയുടഞ്ഞു വിഷണ്ണനായ
എന്നെ നീ ചേർത്തു പിടിച്ചു:
നിന്റെ ലിബറൽ ഉദാരത
ഒരു മുയലിനെ രക്ഷിച്ചു.
അത്രത്തോളമുണ്ട്,
അത്രേയുള്ളൂ.

ആ ഓർമ്മയിൽ 
ഞാനവളുടെ തൊലിയുരിഞ്ഞു.
ആ ഓർമയിൽ ഞാനവളെ
വെട്ടിത്തുണ്ടമാക്കി.
രാഷ്ട്രീയമായ കശാപ്പ്.
രാഷ്ട്രീയമായ കുശിനിവൃത്തി.

പൊന്നിയരിച്ചോറും
 മുയൽക്കറിയും വിളമ്പി .

പൊടുന്നനെ
 പൊന്നിയരിച്ചോറിൽ നിന്ന് 
ഒരു മുയലുണ്ടായി വന്നു.

അതു പറഞ്ഞു:
മനുഷ്യാ, 
രാഷ്ട്രീയമായി കൊല്ലപ്പെടുന്ന
മൃഗത്തിന്റെ ആത്മാവ് നിന്നോട്
ക്ഷമിക്കില്ല.

വാഷ്ബേസിനിലെത്തും മുമ്പ്
ചർദ്ദിച്ചു .
നിന്നെക്കാണാൻ തോന്നി.
നിന്റെ നെഞ്ചിൽ 
തല വച്ച്കരയണമെന്നു തോന്നി.
ക്ഷമിക്കില്ലേ ക്ഷമിക്കില്ലേ
എന്നു യാചിക്കാൻ തോന്നി.

നിന്നെയാണ് വരട്ടിയെടുത്തു
പാത്രത്തിൽ വിളമ്പിയതെന്ന പോലെ 

അലമുറയോടെ അലച്ചു തിരിച്ചെത്തിയപ്പോൾ
പാത്രത്തിൽ മുയൽ വരട്ടിയതില്ല
സിങ്കിൽ രക്തക്കറയില്ല
വേസ്റ്റ് ബാസ്കറ്റിൽ തൊലിയും
കുടലുമില്ല.
അണച്ചു കൊണ്ട്
 കിടക്കയിൽ ചെന്നു വീണപ്പോ
അവളതാ മയങ്ങുന്നു .

'ബാവൂസേ ' എന്നുനിന്നെ മാത്രം
ഞാൻ വിളിക്കുന്ന പേര് 
വിളിച്ചവളെ
ഉമ്മ വച്ചു.

എന്താവും ഞാനവളെ 
അങ്ങനെ വിളിച്ചത്?

വായനക്കാരാ,
നിങ്ങൾക്കറിയാമോ?

No comments:

Post a Comment