കല്യാണ രാത്രിയിൽ
പലതും പറയുന്ന കൂട്ടത്തിൽ
അവൾ പറഞ്ഞു,
എനിക്കൊരു പ്രണയമുണ്ട്.
പുഴയിൽ വീണ
പൂവിതളുകളിൽ ഒന്നുപോലെ
പല വാക്കുകളുടെ ഒഴുക്കിൽ
ആ വാക്ക് ഒഴുകിയൊഴുകിപോയി,
ഓളങ്ങളുടെ ഗതിക്കു തിരികേയൊഴുകി
അതൊരിക്കലും പിന്നീട്
അവരെ തിരഞ്ഞു വന്നില്ല.
കൂട്ടാൻ അടി കരിഞ്ഞപ്പോൾ
ഒരിക്കൽപോലും
നീ നിന്‍റെ മറ്റവനെയോർത്തു നിന്നു അല്ലേ എന്നോ
ഏതെങ്കിലും വിരുന്നിനു പോകുമ്പോൾ
ഇത്തിരിയധികം നിറമുള്ളതുടുത്തെങ്കിൽ
ഓ, വഴിയിൽ മറ്റവൻ കാത്തുനിൽക്കും അല്ലേ
എന്നോ അയാൾ ചോദിച്ചില്ല.
വൈകിയെത്തിയ അന്ന്
പൂച്ചയെപ്പോലെ
മറ്റൊരു വിയർപ്പിന്‍റെ മണം
വരുന്നോ വരുന്നോ എന്ന്
മൂക്ക് വിറപ്പിച്ചുകൊണ്ട്
മുക്കിലും മൂലയിലും പോയി നിന്നില്ല.
മരണസമയം അവൾക്കാണാദ്യം വന്നത്,
കട്ടിലിൽ തലയണയോരത്തു കുനിഞ്ഞുനിന്ന്
കാതിൽ പതുക്കെ,
മൃദുവായി അയാൾ ചോദിച്ചു:
പറയൂ
ഒരിക്കൽ കൂടെയൊന്നു
കാണാൻ തോന്നുന്നുണ്ടോ ?
വരാൻ പറയണോ ?
അവൾ ലജ്ജ കലർന്ന ഒരു ചിരി ചിരിച്ചു
വേണ്ട, അവൾ മന്ത്രിച്ചു
അദ്ദേഹം ഇപ്പോൾ വരും,
ഞങ്ങൾ ഒന്നിച്ചു പോകും.
No comments:
Post a Comment