ദില്ലിയില്‍ ഒരമ്മയെ-
കണ്ടുഞാന്‍, മടിത്തട്ടില്‍
പൈതലൊന്നിനെ ചേര്‍ത്തു
പിടിച്ചുകൊഞ്ചിക്കുന്നു,
ഉമ്മവെക്കുന്നു 'കൊച്ചു
തങ്കമേ, കുടിച്ചാലു'
മെന്നു കുപ്പിയില്‍ പാലു
നിറച്ചുകൊടുക്കുന്നു.
'എന്റെ കണ്ണനേ, നന്ദലാല
എന്‍ മണിമുത്തേ,
പൊന്‍കിളിക്കുഞ്ഞേ,
പിണങ്ങല്ലേ'യെന്നര്‍ഥിക്കുന്നു,
ചിരിച്ചുകളിച്ചവള്‍
കുട്ടനെ ലാളിക്കുന്നു.
പകച്ചു നില്‍ക്കുന്നൊരെന്‍
കണ്ണുനീരൊലിക്കുന്നു.
അമ്മയമ്പരപ്പോടെ ചോദിപ്പൂ,-
'കരയുന്നോ
എന്നുണ്ണിക്കിടാവിനെ കണ്ടിട്ടോ'
സഹോദരി!
നിന്നുണ്ണിക്കിടാവ്! ഹാ!
തുറുകണ്ണുമായ് മാംസ
പിണ്ഡമെന്നോണം, വയര്‍
പെരുകിക്കൈകാല്‍ തേമ്പി
താടിമീശകള്‍ വളര്‍ന്നാര്‍ത്തു
വായ്പിളര്‍ക്കുമീ-
രൂപത്തെത്താലോലിച്ചു
താലോലിച്ചിരിപ്പോളേ,
നിന്നെ ഞാന്‍ മനംകൊണ്ടു
തൊഴുതുനില്‍ക്കുന്നേര-
മമ്മ ചൊല്ലുന്നു 'വേണ്ട
സങ്കടമെന്നെച്ചൊല്ലി
ഇമ്മട്ടിലല്ലോ വന്നെന്‍
മടിയിലിരിപ്പായെന്‍
കണ്ണനിത്തവണ'. ഞാന്‍
തൊഴുതു കണ്ണീരൊപ്പി
മിണ്ടാതെ നട വിട്ടു പോരവേ,
പിന്നില്‍ കേട്ടേന്‍
കൊഞ്ചലിങ്ങനെ,
'നന്ദലാല, രാരിരാരോ!'
No comments:
Post a Comment