മരണപുസ്തകം വായിച്ചു കൊണ്ടൊരാൾ
പഴയകാലത്തിലേക്കുള്ള വണ്ടിയിൽ
തിരികെയില്ലെന്നു ചൊല്ലിപ്പിരിഞ്ഞു പോയ്..
ഇടറിടും വക്കിടിഞ്ഞു പോം കൊക്കയിൽ
വഴുതി വീണവർ പിന്നിൽ നടക്കയായ്
നിഴലുകൾ നിലം വിട്ട പാദങ്ങളിൽ.
ജലമൊരിറ്റെങ്കിലും സഖേ,കൈയിൽ നീ
കരുതിടുന്നുവോ ഞങ്ങൾക്കു നല്കുവാൻ?
പുറകിൽ വക്കിടിഞ്ഞില്ലാതെയാം സ്വരം.
മരണപുസ്തകം മാത്രം കരങ്ങളിൽ
മുറുകെയുണ്ടെന്നു ചൊല്ലാതെചൊല്ലിയാ-
സമയസഞ്ചാരി പോയി,ദാഹത്തിന്റെ
കടലു തേട്ടുന്ന കാലപ്പകർചയിൽ.
വിജനമായ പച്ചക്കുമേൽ വേഴാമ്പൽ
മലമുഴക്കിപ്പറന്നു തൻ കൂടുള്ള
കവര തേടുന്ന പോലെ;
ഒരിക്കലും തിരികെയില്ലാതെ.
മാഞ്ഞുപോയ് കൊക്കയിൽ
നിഴലുകൾ
ദാഹം
ഓർമ്മതന്നോർമ്മകൾ.
No comments:
Post a Comment