Monday, September 29, 2014

വാമനന്‍ / സാവിത്രി രാജീവന്‍



സ്‌നേഹിക്കുന്ന പുരുഷനോട്‌
ഞാന്‍ പറഞ്ഞു
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പക്ഷെ
ഒരടി ഭൂമിക്കുമേല്‍ വച്ച്
അയാള്‍ ചോദിച്ചു
എന്താണിതിനര്‍ത്ഥം?
നീ
വേശ്യയെപ്പോലെ സംസാരിക്കുന്നതെന്ത്‌
കുടയും മറയുമില്ലാതെ?

സ്നേഹിക്കുന്ന പുരുഷനോട്‌
ഞാന്‍ പറഞ്ഞു
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പക്ഷെ
രണ്ടാം ചുവട്‌ ആകാശത്തേക്കു വച്ച്
അയാള്‍ ചോദിച്ചു
എന്താണിതിനര്‍ത്ഥം?
നീ വേട്ടക്കിറങ്ങിയ
യക്ഷിയെപ്പോലെ സംസാരിക്കുന്നതെന്ത്
മറയും കുടയുമില്ലാതെ?

സ്‌നേഹിക്കുന്ന പുരുഷനോട്‌
ഞാന്‍ പറഞ്ഞു
സ്‌നേഹമാണ്‌ എനിക്കു നിന്നെ
പക്ഷെ
മൂന്നാം ചുവട്‌ എന്‍റെ മൂര്‍ദ്ധാവിലാഴ്ത്തി
അയാള്‍ ചോദിച്ചു കൊണ്ടിരിക്കുന്നു
എന്താണിതിനര്‍ത്ഥം?

അവസാനിക്കാത്ത ആ വിചാരണയ്‌ക്കും
കാല്‍ക്കീഴില്‍ നിന്നും മറഞ്ഞ ഭൂമിക്കും
തലയ്‌ക്കു മുകളില്‍ നിന്നും മാഞ്ഞ ആകാശത്തിനും മീതെ
ഞാന്‍ പറഞ്ഞു
സ്‌നേഹമാണ്‌ നിന്നോടെനിക്ക്
കുടയും മറയുമില്ലാതെ
ഭയകൌടില്യങ്ങളില്ലാതെ.

No comments:

Post a Comment