Thursday, September 25, 2014

തെറിവാക്കുകള്‍ / വീരാന്‍കുട്ടി


അഴകുള്ള പദങ്ങളെ
ചേലില്‍ വിളക്കി
താളത്തില്‍ കവിത കെട്ടുകയായിരുന്നു.

അപ്പോള്‍ എവിടെനിന്നോ ഒരു വാക്ക് കയറിവന്നു.
ചെമ്പന്‍ മുടി പാറിച്ച്
മൂക്കീരൊലിപ്പിച്ച്
ബട്ടണ്‍ തെറ്റിയിട്ട വലിയ ഷര്‍ട്ടിനുള്ളില്‍ വിറയ്ക്കുന്ന
ഒരു നാടോടിയെന്നു തോന്നിച്ചു.

ആരോ ഓടിച്ചുവിട്ട ചീത്തവാക്കാണെന്നു പറഞ്ഞു.
ആരും വീട്ടില്‍ കയറ്റാത്ത,
ഒരെഴുത്തിലും പ്രവേശിപ്പിക്കാത്ത.

ആരും കാണാതെ എടുത്ത് ഓമനിക്കാന്‍ തോന്നി
തെറിച്ച വാക്കേ...
എത്ര കലഹങ്ങളില്‍ നീ ഞങ്ങളില്‍ വന്നു തിളച്ചു
നീ നാവില്‍ വന്നു വിളയാടിയപ്പോള്‍
കൊല്ലാന്‍ കരുതിയ കഠാര
വെറുതെ നഖം മുറിക്കാനുള്ളതായി
ഓങ്ങിയ കൈ കെട്ടിപ്പിടിച്ചു
രഹസ്യങ്ങള്‍ക്കു മറ്റേത് മാതൃഭാഷ?
ആത്മാവിനെ നീ ഉടുപ്പഴിച്ചു കിടത്തി
കാമത്തിനു തീക്കൊടുത്തു.

ആയിരം നാവിനാല്‍ തള്ളിപ്പറയുമ്പോഴും
ഉള്ളില്‍വന്നു വിളയാടണേ എന്നു പ്രാര്‍ഥിച്ചുപോയിട്ടുണ്ട്.

‘‘മതി...മതി...’’ കുതറിയിറങ്ങിക്കൊണ്ടതു പറഞ്ഞു.
‘‘ഇങ്ങനെ പറഞ്ഞു സുഖിപ്പിക്കുന്നതല്ലാതെ
ഇത്ര കാലവും കവിതയില്‍
നിങ്ങളും എനിക്കൊരിടം തന്നില്ലല്ളോ.
അലങ്കാരങ്ങളെക്കൊണ്ട്
നിങ്ങള്‍ പലനിലകളില്‍ പടുത്ത
ഗോപുരങ്ങളെല്ലാം കടലെടുത്തുപോകും
ഒളിവിടങ്ങളില്‍ എന്‍െറ മടകള്‍
അപ്പോഴും ബാക്കിയുണ്ടാകും...’’
എന്ന് ഉച്ചത്തില്‍ മുഴങ്ങി
ഏതോ പ്രാചീനമൃഗത്തിന്‍െറ കാല്‍വെപ്പുകളില്‍
ഭാഷയുടെ കാട്ടിലേക്ക്
അത് ഇറങ്ങിപ്പോകുന്നത്
നോക്കിനിന്നു.

No comments:

Post a Comment