അപമാനിക്കപ്പെട്ട മൃതദേഹം
രാത്രിയില്‍ എന്നോടു പറഞ്ഞു ;
കണ്ടില്ലേ , എന്‍റെ കൈകളില്‍ ചേര്‍ത്തുവച്ചത് ?
അല്ല , ആ തോക്ക് തീര്‍ച്ചയായും എന്‍റെതല്ല .
എനിക്കു വെടിയുണ്ടകളെ അറിയില്ല ,
എന്‍റെമേല്‍ തറഞ്ഞതിനെ ഒഴികെ .
ആ ഡയറിക്കുറിപ്പുകളും എന്റേതല്ല ,
ഹിറ്റ്‌ലിസ്റ്റുകള്‍ വിളക്കിച്ചേര്‍ത്തവ .
കൊല്ലപ്പെട്ടുവെങ്കിലും ഞാനൊരു വിഡ്ഢിയല്ല ,
എങ്കില്‍
എനിക്കും കാണണം ,
ഞങ്ങളുടെ പേര് ഹിറ്റ്‌ലിസ്റ്റില്‍ ചേര്‍ത്ത
എഴുതപ്പെടാത്തതിനാല്‍ അദൃശ്യമായ
ആ നാരകീയ ഡയറി .
*
മരിച്ചുചെന്നപ്പോഴാണറിയുന്നത് ,
ചീഞ്ഞതും അളിഞ്ഞതും ഉണങ്ങിയതും
പൊടിഞ്ഞതുമായ
മുറിവേറ്റ മൃതദേഹങ്ങള്‍ പറഞ്ഞു ,
മരണശേഷം അവരുടെ വിരലുകളില്‍
ഉടക്കിവയ്ക്കപ്പെട്ട തോക്കുകളെക്കുറിച്ച് ,
അതിനുശേഷം ചിത്രങ്ങളെടുത്തു പ്രദര്‍ശിപ്പിച്ച്
അവരെ അപമാനിച്ചതേക്കുറിച്ച് .
കാല്പനികങ്ങളായ ഡയറിക്കുറിപ്പുകള്‍
അവരുടെ പേരില്‍ എഴുതപ്പെട്ടതിനെക്കുറിച്ച്
മൃതദേഹങ്ങള്‍ കളവ് പറയാറില്ല .
ഞങ്ങളാണ് സത്യം ,
ഞങ്ങള്‍ മാത്രമാണ് സത്യം .
പക്ഷേ , മൃതദേഹങ്ങള്‍ക്ക്
എന്തുചെയ്യാന്‍ കഴിയും ?
കഴിയും
പകലുകളില്‍നിന്നു മായ്ച്ചു കളഞ്ഞ്
പത്രത്താളിലും വാര്‍ത്താബോര്‍ഡിലും
അത്താഴപ്പുറമെ അലസമായ
മിനിസ്ക്രീനിലും ചേര്‍ത്ത്
ജീവനറ്റുപോയ കിടപ്പിനെ
പലവട്ടം അപമാനിച്ചാലും
രാത്രി
കളവില്ലാത്ത കണ്ണാടികളില്‍ ഞങ്ങളുടെ ചോര
നിശബ്ദമായി തെളിഞ്ഞുവരും
ഉണര്‍ന്നെണീക്കുന്ന
ഓരോ ചെവിയിലും ചുണ്ടുചേര്‍ത്ത് ,
സൂര്യനുദിക്കും വരെയും അത്
മൃദുവായി ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും ;
'' ഉറങ്ങാതിരിക്കുക ,
പുലരുന്നത്
നിങ്ങളുടെ ഊഴം ''
No comments:
Post a Comment