Saturday, September 27, 2014

ജയദേവ് നയനാർ

 പണ്ടുപണ്ടുപണ്ട്
ഒരപ്പനുണ്ടായിരുന്നു.
ആ അപ്പനു സ്വാഭാവികമായും
ഒരു പണ്ടുപണ്ടുണ്ടായിരുന്നു.
അതിലൊരു പണ്ടിൽ അപ്പൻ രണ്ടാമത്തെ പണ്ടിലേക്ക്
നടന്നുപോകുമ്പോഴാണ് പെട്ടെന്ന്
ഒരു ചില്ല പോലെ ഞാൻ
പൊട്ടിത്തെഴുക്കുന്നത്.
കുറച്ചങ്ങു നടന്നുകഴിഞ്ഞപ്പോഴേക്കും
കൈയും കാലും മുളച്ചിരുന്നു.
കുറച്ചുംകൂടി നടന്നപ്പോഴേക്കും
അപ്പനിൽ നിന്നടർന്നു ഞാനും
സ്വന്തമായി നടക്കാറായിരുന്നു.
അപ്പൻറെ തടിയിൽ നിന്നുപൊട്ടിയതല്ലേ
അപ്പനെപ്പോലെത്തന്നെ ഇലയും
ഇരിക്കേണ്ടതിലേക്കായി
അപ്പനെപ്പോലെ വളരേണ്ടതിലേക്കായി
അപ്പനെപ്പോലെ പൂക്കേണ്ടതിലേക്കായി
പാടുപെടുകയായിരുന്നു.
അപ്പോഴാണപ്പൻ പറയുന്നത്.
അങ്ങനെ ഏതപ്പൻ പറയും.
എടാ, നിന്നെ ഞാനല്ലാതാക്കി
എന്നെപ്പോലെയല്ലാതാക്കും.
നീ ആകാശത്തു നിന്നു മണ്ണിലേക്കു വളരും.
ഏതു തച്ചനും കൊതിക്കും.
അപ്പനപ്പോഴേക്കും രണ്ടാമത്തെ
പണ്ടിലെത്തിക്കഴിഞ്ഞിരുന്നു.
.
അപ്പൻ രണ്ടാമത്തെ പണ്ടിൽ നിന്ന്
പുതിയ കാലത്തേക്ക്
നടന്നുതുടങ്ങിയിട്ടുണ്ടാവും.
പറഞ്ഞതുപോലെ ഞാനാകാശത്തുനിന്ന്
മണ്ണിലേക്കും.
അപ്പന് അഹങ്കാരം തന്നെ.
മണ്ണിലേക്ക് വളരുന്ന കാടിൻറെ
അപ്പനായതിൻറെ.
ഇടയ്ക്കു കാണാം കാടിനിടയിലൂടെ
പച്ച പിളർത്തി നിറം കുടിക്കുന്നത്.

 ------------------------------------
പുഴയെ വൈകീട്ടുണക്കിമടക്കി
എടുത്തുവച്ചതാണ്.
എന്നിട്ടൊരു മീനും
നീന്താതിരുന്നിട്ടില്ല.
ഇരുട്ടിന്റെ ചൂണ്ടയാകട്ടെ
മൂലയിൽ ചാരിവച്ചിരുന്നു.
എന്നിട്ടുമൊരോർമയും
വന്നുകൊത്താതിരുന്നിട്ടില്ല.
ഒന്നുമില്ലെങ്കിൽത്തന്നെയും
എന്തും എന്നുമെന്നപോലെ
തുടരുന്ന കാലം
വന്നുകഴിഞ്ഞിരിക്കാമിനി.

 -------------------------------
മഴയിൽ പേരെഴുതാൻ
ഇരിക്കുന്നുണ്ടൊരാൾ
ആകാശത്തിനും
മേഘങ്ങൾക്കുമിടയിൽ.
കാറിക്കരഞ്ഞേറെ നേരം നിന്ന്
കണ്ണീർ പോലെ പെയ്യുന്നൊരു
മഴയ്ക്ക് നിൻറെ പേരെഴുതും.
കരിക്കൺമഷിക്കറുപ്പത്രയും
പടർന്നിട്ടുണ്ടാവുമപ്പോഴേക്കും.
ഉവ്വ്, മഴയ്ക്ക് പേരിട്ടെഴുതുന്നതുപോലെ
മൃദുലമായ ചുംബനമേതുമില്ല
ആകാശത്തെവിടെയും.


-----------------------------------

നുണകൾ കൊണ്ടുണ്ടാക്കിയ
വീട്ടിൽ രാത്രി വൈകിയെത്തുന്ന
മുൻവാതിലിനെ കാത്തുകാത്ത്
ഉറങ്ങാതിരിക്കുന്നുണ്ടാകും
രാവിലെ മുതൽ തുറന്നുവച്ചിരിക്കുന്ന
ജനാലചില്ലുകൾ.
വരാൻ വൈകുന്തോറും
കാറ്റിലടഞ്ഞുതുറന്ന്
ചില്ലുകളുടഞ്ഞിട്ടുണ്ടാവും.
എല്ലാമുടഞ്ഞാലുമുടയാതെ
ഒന്നുണ്ടാകും അകത്ത്.
ഒരിക്കലും തുറക്കാത്ത ഒന്ന്.

--------------------------------


സ്വന്തം ഓർമ്മകളെ
മുങ്ങിമരിച്ച നിലയിൽ
കാണേണ്ടിവരികയെന്നതാണ്
വെള്ളത്തിൽച്ചാടിച്ചാകുന്ന
ഏതൊരാളുടേയും മരണത്തിലെ
ഏറ്റവും വലിയ ദൗർഭാഗ്യം
എന്നു തുടങ്ങുന്ന ഒരു കവിതയുണ്ട്.
അതു പാടിക്കേൾക്കുന്ന സമയത്ത്
ഞാൻ ജനിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.
ജനിക്കാൻ ഉദ്ദേശിച്ചുതന്നെയുണ്ടായിട്ടില്ല.
പിന്നീടെപ്പോഴോ ഇനി ജനിക്കുന്നില്ല
എന്നാലോചിച്ചുനിൽക്കുമ്പോഴാണ്
ആ കവിയെ ദുരൂഹ നിലയിൽ
കാണാതാകുന്നതും
ആ കവിത പൂർത്തിയാക്കപ്പെട്ടിട്ടില്ല
എന്നു കണ്ടെത്തപ്പെടുന്നതും.
അതൊന്നുമെന്നെ ബാധിക്കുന്ന
കാര്യങ്ങളായിരുന്നില്ല.
അങ്ങനയാണു ഞാൻ പിന്നെ
ജനിക്കാതെ പോകുന്നതും
ആ കവിതയിപ്പോഴും
പൂർത്തിയാകാതെ കിടക്കുന്നതും.


 ജയദേവ് നയനാർ

No comments:

Post a Comment