Monday, September 29, 2014

മേല്‍വിലാസം /സംഗീത നായർ



നമ്മളൊന്നാണ്‌ , ഒന്നാണുനമ്മളെ
ന്നെത്രവട്ടം പറഞ്ഞു നീയെങ്കിലും
കണ്ണിലേക്കിളി പേർത്തും മൊഴിയുന്നു
നമ്മൾ രണ്ടാണു, രണ്ടു നിഴലുകൾ .

ഒറ്റ വേരിലായൂന്നും തരുവിലായ്‌
മുറ്റി നിൽക്കുമിരു ശിഖരങ്ങൾ പോൽ
ചേർന്നലിയുവാനായുന്നുവെങ്കിലും
രണ്ടു മേൽ വിലാസത്തിനുടമകൾ

നമ്മൾ രണ്ടു പേർ, കേവലസ്നേഹത്തിൻ
നെഞ്ഞിടിപ്പിനാൽ ബന്ധിതരായവർ
നമ്മൾ രണ്ടു വിഭിന്ന ലോകങ്ങളിൽ
തന്റെ ജീവിത നാടകമാടുവോർ

ഉച്ചിയിലഗ്നി കത്തിയെരിയുമ്പോൾ
ഒറ്റ വേവിനാൽ തമ്മിലറിഞ്ഞവർ
എത്രയാഴികള്‍ നീന്തിത്തളര്‍ന്നവര്‍
എത്ര മോഹങ്ങള്‍ തര്‍പ്പണം ചെയ്തവര്‍

നിദ്രയെന്തെന്നറിയാതെ വേർപ്പിനാൽ
ശുഷ്ക ജീവിതം കെട്ടിപ്പടുത്തവർ
ഇഷ്ടമെന്നു പറയാതെ തമ്മിലാ
യിഷ്ടമാണെന്നറിഞ്ഞു കൊതിച്ചവർ

ശിഷ്ടജന്മമാം നഞ്ഞ്‌ വീഞ്ഞെന്ന പോൽ
ഒറ്റ ഗ്ലാസ്സിൽ നാം പങ്കിടുമെങ്കിലും
രണ്ടടുപ്പിലെരിയുകയാണു പോൽ
രണ്ടു പേർക്കും പ്രിയമുള്ള ഭോജനം

നീയെനിയ്ക്കായെഴുതും ഗസലുകൾ
മേഘസന്ദേശമായ്‌ വരുമെങ്കിലും
നിന്റെ പാട്ടിൽ ചിറകു വിടർത്തുന്ന
തെന്റെ മോഹമയൂരമാണെങ്കിലും

ഇന്നു ഞാനെഴുതുന്ന കവിതകൾ
നിന്നെത്തേടി വരാതിരിയ്ക്കാനായി
നൂറു കഷ്ണമായ്‌ കീറിപ്പറത്തട്ടെ
മേൽവിലാസമെഴുതിയ തുണ്ടുകൾ .

No comments:

Post a Comment