Thursday, September 18, 2014

മേഘരൂപന്‍ / ആറ്റൂര്‍ രവിവര്‍മ്മ



സഹ്യനേക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ദ്രത
ഇണങ്ങി നിന്നില്‍ ; സല്‍പ്പുത്ര
ന്മാരില്‍ പൈതൃകമങ്ങനെ!

നിനക്കെഴുതുവാന്‍ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം
നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം.

നിനക്കു മഞ്ഞുകുപ്പായം
തുന്നുന്നു തിരുവാതിര
പടിക്കല്‍ വന്നു കൂകുന്നു
പട്ടണിപ്പൊന്നുഷസ്സുകള്‍ .

ഇടുങ്ങിയ, നിരപ്പായ,
തേഞ്ഞപാതകള്‍ വിട്ടു നീ
ഉന്നതങ്ങളില്‍ മേഘങ്ങ
ളൊത്തുമേയുന്ന വേളയില്‍

പൊന്‍ കോലം കേറ്റുവാന്‍ കുമ്പി
ട്ടീലല്ലോ നിന്റെ മസ്തകം
ഇരുമ്പുകൂച്ചാല്‍ ബന്ധിക്ക
പ്പെട്ടീലല്ലോ പദങ്ങളും.

ഉന്നം തെറ്റാത്ത തോക്കിന്നു
മായീലാ നിന്നെ വീഴ്ത്തുവാന്‍
കേമന്മാരോമനിച്ചാലും
ചെവി വട്ടംപിടിച്ചു നീ

നീയിന്നാ മേഘരൂപന്റെ
ഗോത്രത്തില്‍ ബാക്കിയായവന്‍ ,
ഏതോ വളകിലുക്കം കേ
ട്ടലയും ഭ്രഷ്ടകാമുകന്‍

അണുധൂളിപ്രസാരത്തി
ന്നവിശുദ്ധദിനങ്ങളില്‍
മുങ്ങിക്കിടന്നു നീ പൂര്‍വ
പുണ്യത്തിന്റെ കയങ്ങളില്‍

നീ കൃഷ്ണശിലതന്‍ താളം!
വിണ്ണിലോലുന്ന നീലിമ!
ആഴിതന്‍ നിത്യമാം തേങ്ങല്‍ !
പൗര്‍ണമിക്കുളള പൂര്‍ണ്ണത!

അന്ധര്‍ നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം.

No comments:

Post a Comment