Saturday, September 27, 2014

എല്ലാം ഞാന്‍ തന്നെ പറയണമെന്നില്ല / വീരാന്‍ കുട്ടി



എല്ലാം ഞാന്‍ തന്നെ പറയണമെന്നു 
ശഠിക്കരുതേ.

ഏകാന്തതയെക്കുറിച്ചു പറയാന്‍ ,
പിറന്ന നാള്‍ മുതല്‍ 
ഒരേ നില്പു നില്‍ക്കുന്ന 
ആ പര്‍വതം തന്നെ ധാരാളം മതി .

കാടിനെ 
പൊട്ടിച്ചിരികളോടെ വര്‍ണിക്കാന്‍ 
അതിന്‍റെ അരുവിയെത്തന്നെ ചുമതലപ്പെടുത്തൂ.

സ്വപ്‌നങ്ങള്‍ നെയ്യുന്നതിനെപ്പറ്റി 
ഈ എട്ടുകാലിക്കു
പറയാനുള്ളതില്‍ കവിഞ്ഞൊന്നും 
എനിക്കറിയില്ല .

വിശപ്പിനെപ്പറ്റിയാണെങ്കില്‍ 
മെലിഞ്ഞ രൂപങ്ങള്‍ കൊണ്ട് 
ഒരു ചിത്രപരമ്പര തന്നെ എഴുതും 
ഈ തെരുവിലെ നിഴലുകള്‍ .

മരിച്ചുകിടക്കുന്ന ഒരാള്‍ക്ക്‌ 
മറ്റാരേക്കാളും 
നിശ്ശബ്ദതയെക്കുറിച്ച് നിങ്ങളോട് ചിലത്
പറയാനുള്ള അര്‍ഹതയുണ്ട് ;
ദൈവത്തെക്കുറിച്ചും.

പറയുന്നതെന്തെന്നുവെച്ചാല്‍ 
ഇത്ര കാലവും ഒച്ചവെച്ചുകൊണ്ടിരിക്കുന്നവരോട്
ഒന്നു മിണ്ടാതിരിക്കൂ എന്നു പറയാന്‍ 
ഒരു ധൈര്യശാലി മുന്നോട്ടു വരേണ്ടിയിരിക്കുന്നു.
നിങ്ങളില്‍ നിന്നു ഒരാളാവുമെങ്കില്‍ നല്ലത്.

No comments:

Post a Comment