Monday, February 21, 2022

കൈകേയി/കല്പറ്റ നാരായണൻ

രാജാവേ,
രാജപത്നിമാരിൽ
രാജമാതാവാകാൻ
എന്നോളം അർഹയായിരുന്നോ
അവരിരുവരും?
നമ്മുടെ സമാഗമങ്ങൾക്ക്
ഏതെങ്കിലുമൊരദൃശ്യശക്തി 
സാക്ഷ്യം വഹിച്ചിരുന്നെങ്കിൽ
അവൾ പൊട്ടിച്ചിരിച്ചിട്ടുണ്ടാവില്ലേ
കൗസല്യയുടേയോ സുമിത്രയുടേയോ
കഥയറിയാത്ത പ്രജകളുടെയോ കരച്ചിലിൽ.

അങ്ങ് എന്റെ കാതിൽ പറഞ്ഞില്ലേ,
നീയെന്റെ മടിയിലിരിക്കുമ്പോൾ
യയാതിയെ എനിക്ക് മനസ്സിലാകുന്നുവെന്ന്
എന്നെന്നും നിനക്കർഹനായിത്തീരാൻ
യൗവ്വനത്തിനായി ആരുടെ മുന്നിൽ
പിച്ചതെണ്ടാനും എനിക്ക് മടിയില്ല എന്ന്. 

രാത്രികൾക്ക് കൂടുതലറിയാം,
എന്റെ ജീവിതത്തിൽ ഒരേ ഒരു സ്ത്രീയേയുള്ളൂ അത് നീയാണ് എന്ന്
അങ്ങയുടെ ശരീരം
എന്നോടുരിയാടാറുള്ളതല്ലേ നിരന്തരം?
ശരീരം നുണ പറയില്ല രാജാവേ
അതെന്നോട് പറഞ്ഞു;
ആർക്കൊപ്പം രമിക്കുമ്പോഴും
ഞാൻ നിനക്കൊപ്പം രമിക്കുന്നു.
ആളിക്കത്തുമ്പോൾ
എല്ലാ ദീപവും നീ.

ദേവാസുരയുദ്ധത്തിൽ
ദശരഥന്റെ രഥചക്രത്തിൽ  നി-
ന്നച്ചാണിയൂർന്നു പോയപ്പോൾ
വേദനയെഗ്ഗണിയാതെ
സ്വന്തം വിരൽ ആണിയാക്കി  യുദ്ധം ജയിപ്പിച്ച
കൈകേയിയുടെ കഥ
ഒറ്റത്തവണത്തെ കഥയായിരുന്നില്ല.
എന്റെ ദർശനമാത്രയിൽ അങ്ങയിൽ
പ്രവഹിക്കാറുള്ള പ്രാണശക്തിയുടെ
ഉപമയുമായിരുന്നു അത്.
ജയിച്ചപ്പോഴൊക്കെ ഞാനാണ്
അങ്ങയെ ജയിപ്പിച്ചത്.
ഉത്തേജിപ്പിക്കുന്ന ഊർജ്ജത്തിന്റെ
ഉറവിടമായിരിക്കുക എന്തൊരാനന്ദമാണെന്ന്
ഞാനുമറിഞ്ഞു.
പഴുത്തിലകളായി അടർന്നു വീഴുന്നതേക്കാൾ 
മോഹനം
നിത്യയൗവനമായി തളിരിടുന്നത്

ധർമ്മാർത്ഥ കാമമോക്ഷങ്ങളിൽ
കാമം തന്നെ ശക്തം
ശ്രേഷ്ടവും.
ആവശ്യപ്പെട്ടിരുന്നെങ്കിൽ
അധീനത്തിലുള്ള സകലതും
എന്റെ കാൽക്കലർപ്പിച്ച് 
കുമ്പിട്ട് നിൽക്കുമായിരുന്ന
സന്ദർഭങ്ങൾ നിരവധിയുണ്ട്
അങ്ങയുടെ ജീവിതത്തിൽ.
എന്റെ മുഖത്ത് നോക്കി
എന്നെ നിരാകരിക്കാൻ
അങ്ങേക്കാവില്ല.
എന്നോടിരക്കാനല്ലാതെ
കൽപ്പിക്കാനങ്ങേക്കാവില്ല.
അങ്ങേക്കറിയാം ഞാനായിരുന്നു
ഞാൻ മാത്രമായിരുന്നു രാജ്ഞി.
ഒടുവിൽ പൗരസമക്ഷം
അതങ്ങേക്ക് സമ്മതിക്കേണ്ടി വന്നു
സത്യത്തിന് അങ്ങ്  വഴങ്ങി.
എന്റെ സർപ്പത്തിന് ദംശിക്കാൻ
കാലു നീട്ടിത്തരികയല്ലാതെ
അങ്ങേക്ക് വഴിയുണ്ടായിരുന്നില്ല

മന്ഥര എന്റെ കണ്ണു തുറപ്പിക്കും വരെ
ഞാനൊരിരുട്ടിലായിരുന്നു.
ഇതുവരെ രാജ്ഞിയായിരുന്നവൾ
ദാസിയാവുന്ന പ്രഭാതമാണ് വരുന്നതെന്ന്
അവൾ കാട്ടിത്തന്നു.
മട്ടുപ്പാവിന്റെ മുകളിൽ നിന്ന്
അപ്പരിണാമത്തിന്റെ വരവ് കണ്ട്
എന്റെ പ്രാണസഖി ക്രുദ്ധയായി. 

എനിക്കറിയാമായിരുന്നു
ആരും എന്നെ പിന്തുണക്കില്ല
അധർമ്മികളും പരർ കാൺകെ
ധർമ്മത്തേയേ പിന്തുണക്കൂ
ധർമ്മസംസ്ഥാപനത്തിനായി
സത്യലംഘനത്തിനായി പോലും
ആളുകൾ മുറവിളി കൂട്ടും.
ഞാനാർക്കുവേണ്ടി ഇതെല്ലാം ചെയ്തുവോ
ആ മകനും എന്നെ ഉൾക്കൊള്ളില്ല
ആരുമൊരിക്കലും 
ഉൾക്കൊള്ളാനിടയില്ലാത്തവളുടെ ഏകാന്തത
രാമായണമുള്ളിടത്തോളം
ഞാൻ തനിച്ചനുഭവിക്കും. 

ഞാൻ ആവശ്യപ്പെട്ടതല്ല,
രാവണന്റെ വരവോ
സീതാപഹരണമോ?
പക്ഷെ ഞാനനുഭവിച്ച ഏകാന്തതക്ക്
ശിംശപാവൃക്ഷച്ചുവട്ടിൽ
ഭീതിദമായ ഏകാന്തവാസമനുഭവിച്ച സീതയിലോ
ഗതി തെറ്റിക്കുന്ന
മഹാവനങ്ങളിൽ അവളെ അന്വേഷിച്ചലഞ്ഞ
രാമനിലോ
വേരുണ്ടാവാതെ വരില്ല 

എനിക്കറിയാം
ഞാനെത്ര മധുരിച്ചിരുന്നു എന്ന്
ഇന്ന് ഞാൻ കയ്ക്കുന്നു
സകലർക്കും.
കയ്പ് വലിയ
ഒരേകാന്തതയാണ്.