Wednesday, April 20, 2022

(കവിത)/ലിഖിത ദാസ്


ഞാൻ മരിച്ചെന്നറിയുന്ന
ആ മഴദിവസം തീർച്ചയായും അയാൾ കാണാൻ വരും.
നിലവിളികൾക്കും അലറിപ്പറച്ചിലുകൾക്കും ഇടയിലൂടെ 
തണുത്തൊരു മനുഷ്യൻ 
ധൃതിപിടിക്കാതെ നടന്നുവരും.

കരച്ചിലുകൾക്ക് നടുവിലേയ്ക്ക് 
അയാളുടെ കണ്ണോടും.
എന്റെ ഒരേയൊരു മകനെ 
അയാൾ കണ്ണുകൾ കൊണ്ട് 
കെട്ടിപ്പിടിയ്ക്കും.
മൂർദ്ധാവിൽ ഉമ്മ വയ്ക്കും.
എന്റെ പുരുഷന്റെ തോളത്ത് 
ഹൃദയം കൊണ്ട് തട്ടും.
ചുവന്ന കണ്ണുള്ള 
ആ മനുഷ്യന്റെ എല്ലാ മുറിവുകളെയും 
അറിയുന്നവനെന്ന് 
അയാളൊന്ന് ചിരിച്ചെന്നു വരുത്തും.

ഒടുവിൽ ഞാനില്ലാത്ത 
ഒരു ദിവസമുണ്ടായിരിക്കുന്നുവെന്ന്.
ഇനിയുമനേക ദിവസം വരാനിരിക്കുന്നുവെന്ന് 
വിശ്വസിക്കാതെ, 
അനുസരണയില്ലാത്തൊരു കുട്ടിയുടെ 
മുഖത്തോടെ അയാൾ 
എനിയ്ക്കു മുന്നിലിരിക്കും. 

പിണങ്ങുമ്പോഴൊക്കേം 
തൂങ്ങിച്ചാവുമെന്ന് പേടിപ്പിക്കുന്ന 
ഒരുവളുടെ മുഖത്തേയ്ക്ക്
"എഴുന്നേറ്റ് വാടോ.." എന്ന് 
ശബ്ദമില്ലാതെ പരിഭവിക്കും.
ഒരു കവിതയിലേയ്ക്കു പോലും പരിഭാഷപ്പെടാത്ത 
നമ്മുടെ പ്രണയത്തെയോർത്ത് 
എന്നോട് നന്ദിയുള്ളവനാകും.
രണ്ടുപേർ കൈകാര്യം ചെയ്യുന്ന 
രഹസ്യത്തിന് 
ഒരവകാശി മാത്രം ബാക്കിയായെന്ന്
എന്റെ തണുത്ത ചുണ്ടിനെ 
ആത്മാവുകൊണ്ട് ചുംബിക്കും.

നനഞ്ഞയുമ്മകളെ രഹസ്യമായൊളിപ്പിക്കാൻ പറ്റിയ 
ഏറ്റവും നല്ല സങ്കേതമെന്ന് 
കുറേയധികം സമയമെടുത്ത്  കണ്ടുപിടിച്ച 
എന്റെ തണുവുള്ള പൊട്ടിന്റെ 
തണലിലേയ്ക്ക് 
അയാളുടെ ചൂടുപിടിച്ച ഹൃദയം 
പിടഞ്ഞു കേറും.
കഴിഞ്ഞയാഴ്ചയും ചുവന്ന പൊട്ട് മാറ്റി 
അമർത്തിച്ചുംബിച്ചതിന്റെ അടയാളം 
മാഞ്ഞു കാണില്ലേയെന്ന്,
ചാവുകുളിയ്ക്കിടയിൽ ആരെങ്കിലുമത്
നിശ്ചയമായും കണ്ടെത്തുമെന്ന് അയാളോർക്കും.

"എന്റെയാണെന്ന്..
ഞാൻ നോക്കിക്കോളാമെന്ന്.." കൈക്കുമ്പിളിൽ മുഖം കോരിവച്ച് 
ഒരു കുഞ്ഞിനെപ്പോലെ 
ഞാനയാളെ ഓമനിച്ചതോർക്കും.
എന്റെ തൊലിയടരുകളിലെ
നീലരേഖകളെ 
സ്നേഹവേരുകളെന്ന് 
തൊട്ടുനോക്കിയതോർക്കും.
ഒരു നിമിഷം കൊണ്ട് അയാളൊരു 
സ്നേഹകാലത്തെയാകെ 
മുക്കിക്കുടിക്കും.
എന്നിട്ടും ശമിക്കാതെ, 
വിരലിലൊന്ന് തൊട്ടെന്ന് വരുത്തി 
അയാളിറങ്ങിപ്പോവും - 
ഒട്ടും ധൃതിപ്പെടാതെ.

അയാളുടെ പതിഞ്ഞ 
നടത്തത്തിലേയ്ക്ക് കണ്ണുനീട്ടി 
എന്റെ ഒരേയൊരാൺകുഞ്ഞിന്റെ അച്ഛൻ അവസാനത്തെ മനുഷ്യനും വന്നുപോയെന്ന്..
ഇനിയാരും വരാനില്ലെന്ന് ഇടറും.
എന്റെ ചത്ത വിരലുകളിൽ അമർത്തി
ചെവിയിൽ "നീ കണ്ടുവോ.." യെന്ന് അമർത്തിയുമ്മവയ്ക്കും.
മരിപ്പിലും എനിയ്ക്കാ 
രണ്ടുമനുഷ്യരോടും സ്നേഹച്ചുന പൊട്ടും.
കരച്ചിലുവരും..
മഴ തോരും...