Monday, December 12, 2022

(കവിത)/ജിസ ജോസ്

അവൾ
മരിച്ചതിനു ശേഷം
ഏറെയൊന്നും
ദിവസങ്ങൾ കഴിയും മുൻപ്
അവളുടെ
ആധാർ കാർഡോ
മറ്റേതെങ്കിലും 
അത്യാവശ്യരേഖകളോ
തിരയുന്നതിനിടയിൽ
പണ്ടത്തേതു പോലെ
നിങ്ങൾ പല്ലിറുമ്മുകയും
ഒരു സാധനവും
വെച്ചാൽ വെച്ചിടത്തു
കാണില്ലെന്നു 
 പിറുപിറുക്കുകയും ചെയ്യും
വെച്ചത്
അവളാണെന്നും
വെച്ചിടം എവിടെയാണെന്നു
നിങ്ങൾക്കറിയില്ലെന്നും
മറന്നു പോവും.

അരിശവും മടുപ്പും 
സഹിക്കാനാവാതെ
നിങ്ങളവളുടെ 
അലമാരയിലുള്ളതെല്ലാം 
വലിച്ചുവാരി നിലത്തിടുന്നു.
അലക്കിത്തേച്ചു മടക്കിയ
സാരികളുടെ ഗോപുരം
ഇടിഞ്ഞുലഞ്ഞു
നിലത്തു വീഴും.
മേലെ മേലെ അടുക്കിയ
ബ്ലൗസുകളുടെ
കുത്തബ്മിനാർ
നിർദ്ദയം നിങ്ങൾ തകർക്കും. 
വീട്ടുടുപ്പുകൾ ,ഷാളുകൾ
ബാഗുകൾ ,
പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച
കണ്ണാടിച്ചെരിപ്പുകൾ ...
ഉള്ളറയിലെ
കടലാസുഫയലുകൾ,
ആൽബങ്ങൾ ....
തുണികൾക്കെല്ലാമടിയിൽ
 കടലാസുപൊതിയിൽ
 ഭദ്രമായി
സൂക്ഷിച്ച കല്യാണസാരി...
അങ്ങനങ്ങനെ
അവളുടെ 
അലമാരയിലുള്ളതെല്ലാം 
നിലത്തു ചിതറും .
കടൽ പോലെ പരന്ന
വസ്തുവകകൾക്കിടയിൽ
നിങ്ങൾ തിരയുന്ന കടലാസു
മാത്രം ഒളിച്ചിരിക്കും.

ശാപവാക്കുകളോടെ 
നിങ്ങളോരോന്നും
തിരിച്ചും മറിച്ചും കുടഞ്ഞും
പരിശോധിക്കുന്നു. 
എന്തുമാത്രം 
സാരികളെന്നും
ഇതൊക്കെ വാങ്ങിപ്പാഴാക്കിയത്
എത്രമാത്രം കാശെന്നും
ഉള്ളു കാളുന്നതിനിടയിൽ
സാരി മടക്കുകൾക്കിടയിൽ നിന്ന്
നിങ്ങൾക്കൊരു ജോടി
സ്വർണപാദസരം കിട്ടിയേക്കും!
ആരുമറിയാതെ 
അവൾ വാങ്ങിയത് ,
ആരുമില്ലാത്തപ്പോൾ മാത്രം
അവളണിഞ്ഞിരുന്നത് ...
കൈയ്യിലെടുക്കുമ്പോൾ
ദുർബലമായ ഒച്ചയിലതിൻ്റെ
മണികളൊന്നു കിലുങ്ങും ..
പവിഴക്കമ്മൽ ,
മരതകം കെട്ടിയ വള,
കുഞ്ഞിക്കല്ലുകൾ പതിപ്പിച്ച 
മോതിരങ്ങൾ...
സാരിമടക്കുകൾ അവളുടെ
രഹസ്യ സൂക്ഷിപ്പുകളൊക്കെ
നിങ്ങൾക്കു മുന്നിൽ 
കുടഞ്ഞിടും..
പാസ് വേഡു പിന്നിലെഴുതി വെച്ച
എ ടി എം കാർഡ് ,
രഹസ്യമായടച്ചിരുന്ന
മാസച്ചിട്ടിയുടെ രശീതി...
നിങ്ങളറിയാത്ത
അവളുടെ ലോകം
അനാവൃതമാകുമ്പോൾ
നിങ്ങൾ ചൂളും..

വീട്ടുടുപ്പുകളുടെ അറയിൽ
നെറ്റുകൊണ്ടുള്ള
കൈയ്യില്ലാക്കുപ്പായം,
പൂക്കൾ തുന്നിപ്പിടിപ്പിച്ച
ചെഞ്ചുവപ്പ് 
അടിയുടുപ്പുകൾ ..
ഇതൊക്കെ 
അവളെപ്പോഴായിരിക്കും
 അണിഞ്ഞത്! 
നിങ്ങളിൽ അസൂയ പുകയുന്നു ..
കടലാസുഫയലുകൾക്കിടയിൽ 
അവളൊളിപ്പിച്ചിരുന്ന
കത്തുകളിൽ
നിങ്ങൾക്കു പ്രണയം മണക്കും ..
അല്ലെങ്കിലിത്ര കാലം
ഇതവൾ സൂക്ഷിക്കേണ്ടതില്ലല്ലോ ..

അവളുടെ ലോകമെത്ര
അപരിചിതമായിരുന്നു
വെന്നോർക്കുമ്പോൾ
കൂടുതൽ തിരയാൻ
നിങ്ങൾക്കു ഭയമാവും..