മാരിക്കൊളുന്തുമായ്
ചാരത്തു നിൽക്കയാ-
ണാടിത്തിരുവിഴക്കാലം
തോവാളയിൽ പണ്ടു
നമ്മൾ പൂക്കാരായി
ജീവിച്ചൊരാനന്ദലോകം
കുറ്റിമുല്ലയ്ക്കു തടം തുറന്നും
പനവട്ടിയിൽ പൂ നുള്ളി വെച്ചും
ലക്കുകെട്ടോടുന്ന
ചില്ല കോതിക്കൊണ്ടു
നിർത്താതെയെന്തോ പറഞ്ഞും
ഒപ്പം നടന്നപ്പൊഴെപ്പൊഴോ
നിൻ കയ്യിലെന്റെ കൈ
വേരുപിടിച്ചു
കൊച്ചുമുല്ലത്തൈ
പടർന്നു കൈരേഖയിൽ
നിത്യം വിരൽത്തുമ്പു പൂത്തു
അപ്പോഴിറുത്തീറ-
നിറ്റുന്ന മൊട്ടുകൾ
സ്വപ്നത്തിലെപ്പോലടുക്കി
ചിത്തിയും തങ്കയും
താമരപ്പൂമാല കെട്ടും
വരാന്തത്തണുപ്പിൽ
ഒപ്പമിരിക്കെ
പുറത്തു നീ ചെല്ലമേ
നിൽപ്പതായ് തോന്നി
ഞാൻ വന്നു.
ഓറഞ്ചുറോസയ്ക്കിടയ്ക്കു
മുള്ളും കൊണ്ടു
പേടിച്ചൊരുമ്മ വിടർന്നു.
ബന്തിച്ചെടി പൂത്തുലഞ്ഞ പോൽ
പുന്നകൈ
എൻ കവിൾ നീ തൊട്ടനേരം
കണ്ണിയിൽ നിന്നൂർന്നു
വീണ കൊയ്യാപ്പഴം
നിന്റെ ചുണ്ടിൻ രുചിഭേദം
കെട്ടിപ്പുണർന്നു
വാടാമലരല്ലി തൻ
മെത്തയിൽ നാം ചെന്നു വീഴ്കെ
വെള്ളയരളിക്കുലകൾ
പിടിച്ചുചായ്ച്ചന്നിരുൾ
നാണം മറച്ചു
മഞ്ഞൾനീരാട്ടു നനഞ്ഞു
പൊങ്കൽ വെന്തു
പങ്കുനിമാസം കഴിഞ്ഞു
മുത്തുമാരിക്കു നാം
നാരങ്ങമാലയും
പട്ടും വിളക്കും കൊടുത്തു
നിർത്താതടമഴ പെയ്തു
മുടിപ്പിന്നൽ
കെട്ടഴിഞ്ഞാകെയുതിർന്നു
ഒറ്റ മഴക്കോടി ചുറ്റി
നാം ജീവന്റെയുത്സവം
തമ്മിൽ തിരഞ്ഞു
വാസനപ്പുൽക്കാടു മൂടുന്ന
നീർച്ചാലിലോർക്കാതെ
കാൽ നനയ്ക്കുമ്പോൾ
കാട്ടുമുള്ളിൻ കൊത്തുകൊണ്ടു
ഞാൻ,അന്നു നീ
നോക്കിനിൽക്കുമ്പോൾ മരിച്ചു
വെള്ളത്തിനുള്ളിലെ
കണ്ണുപോലങ്ങിങ്ങു
മങ്ങിത്തുറന്ന മുജ്ജന്മം
ഇന്നു ബോധത്തിൽ
തെളിഞ്ഞു നീയായി
ഞാൻ പിന്നെയും
പൂക്കാരിയായി
മാരിയമ്മൻ വലംകയ്യിനാൽ
നീർമ്മുത്തു വാരിക്കുടഞ്ഞ
ചെമ്മണ്ണിൽ
നീയൊത്തു വീണ്ടും
മുളയ്ക്കുവാൻ
ദാഹമായ്
ഊര്‌ക്ക് പോകലാം കണ്ണേ..