Friday, April 5, 2024

പടിഞ്ഞാട്ടെക്കുളം/നിഷ നാരായണൻ


പടിഞ്ഞാട്ടെക്കുളംവെള്ളം  
പതിവില്ലാതൊരു രാത്രി,
തുടിച്ചാടിക്കുളിക്കുന്ന
സുഭഗശബ്ദം.

നിലംമുട്ടും മുടിമാടി-
യരമുണ്ടുനനച്ചൊട്ടി-
ച്ചിടംകാലിന്‍മടമ്പുര-
ച്ചുരച്ചുതേച്ചും,

കുളിവെള്ളംകയറുമ്പോ-
ളിളകിടുമിരുമൊട്ടൊ-
ട്ടുലയാതെ മുലക്കച്ച
മുറുക്കിവെച്ചും,

പടിഞ്ഞാട്ടെക്കുളം നീല-
നിലാവിന്റെ പടിക്കെട്ടി-
ലിരുന്നവള്‍ പുറംതേയ്ക്കെ,
'പുറകിലാരോ'!

ഇരുട്ടാണ് !

ഇരുട്ടവന്‍ കുളപ്പെണ്ണിന്‍ 
മദിപ്പിക്കും തുടക്കാമ്പില്‍
ഉണര്‍ച്ചയാംകൊടിക്കൂറ-
യെടുത്തുകുത്തി.

ഇരുട്ടവന്‍ ദുരക്കൈയ്യാ-
ലഴിക്കയാണിരുകൊങ്ക-
യൊരുമുല,തുറുകണ്ണായ്
പുറത്തുചാടി!

മുലയല്ല,തുറന്നവായ്!
കൊരുത്തപല്ലിളകും നാ-
വുതിര്‍ക്കുന്നു ചുടുചോര-
യിരുട്ടിന്‍തല;
കടിച്ചെടുത്തിരുചുണ്ടു-
മടച്ചു 'ഖ്ടും'സ്വരത്തോടെ,
വലംകാലാലുടല്‍ ദൂരെ
 കടലില്‍ തട്ടി,
പടിഞ്ഞാട്ടെക്കുളം പെണ്ണിന്‍ മുടിമാടിയിടംപല്ലാല്‍ 
തളര്‍ച്ചയാം പുരുഷത്വം 
ചവച്ചുതുപ്പി.

അലര്‍ച്ചയോടിരുചിറി 
തുടച്ചുപല്ലിടയിലെ-
യിറച്ചി കൈനഖംകുത്തി-
യിളക്കിത്തോണ്ടി,

അലസയായ്, വിളറിയ 
നിലാവിന്റെ മടിത്തട്ടില്‍,
പടിഞ്ഞാട്ടെക്കുളമെന്നി-
ട്ടുറങ്ങാന്‍ പോയി.


Tuesday, March 12, 2024

ഉയരാത്ത മുഖങ്ങളുടെ ഇൻസ്റ്റലേഷൻ /വിഷ്ണു പ്രസാദ്

നാട്ടിലേക്കുള്ള വണ്ടിയിൽ 
ഇരുന്നിരുന്ന് ഉറങ്ങിപ്പോയി 
ഉണരുമ്പോൾ പുറത്തു മഴ 
കാണാൻ ജനൽമറ പൊക്കി 
വലിയ ഹോഡിങ്സിൽ 
കറുത്ത മെലിഞ്ഞ ഒരു മനുഷ്യൻ കുനിഞ്ഞിരിക്കുന്നു 
വശത്തായി വലിയ അക്ഷരങ്ങളിലെഴുതിയിരിക്കുന്നു:
ഞാൻ നിങ്ങളുടെ ആരുമല്ല 
അയാളുടെ കണ്ണീർ പോലെ മഴ 
അകം ചിതറിപ്പോയി 

വണ്ടി നീങ്ങിയിട്ടും ആ വാക്കുകൾ വിട്ടില്ല പാതയോരത്തെ എല്ലാ ബോർഡുകളിലേക്കും 
ഞാൻ സൂക്ഷിച്ചു നോക്കി 
വീട്ടിലെ ഊണ് നാടൻ ഭക്ഷണം 
എന്ന ബോർഡ് ഇപ്പോൾ അങ്ങനെയല്ല പോകെപ്പോകെ മഴശമിച്ച വീടുകളുടെ മുന്നിൽ അങ്ങിങ്ങ്
ഓരോരോ മനുഷ്യർ ആ പ്ലക്കാർഡുമായി മുഖം കുനിച്ചു നിൽക്കുന്നു 
ഞാൻ നിങ്ങളുടെ ആരുമല്ല 

ഒരു വീടിനുമുന്നിൽ ഒരു വൃദ്ധൻ 
മറ്റൊരു വീടിനുമുന്നിൽ ഒരു യുവതി
മറ്റൊരു വീടിനുമുന്നിൽ ഒരു ബാലൻ എല്ലാവരും അതേ പ്ലക്കാർഡുമായി 
മുഖം കുനിച്ചു നിൽക്കുന്നു 
എനിക്ക് സങ്കടം വന്നു 
എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി 

കവലകളിലെ ബോർഡുകൾ 
ഓരോ പോക്കുവരവിലും ഞാൻ കണ്ടിരുന്നു:
വീട്ടിലെ ഊൺ നാടൻ ഭക്ഷണം 
ജെജെ മെറ്റൽസ് 
ചൂരിയാട് നഴ്സറി 
അരുൺ മെഡിക്കൽസ് 
പൈൽസ് ഫിസ്റ്റുല ഫിഷർ 
സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കി കൊടുക്കും 
ഫ്രണ്ട്സ് ചിക്കൻ സെൻറർ 
സ്വപ്ന ഫ്ലോർമിൽ 
........
........
എല്ലാ ബോർഡുകളും മാഞ്ഞു പോയിരിക്കുന്നു 
അവിടെ എല്ലാം അതേ ക്രൂരവാക്യം മഴത്തുള്ളി തട്ടി കിടക്കുന്നു:
ഞാൻ നിങ്ങളുടെ ആരുമല്ല 

ബസ്സിറങ്ങി ഞാനും എൻറെ വീടിൻ്റെ മുന്നിൽ പോയി നിൽപ്പായി 
എന്റെ കൈയിലും ആ ബോർഡ് ഉണ്ടായിരുന്നു:
ഞാൻ നിങ്ങളുടെ ആരുമല്ല 
എൻറെ തല കുനിഞ്ഞിരിക്കുന്നു 
ഞാൻ കടന്നുവന്ന വഴിയിലെ മനുഷ്യരെല്ലാം 
നിശബ്ദതയുടെ ഉച്ചത്തിൽ മുഖമുയർത്താതെ അതുതന്നെ പറയുന്നു:
ഞാൻ നിങ്ങളുടെ ആരുമല്ല