Saturday, July 30, 2016

അച്ഛൻ ഇരുന്നിടം / സച്ചിദാനന്ദന്‍

അച്ഛൻ ഇരുന്നിടത്ത് 
പഴയ ചാരുകസേരയിൽ
ഇപ്പോൾ ഒരു പാട് മാത്രമുണ്ട്
വിയർപ്പും ചന്ദനവും മണക്കുന്ന
ഒരു കുഴി .

അച്ഛൻ വായിച്ചിരുന്ന 'എക്സ്പ്രസ് '
പത്രത്തിൻെറ ഒരു തുണ്ട്
ചാരുകസേരയുടെ കാലിൽ
ഒട്ടിപ്പിടിച്ചിരുപ്പുണ്ട്.
ഞാൻ അവിടെ ഇരുന്ന് മുകളിലേക്കു നോക്കി
അച്ഛൻ വായിക്കുന്ന പത്രത്തിന്റെ
പിൻപുറം വായിക്കുമായിരുന്നു.

അച്ഛന്റെ കണ്ണടക്കൂട്
അവിടെത്തന്നെ  ഉണ്ട് ,
അതിലെ കണ്ണട ഇപ്പോൾ
മറ്റൊരു ലോകം കാണുകയാണെങ്കിലും.

പിന്നെ മുഷിഞ്ഞ ഒരു തോർത്ത്
ഷർട്ടിൽ ഇടാറുള്ള
സ്വർണം പൂശിയ കുടുക്ക്
സിംഗപ്പൂരിൽ നിന്ന്
ആരോ കൊണ്ടുവന്നു കൊടുത്ത
ഒരു തോൽപഴ്സ്
അച്ഛൻ മേശ തുറക്കുമ്പോൾ വന്നിരുന്ന
ഏതോ പഴയ കാലത്തിന്റെ മണം
അച്ഛൻ എന്നെ പാടിയുറക്കാറുള്ള,
ഒരു മരത്തെയും പക്ഷിയെയും
കുറിച്ചുള്ള, തമിഴ് താരാട്ടിന്റെ ഈണം.

നാരായണീയത്തിലെ ഒരു ശ്ലോകം
അച്ഛന്റെ ശബ്ദം തേടി അലയുന്നു
രാത്രി അതു നാലു
നെൽകതിരുകളായി മാറുന്നു
മുറ്റം വയലായി പഴുത്തുലയുന്നു .

അച്ഛൻ മാത്രം ഇല്ല,
വെളുപ്പാൻ കാലത്തു വരാറുള്ള
ചില ഇളംതവിട്ടു നിറമുള്ള
സ്വപ്നങ്ങളിൽ ഒഴികെ.

ഞാൻ താമസിയാതെ
അച്ഛനെ കാണും
ആ നെറ്റിയിൽ
എന്റെ നീലിച്ച ചുണ്ടുകൾ കൊണ്ട്
ഒരു ഉമ്മ കൊടുക്കും. 

Wednesday, July 27, 2016

ഉപമകള്‍ / വീരാന്‍കുട്ടി


ഇസ്തിരി വിരിപ്പിലെ
പഴുപ്പിച്ച
തേപ്പുപെട്ടിക്കടിയില്‍പ്പെടാന്‍
തിരക്കിട്ടുപോകുന്ന
ഉറുമ്പിന്‍റേയോ
ഉടനെ വലിച്ചടയ്ക്കാന്‍ പോകുന്ന
വാതില്‍പോളക്കും
കട്ടിളപ്പൊഴിക്കുമിടയിലിരുന്ന്
ധ്യാനിക്കുന്ന പല്ലിയുടെയോ
വലയിലകപ്പെട്ടിട്ടും
അതറിയാതെ പറക്കാനായുന്ന
ശലഭത്തിന്‍റയോ
ഉപമ മതിയാവില്ല
നിങ്ങളെന്നെക്കുറിച്ചെഴുതും കവിതക്ക്.
എനിക്കുള്ള തീ
ഇറുങ്ങാനുള്ള പഴുതുകള്‍
എന്‍റെ വല
ഒക്കെയും ഞാന്‍ തന്നെ സമ്പാദിച്ചത്.
അറിഞ്ഞുകൊണ്ട്
മരണവായില്‍ കയറിയിരുന്ന്
കൊല്ലുന്നേ എന്ന് നിലവിളിക്കുന്ന
പ്രാണിയുടെ ഉപമ കൊണ്ട്
മനുഷ്യന്‍ എന്ന കവിത പൂര്‍ത്തിയാക്കാം,
മരണമെന്നെഴുതിയ ശേഷം
പേനയുടച്ചു കളഞ്ഞ കവിയുടെ ഉപമയില്‍
ദൈവം എന്ന കവിത തുടങ്ങിവെക്കാവുന്നതുപോലെ.
-----------------------------------------------------------

Wednesday, July 20, 2016

ജാലകക്കാഴ്ചകൾ / മായ.പി.ചന്ദ്

ഒരു ജാലകമേ അടച്ചുള്ളൂ
പക്ഷേ
കാഴ്ചകളുടെ ഒരു ലോകമാണ്
അവസാനിച്ചത്
പത്രക്കാരന്റെ മണിയടികൾ
പാൽമണങ്ങൾ
പ്രഭാത സവാരിക്കാർ
സ്കൂൾ വണ്ടികളിലെ കലപിലകൾ
മീൻ വിളിയൊച്ചകൾ
ദൂരം തീരാതെ ജോലിക്കാർ
കൂനുള്ളൊരു വൃദ്ധ
പുലരിയുടെ ആദ്യ രശ്മികൾ
ഒടിഞ്ഞ ഒരു മരക്കൊമ്പ്
ഇനിയും ചുവടുറയ്ക്കാത്ത വള്ളിച്ചെടികൾ
ഒരു തുണ്ട് ആകാശം
മേഘക്കീറുകൾ
മുറിഞ്ഞു പെയ്യുന്ന മഴ
ഉയരത്തിൽ പറക്കുന്ന പരുന്തുകൾ
ഉച്ചവെയിൽ
വൈകുന്നേരത്തിന്റെ വിഹ്വലതകൾ
വീടണയുന്ന പക്ഷികൾ
പുലരിയുടെ പ്രതീക്ഷയേറ്റുന്ന
അസ്തമനം
അന്തിക്കാഴ്ചകൾ ...
നിലാവിന്റെ മുല്ലമൊട്ടുകൾ
കറുത്ത രാത്രികളിൽ
നക്ഷത്രമേന്തുന്ന
മിന്നാമിനുങ്ങ്....
മുനിഞ്ഞു കത്തുന്ന ഒരു വിളക്ക്:
ഒക്കെയും മറുപുറം
വാതിലിനിപ്പുറം
ലോകമായ്..
ജാലകം മറന്നു:
സ്മൃതിയായി
വിസ്മൃതിയായി
ഇനി മൃതിയിലേക്ക്...
-------------------------------------

Wednesday, July 13, 2016

ശ്രുതിരഹസ്യം / സജി കല്യാണി



ജനിതകരഹസ്യം തേടി
വയറു തുരന്ന പാട്ടുകാരാ
ശബ്ദം,
നിശബ്ദമായൊരു കലയാണ്
ഒറ്റവരയിലേക്ക്
നമ്മെ കോര്‍ത്തിടുന്ന ബിംബം
ചീവീടുമൂളലിലും
ശംഖധ്വനികളിലും
നമ്മളൊഴുകിനടക്കുമ്പോള്‍
ജീവന്‍റെ വൈരുദ്ധ്യങ്ങളൂതിനിറച്ച
ജീവനകല.
മണ്‍വെട്ടിത്തുമ്പിലൂടെ
ഊര്‍ന്നു വീഴുന്ന ജലമുകുളങ്ങള്‍
മഴച്ചിലമ്പലിലേക്ക്
വീണുലയിക്കുമ്പോള്‍
ഞാനൊരാസ്വാദകനാണ്....
പ്രപഞ്ചതാളത്തിന്‍റെ
ലയചാരുതയിലേക്ക്
നനഞ്ഞിറങ്ങുന്ന,
ഏകാകിയായ ഭിക്ഷു.
ഒച്ചിഴയുന്ന സമതലങ്ങളൊരു ദൃശ്യമാണ്
ശബ്ദതരംഗരേഖകളുടെ
നേര്‍ച്ചിത്രം.
ഉടല്‍വരമ്പുകളുടെ ഭൗതികതയില്‍
ശബ്ദമെന്ന മിഥ്യ തിരയരുത്
ഭാരമൊഴിഞ്ഞ്
പരസ്പരമുടയുന്ന
നിശബ്ദതയിലെ സ്ഫോടനമാണ് ശബ്ദം..
ഇരുളിലേക്ക്
ചെവികൂര്‍പ്പിക്കുക
സൂക്ഷ്മതയുടെ സൂചിമുനകളിരമ്പുന്ന
കടലൊഴുക്കുകളറിയുക
ഇടറിവീഴുമിലയ്ക്കും
ഞാന്നു താഴുന്ന പുഴുവേഗത്തിനുമിടയില്‍
നേര്‍ത്തൊരു ശ്രുതിയുണ്ട്
ഉടല്‍മറന്ന് നീയറിയുക,
നമ്മളറിയാതെ പോവുന്ന
നിശ്ചലതകളിലെ
ചലനങ്ങളാണ് ,ശബ്ദമെന്ന
ഘടികാരത്തിന്‍റെ തംബുരു.
--------------------------------------