ജനിതകരഹസ്യം തേടി
വയറു തുരന്ന പാട്ടുകാരാ
ശബ്ദം,
നിശബ്ദമായൊരു കലയാണ്
ഒറ്റവരയിലേക്ക്
നമ്മെ കോര്‍ത്തിടുന്ന ബിംബം
ചീവീടുമൂളലിലും
ശംഖധ്വനികളിലും
നമ്മളൊഴുകിനടക്കുമ്പോള്‍
ജീവന്‍റെ വൈരുദ്ധ്യങ്ങളൂതിനിറച്ച
ജീവനകല.
മണ്‍വെട്ടിത്തുമ്പിലൂടെ
ഊര്‍ന്നു വീഴുന്ന ജലമുകുളങ്ങള്‍
മഴച്ചിലമ്പലിലേക്ക്
വീണുലയിക്കുമ്പോള്‍
ഞാനൊരാസ്വാദകനാണ്....
പ്രപഞ്ചതാളത്തിന്‍റെ
ലയചാരുതയിലേക്ക്
നനഞ്ഞിറങ്ങുന്ന,
ഏകാകിയായ ഭിക്ഷു.
ഒച്ചിഴയുന്ന സമതലങ്ങളൊരു ദൃശ്യമാണ്
ശബ്ദതരംഗരേഖകളുടെ
നേര്‍ച്ചിത്രം.
ഉടല്‍വരമ്പുകളുടെ ഭൗതികതയില്‍
ശബ്ദമെന്ന മിഥ്യ തിരയരുത്
ഭാരമൊഴിഞ്ഞ്
പരസ്പരമുടയുന്ന
നിശബ്ദതയിലെ സ്ഫോടനമാണ് ശബ്ദം..
ഇരുളിലേക്ക്
ചെവികൂര്‍പ്പിക്കുക
സൂക്ഷ്മതയുടെ സൂചിമുനകളിരമ്പുന്ന
കടലൊഴുക്കുകളറിയുക
ഇടറിവീഴുമിലയ്ക്കും
ഞാന്നു താഴുന്ന പുഴുവേഗത്തിനുമിടയില്‍
നേര്‍ത്തൊരു ശ്രുതിയുണ്ട്
ഉടല്‍മറന്ന് നീയറിയുക,
നമ്മളറിയാതെ പോവുന്ന
നിശ്ചലതകളിലെ
ചലനങ്ങളാണ് ,ശബ്ദമെന്ന
ഘടികാരത്തിന്‍റെ തംബുരു.
--------------------------------------
No comments:
Post a Comment