Monday, May 22, 2017

ഒടുവിലിപ്പോഴും / സുഷമ ബിന്ദു


ഒടുവിലിപ്പൊഴും നിന്നെക്കുറിച്ചുള്ള
വെയിലു കോരിക്കുടിക്കുകയാണു ഞാൻ.
ഉജ്ജ്വലപ്രേമവായ്പ്പിനാലിപ്പൊഴും
മജ്ജപോലും ജ്വലിക്കുന്ന മാത്രയിൽ.
ഇനി നടക്കണം ഖ നിജ ദു:ഖ ങ്ങളെ
കനിവിൽ മൂർദ്ധാവിൽ നീ തൊടും നാൾ വരെ
നിബിഡനീലകാന്താരം തളിർക്കുന്ന
മിഴി നിലീന പ്രണയമാകുംവരെ
ഗഗനമണ്ഡലപ്രഭതീണ്ടിയുയിരിന്റെ
ജലപരാഗങ്ങൾ ബാഷ്പമാകുംവരെ
ഋതുതരംഗങ്ങളേറ്റെന്റെ ജീവനിൽ
പ്രണയനീലക്കടമ്പു പൂക്കും വരെ
അഴലുമോന്തിത്തിണർക്കുന്ന തൊണ്ടയിൽ
ശമനരാഗങ്ങളൂറുന്നിടം വരെ
അധരകമ്പനം കൊണ്ടു നീ ഗാഢമാം
ദമനദു:ഖ ങ്ങൾ തൊട്ടെടുക്കും വരെ
ഗഹനസങ്കടക്കടലിലൊരുതരി
ലവണമായി ഞാനാണ്ടു പോകും വരെ
ഇനി നടക്കണം ജന്മദു:ഖ ങ്ങളെ
കനിവിൽ മൂർദ്ധാവിൽ നീ തൊടും നാൾ വരെ.
ഒടുവിലിപ്പൊഴും നിന്നെയോർക്കുന്നു ഞാൻ
കഠിനവേനൽ കുടിച്ചുള്ളയാത്രയിൽ.
-------------------------------------------------------------------

പരിണാമം / ഗിരിജ പതേക്കര


കാട്ടിലാണു വേരുകളെന്ന്
കേട്ടിരിക്കാനിടയില്ല.
സഹ്യന്റെ പുത്രരാണു
പിതാമഹരെന്നും.
സ്വപ്നത്തിൽ പോലും
അതറിഞ്ഞിട്ടുണ്ടാവില്ല.
കൊടും മരങ്ങൾക്കിടയിലൂടെ
തെളിയുമാകാശത്തെ
കരിയിലകളുടെ സ്വകാര്യങ്ങളെ
കാട്ടരുവികളുടെ കിന്നാരങ്ങളെ
കാടിന്റെ ഗീതങ്ങളെ
ഇണയുടെ മദഗന്ധങ്ങളെ
ഇളമുളന്തണ്ടിന്റെ മധുരങ്ങളെ
മാനം മുട്ടും മരനിരകളെ
ഉടലിന്റെ വന്യതയെ
കരുത്തിന്റെ സാധ്യതയെ.
ഉണ്ടെങ്കിലെങ്ങിനെയാണു
ഒരിടുങ്ങിയ തൊഴുത്തിന്റെ
ഇരുണ്ട മൂലയിലേക്ക്‌
സ്വയം മായിച്ചുകളയാൻ
അതിനാവുക?
ഇപ്പോളത്‌
ചിന്നം വിളിക്കാറില്ല
മസ്തകമുയർത്തി
കൊമ്പുകുലുക്കാറുമില്ല.
കുനിഞ്ഞു നിന്ന് പുല്ലുതിന്നും
വല്ലപ്പോഴും
ദുർബലമായൊന്ന് മുക്രയിടും
മൂക്കുകയറിനു മെരുങ്ങിനിൽക്കും.
'എത്ര വലിയ പോത്ത്‌' എന്ന്
കാണുന്നവരൊക്കെ
അത്ഭുതപ്പെടാറുണ്ടിപ്പോൾ.
----------------------------------------------------