അപ്പനാണ്
ഞങ്ങടെ വീടിന് തറ കെട്ടിയത്
ചുമരു കെട്ടിയത്.
ഓലമേഞ്ഞത്.
ചേട്ടമ്മാരും ചേച്ചിമാരും
അപ്പനെ സഹായിച്ചു.
പത്താമനെയും പെറ്റിട്ടേച്ച്
അമ്മ അപ്പഴേക്കും
മരിച്ചു പോയിരുന്നു.
വർഷാവർഷം
വീടിനു മോടി കൂട്ടിയതും
അപ്പൻ തന്നാണ്.
അമ്മ ഡിസൈൻ ചെയ്തിരുന്നേൽ
വീട് മറ്റൊന്നാകുമായിരുന്നെന്ന്
ഞാനെപ്പളും വിചാരിക്കും .
അപ്പനാണ്
ഞങ്ങൾ പെൺമക്കക്ക് കുളിക്കാൻ
ഓല മേഞ്ഞ കുളിമുറിയുണ്ടാക്കി തന്നത്.
കുഴി കക്കൂസ് ഉണ്ടാക്കി തന്നത്.
കക്കൂസു നിറഞ്ഞപ്പോൾ മണ്ണിട്ടു മൂടിയത് .
വീണ്ടും പുതിയതുണ്ടാക്കിയത്.
അപ്പനാണ്
ഞങ്ങടെ പറമ്പിലൂടെ നടക്കാൻ
കൊച്ചുവഴികളുണ്ടാക്കിയത്.
ഞങ്ങൾ ഇളയതുങ്ങൾ
അതിലൂടെ കളിവണ്ടിയോടിച്ച് കളിച്ചു.
അപ്പൻ തന്നാണ്
വീട്ടിനു പുറത്തേക്കും വഴികളുണ്ടാക്കിയത്.
അതിലൂടെ ഞങ്ങൾ എങ്ങാണ്ടെല്ലാം പോയി.
ചരിത്രം ആയുധങ്ങളുടെ കഥയാണെന്നാണ്
അപ്പൻ പറഞ്ഞു തന്നത്.
ആയുധമേന്തിയവരുടെ കഥയാണതെന്ന്
ഞങ്ങൾ മനസ്സിലാക്കി .
ബലവാന്മാരുടെ കഥ.
കല്ല് കൊണ്ട് ഇടിച്ച് പൊടിച്ചതിൻ്റെ
ഇരുമ്പ് കൊണ്ട് അടിച്ചു പരത്തിയതിൻ്റെ
വാളുകൊണ്ട് വെട്ടിപ്പിടിച്ചതിൻ്റെ
തോക്കു ചൂണ്ടി കീഴടക്കിയതിൻ്റെ
മഴു എറിഞ്ഞ് കൈയടക്കിയതിൻ്റെ -
ആയുധങ്ങളുടെ കഥ.
ആയുധമേന്തിയവരുടെ കഥ.
നമ്മൾ ജീവിച്ചു കടന്നു പോയതിൻ്റെ
അടയാളം ഇവിടെ ആഴത്തിൽ
പതിച്ചു വെക്കണം മക്കളെ
എന്നും പറഞ്ഞോണ്ട്
അപ്പൻ ഭൂമിയുടെ മധ്യത്തിലേക്ക്
നീളമുള്ള ഇരുമ്പുപാര കുത്തിയിറക്കാൻ തുടങ്ങി.
ഭൂമിയങ്ങ് മറിച്ചിട്ടു കളയാമെന്ന്
അപ്പൻ കരുതി.
വേണ്ടപ്പാ വേണ്ടപ്പാ
പുഴകളായ പുഴകളെല്ലാം
മറിഞ്ഞു പോവൂലേ എന്ന്
ഇളയവളപ്പോൾ
അപ്പൻ്റെ കൈയ്യേൽ പിടിച്ചു.
വേണ്ടപ്പാ വേണ്ടപ്പാ
മരങ്ങളായ മരങ്ങളെല്ലാം
വീണുപോവൂലേ എന്ന്
ഇളയവനപ്പോൾ
അപ്പൻ്റെ കൈയ്യേൽ പിടിച്ചു.
അപ്പനതൊന്നും കൂട്ടാക്കാതെ
ഭൂമി മുഴുവൻ കിളച്ചു മറിച്ചു.
നിരത്തിയമർത്തി.
വലിയ വലിയ വഴികളുണ്ടാക്കി .
മനുഷ്യർക്ക് വേണ്ടി വഴികളെന്നല്ല
വഴികൾക്ക് വേണ്ടി മനുഷ്യർ എന്ന്
ലോകം മാറിപ്പോയി.
ലോകമങ്ങ് മറിച്ചിട്ടു കളയാമെന്ന്
അപ്പന് തോന്നി.
മതിയപ്പാ മതിയപ്പാ
എന്ന്
ഇളയവൾ കരഞ്ഞു വിളിച്ചു
മതിയപ്പാ മതിയപ്പാ
എന്ന്
ഇളയവൻ കരഞ്ഞു വിളിച്ചു.
മിണ്ടാതിരിയെന്ന് ചേട്ടനും ചേച്ചിയും
കണ്ണുരുട്ടി.
എൻ്റമ്മയാണ് ഡിസൈൻ ചെയ്തിരുന്നതെങ്കിൽ
ലോകം മറ്റൊന്നാകുമായിരുന്നു എന്ന്
ഞാനെപ്പളത്തേയും പോലെ വിചാരിച്ചു.
എൻ്റെ ഇളയതുങ്ങൾ
അവരുടെ ചെറിയ ഒച്ചയിൽ
മതിയപ്പാ മതിയപ്പാ എന്ന്
പറഞ്ഞു കൊണ്ടിരുന്നു.
ചരിത്രം ബലവാൻ്റെ കഥയല്ല
ബലവാനോട് ചെറുത്തുനിന്നവരുടെ
കഥയാണ്
എന്നെഴുതിയ ഒരു ബാനർ
അപ്പനുണ്ടാക്കുന്ന
ആ വെള്ളിപ്പാതയോരത്ത്,
ഇളയതുങ്ങടെ ചെറിയ ഒച്ചകൾക്ക് മുന്നിൽ,
ആരോ കെട്ടിവെച്ചു.
ആ വാക്കുകളുടെ ആത്മവിശ്വാസത്തിൽ
മതിയപ്പാ മതിയപ്പാ
എന്ന് ഞാനും ഉറക്കെ വിളിക്കാൻ തുടങ്ങി.