Wednesday, January 12, 2022

മാളം/രഗില സജി


മീൻ നന്നാക്കാൻ
അടുക്കള മുറ്റത്ത്
അമ്മ പതിവായി
ഇരിക്കാറുള്ളിടമുണ്ട്.
അമ്മയ്ക്കഭിമുഖമായി
മതിലിലൊരു പൊത്ത്.
പാമ്പിന്റെയോ
പെരുച്ചാഴിയുടെയോ
എലിയുടെയോ മാളമാണത്.

അമ്മയ്ക്കൊപ്പം പൂച്ചയും
ഇടക്കിടെ പൊത്തിലേക്ക് നോക്കും.
ഇരുട്ട് പെറ്റുകൂട്ടിയ
അതിന്റെയകത്തുനിന്ന്
ഒരൊച്ചയും
ഈ നാൾ വരെ കേട്ടിട്ടില്ല.
രഹസ്യങ്ങളടക്കം ചെയ്ത
ഏതോ ഒരു മറുലോകം.
അതിനകത്തു നിന്ന്
ഏതോ ഒരു ജീവി
നമ്മളെ കാണുന്നുണ്ടാവും.
അതിന്റെ ഭാഷയും മൗനവും
വെളിച്ചത്തു വരുന്നത്
ആരുമറിയാത്തതാവണം
അതിന്റെ സംഗീതം
നമ്മുടെ കേൾവിയിൽ
പാട്ടായ് തിരിയാത്തതാവണം.
അതിന്റെ ആഘോഷങ്ങളുടെ രാവ്
നമ്മളുറങ്ങിത്തീർക്കുന്നുണ്ടാവണം.

മീൻ നന്നാക്കിയ ചട്ടി 
പുറത്തിട്ട്
അമ്മ മാളത്തിലേക്കിഴയുന്ന
ഒരു സ്വപ്നം
എന്നെ അസ്വസ്ഥയാക്കി.
എല്ലാവരും ഉറങ്ങുന്നുവെന്നുറപ്പിച്ച്
ശ്വാസമടക്കി
ഞാനതിലേക്കിഴഞ്ഞു.

അച്ഛനില്ലാത്ത കുട്ടിക്ക്
അമ്മയെ നഷ്ടപ്പെടാൻ പാടില്ല.


No comments:

Post a Comment