രാവണാ,
എന്നോളം
പ്രണയിക്കപ്പെട്ടവൾ,
എൻ്റത്രയും
ഓമനിക്കപ്പട്ടവൾ
മറ്റാരുമില്ലെന്ന്
അശോകവനികയിൽ
വെച്ചിന്നലെ ഞാൻ
വാക്കുകളില്ലാതെ
ജാനകിയോടു പറഞ്ഞു.
എന്നെ നോക്കിയ
അവളുടെ കണ്ണുകളിൽ
സത്യമായും
രാവണാ,അസൂയ
തുളുമ്പുന്നുണ്ടായിരുന്നു.
പ്രണയം പൂത്തു മറിയുന്ന
നിമിഷങ്ങളിൽ
എന്നെ നോക്കുമ്പോൾ
നിനക്ക്
ഇരുപതു കണ്ണുകൾ!
അന്നേരം
എന്നെ പുണരാൻ മാത്രം
ഇരുപതു കൈകൾ!
എന്നെ നുണയാൻ
പത്തു ചുണ്ടുകൾ!
ഇരുപതു കണ്ണുകൾ
കൊണ്ടു സദാ
പരിലാളിക്കപ്പെടുന്ന
എന്നെ ഒരുത്തനും
കവർന്നു കൊണ്ടുപോകില്ലെന്നു
ഞാനവളോടു മന്ത്രിച്ചു.
ആരെങ്കിലുമതിനു
തുനിഞ്ഞാൽ,
ഏതു മായാവിമാനത്തിൽ
കയറ്റിയാലും
ഇരുപതു കരങ്ങളവനെ
തടയുമെന്നു
പറയുമ്പോൾ
അവളുടെ കണ്ണുകൾ
നിരാശയാൽ നിറഞ്ഞു.
നീയെപ്പോഴെങ്കിലും
പത്തു ചുണ്ടുകൾ കൊണ്ടു
ചുംബിക്കപ്പെട്ടിട്ടുണ്ടോ?
ഞാനവളോടു ചോദിച്ചു.
പ്രണയമദം തുളുമ്പുന്ന
പത്തു ചുണ്ടുകൾ ?
ഒന്നു മൃദുവായി ,
മറ്റൊന്നു
ചെറുക്ഷതമേൽപ്പിച്ച്
ഇനിയൊന്ന്
ചുണ്ടുകൾക്കുള്ളിലേക്കു നുഴഞ്ഞ് ,
പിന്നൊന്ന്
താംബൂല നീരുറ്റിയെടുക്കും വിധം
ആഴത്തിൽ....
ഒരേ നിമിഷം
പത്തു വിധത്തിൽ
ചുംബിക്കപ്പെടുമ്പോൾ
സ്വർഗ്ഗത്തിൻ്റെ
വാതിൽക്കലെത്തുകയാണെന്ന്
നിനക്കറിയുമോ?
ജാനകി തളർന്നു
കാതുകൾ പൊത്തി.
ഒരേ നിമിഷം
പത്തുവിധം എന്നെ
വാസനിക്കുന്നത്
ഇരുപതുവിധം എൻ്റെ
കൂജിതങ്ങൾ കേൾക്കുന്നത്,
ഇരുപതു കണ്ണുകൾ കൊണ്ടും
കണ്ടു തീരാതെ എന്നെ
പിന്നെയും
കോരിക്കുടിക്കുന്നത് ..
ജാനകിയുടെ ഉടൽ
വിറക്കുകയും അവൾ
സഹിക്കാനാവാതെ
കുമ്പിട്ടിരിക്കുകയും ചെയ്തു.
അതു കൊണ്ട് ,
ഇരുപതു കൈകൾ
ഇരുപതുവിധം എൻ്റെ
ഉടലിനെ
ലാളിക്കുന്നതിനെപ്പറ്റി
ഞാൻ വർണിച്ചില്ല.
പറഞ്ഞിരുന്നെങ്കിൽ
അവൾ
പൊട്ടിത്തെറിച്ചേനെ!.
പക്ഷേ
എന്നെയാണു
നഷ്ടപ്പെട്ടതെങ്കിൽ
കാണാതായതിൻ്റെ
പിറ്റേനിമിഷം അവൻ
പ്രണയം നിറഞ്ഞ
ഒറ്റ ഹൃദയം കൊണ്ടു
എന്നെ കണ്ടെത്തി
അപ്പോൾത്തന്നെ
വീണ്ടെടുത്തേനെ
എന്നു മാത്രം പറഞ്ഞു.
അതിനവന്
ഇരുപതു കൈകൾ വേണ്ട ,
പത്തുതലകളും വേണ്ട.
പ്രണയം മാത്രം മതി.
അന്നേരം രാവണാ
അവൾ
ചേലത്തുമ്പു
വായിൽത്തിരുകി
ആർത്തു കരഞ്ഞു.
No comments:
Post a Comment