Sunday, March 6, 2022

വാക്കുകളാലൊരു കാടിനെ /ജയദേവ് നയനാർ

നിന്നെയുപേക്ഷിച്ചുപോയൊരു
കാടിനെ വാക്കുകൾക്കിടയിൽ
നിന്നു കണ്ടെടുക്കപ്പെടുന്നതിനെ
ഓർത്തെടുക്കുകയായിരുന്നിരിക്കണം.
കാട്ടിൽ നിന്ന് ഒരു പുഴയെ
ഇറക്കിക്കൊണ്ടുവരുന്നതിനെക്കുറിച്ച്.
ഇലകൾക്കിടയിൽ ഒരു കാട്ടുതീയെ
കൂടുവയ്ക്കുന്നതിനെക്കുറിച്ച്.
കാടടക്കം ഒറ്റ വാക്കിൽ
ഒരു ഋതുവിൽ
കൂട്ടിരുത്തുന്നതിനെക്കുറിച്ച്.
കാട്ടിൽനിന്നിറങ്ങിവരുന്ന
ഒരു ചൂളംവിളിയെ നിന്റെ പേരിട്ട്
എതിർവിളി വിളിക്കുന്നതുപോലെ.
കാടിറങ്ങിവരുന്ന ഒരു കിളിയിൽ
തൂവലിൽ നിന്നെ തിരിച്ചറിയുന്നതുപോലെ.
.

നിരനിരയായി നീ നട്ടുവച്ച
കാട്ടുതീവിത്തിൽ നിന്ന്
കാട്ടുതീക്കാടു വളർന്നതിനിടയിൽ
കുടുങ്ങിപ്പോയ ഒരു കാറ്റിന്‍റെ
രണ്ടറ്റങ്ങളാണു നമ്മളെന്ന്
തിരിച്ചറിയപ്പെടുന്നിതിനിടെ.
നിരനിരയായി വളർന്ന
കാട്ടുതീയ്ക്കിടയിൽ
കുടുങ്ങിപ്പോയ ഒരു നീരൊഴുക്കിന്‍റെ
രണ്ടു തുള്ളികളാണ്
നമ്മളെന്ന് നനയുന്നതിന്‍റെ.
ഈ കാട്ടിൽ ആരുമാർക്കുവേണ്ടിയും
കാത്തിരുന്നുകൂടാത്ത
രണ്ടറ്റങ്ങളാണെന്ന്
തെറ്റിദ്ധരിക്കപ്പെടാതെ.
പരസ്പരം വിലക്കുള്ള 
രണ്ടു കാടുകളാണ് 
നമ്മൾ.
.

കാടിറങ്ങുന്ന ഒരു ടിപ്പർ
ലോറിയിൽ നിന്നു പിടിക്കപ്പെടുന്ന
ഒരുകുന്നു ഭൂമിയാണ് നീ.
മറ്റേക്കുന്നിലേക്കുള്ള 
കാട്ടുപാതയിൽ
അഴിഞ്ഞുവീണ അരഞ്ഞാണത്തിന്‍റെ
സ്വർണ ഹുക്കഴിക്കുന്ന
കാറ്റിന്‍റെ വിരൽ.
കുന്നിൽനിന്നൂർന്ന പാവാടച്ചരടിൽ
ജീവനുപേക്ഷിച്ച മഴ.
.

എല്ലായ്പ്പോഴും
കാടിറങ്ങുന്ന ഒരു 
കാടാണ് ‍ഞാൻ.

No comments:

Post a Comment