Thursday, June 30, 2016

എന്റെ പുഴയ്ക്ക്… / നിരഞ്ജൻ T G


കാട്ടരുവിയുടെ കാൽത്തളകളിൽ
കുതറിച്ചാടുന്ന കുസൃതിച്ചിരികളിൽ
നിന്റെ ശിരസ്സിൽ തലോടിയ സൂര്യന്
മഴവിൽ നിറങ്ങളായിരുന്നു

ഇരുകരകളിലും
നിന്റെ പാവാടഞൊറികളിൽ
കസസവുതുന്നിയ സൂര്യന്
ഇലപ്പച്ചയുടെ തിളക്കമായിരുന്നു
ഇപ്പോൾ ഈ സന്ധ്യക്ക്
നീയൊരു കടലിൽ ചേർന്നിരിക്കുന്നു
കുളിമുറിച്ചുവരിലൊട്ടിച്ച
ചുവന്ന പൊട്ടെന്ന പോലെ
നനഞ്ഞ സൂര്യൻ
ഒരുപാടൊഴുക്കുകൾ
ആഴങ്ങളിൽ വിങ്ങിയ
കടൽനീലയിലേക്ക്
പൊടുന്നനെ
സിന്ദൂരമായി ഒലിച്ചിറങ്ങുന്നു .
----------------------------------------------

Wednesday, June 22, 2016

ഒളിവാള് / മുല്ലനേഴി


ദൂരെയൊരു താരകം മിന്നിനില്‍ക്കുമ്പോള്‍
നേരിന്‍റെ പാതയിലിരുട്ടു നിറയുമ്പോള്‍
ആടുന്ന നിമിഷങ്ങളെയുമ്മവെച്ചു ഞാ-
നലയുന്നു,വീഴുന്നു,താഴുന്നു പിന്നെയും.
പൊട്ടിച്ചിരിക്കുന്നു ചങ്ങലക്കണ്ണികള്‍
പൊയ്മുഖം വെച്ചു നിന്നാടുന്നു സൗഹൃദം.
രാത്രിയിലുറങ്ങുവാന്‍ പറ്റാത്ത ദു:സ്വപ്ന-
യാത്രകളിലൊന്നില്‍ പുനര്‍ജനിക്കുന്നു
ഞാന്‍.
ഉറയൂരിയുറയൂരിയെത്തുമ്പൊളോര്‍മയുടെ
മറവിയുടെയിടനാഴിയില്‍ക്കണ്ണുനീരുമായ്
നില്ക്കുന്ന നിഴലുകളതാരുടെ?ജീവിതം-
പൂക്കുന്നതും കാത്തുനിന്നുവോയിതുവരെ?
ഉള്ളില്‍ പഴുത്തൊലിക്കുന്നു വ്രണം,അതി-
ന്നുള്ള മരുന്നിലും മായം,കിനാവുകള്‍
ചാമ്പലാകുന്നു,ചുരുങ്ങുന്നു ഞാനെന്‍റെ
പാനപാത്രങ്ങളില്‍,പരിഹസിക്കുന്നവര്‍.
താണുനോക്കാന്‍ തല താഴാത്തവര്‍,അവര്‍
കാണുകില്ലല്ലോ മനസ്സിന്‍ മുറിവുകള്‍!
നഷ്ടപ്പെടുവാന്‍ വെറും ചങ്ങല,ഭൂമി-
കഷ്ടപ്പെടുന്നവര്‍ക്കുള്ളതത്രേ,നാലു-
ദിക്കുമതേറ്റു വാങ്ങുന്നു,മനുഷ്യന്‍റെ
ശക്തിയാമന്ത്രമോതുന്നു,കാലങ്ങളായ്
ശക്തനശക്തനെ വെല്ലുന്നു,പിന്നെയൊരു
ശാന്തിസന്ദേശം,സുഖം,സുന്ദരം,ജയം.
ദൂരെയൊരു താരകം മിന്നിനില്ക്കുന്നു
നേരിന്‍റെ പാതയിലിരുട്ടു പടരുന്നു
ഓര്‍മ്മകള്‍,കിനാവുകള്‍,
വര്‍ത്തമാനത്തിന്‍റെ
ഓരോ പടവിലുമൂര്‍ജ്ജം പകര്‍ന്നതും
കത്തുമാഗ്നേയമായ്പ്പാഞ്ഞതും,പുറകിലീ
കത്തിയാഴ്ന്നപ്പോള്‍ നിലയ്ക്കാതിരിക്കുമോ?
ചത്തുവീഴുമ്പോഴുമാത്മാര്‍ത്ഥതയെന്ന
സത്യമുയര്‍ത്തിപ്പിടിക്കാന്‍ കൊതിപ്പു ഞാന്‍.

Sunday, June 19, 2016

ഇടവപ്പാതി / Chandini Gaanan


ഒരു മഴയാത്രപോകുന്നു
പോരുന്നോ
പാറശ്ശാല മുതൽ,
നീലേശ്വരം കണ്ട്
സൌപർണ്ണിക തൊട്ടുതൊട്ടങ്ങനെ..

മഞ്ഞുതുള്ളിപോലൊരു ചങ്ങാതി വിളിയ്ക്കുന്നു
ഇടവപ്പാതിയല്ലേ..
അച്ഛന്റെ വിരലും കുഞ്ഞുകുടയും
മഴ നനയുന്നു
തെച്ചിയും ചെമ്പരത്തിയും നന്ദ്യാർവട്ടവും
നിറഞ്ഞ് തുടുക്കുന്നു
ഉച്ചമണിയിൽ
ഉപ്പുമാവുകിട്ടും വരാന്തയിലേയ്ക്ക്
പാത്രങ്ങൾ നനഞ്ഞോടുന്നു
ടാറിട്ട വഴിയിൽ
ചിതറിയ ചില്ലുചീളുപോൽ മഴ
പാവാടത്തുമ്പുയർന്ന കണങ്കാലിൽ
ഒട്ടിയ ദാവണിച്ചുറ്റിൽ
ഒന്ന് നൂറ് ആയിരമെന്ന്
കുത്തി“നോക്കുന്നു”
ഇടവപ്പാതിയാണ്
“നെട്ടന്റെ കുറിയാണ്”
പറഞ്ഞെത്താപ്പൊക്കമുള്ള പാറ മൂടി
പാതിചത്തും പാതിയടർന്നും
കന്നും കല്ലും കാടുമൊഴുകും
ഇടവം കലങ്ങിച്ചുവക്കും
അടുക്കളപ്പടിയിൽ കാലുനീട്ടി
വിരലിടയിലൂടെ മുറുക്കിത്തുപ്പി
പറഞ്ഞുകേട്ട പഴക്കങ്ങൾ
ഇടവപ്പാതിരയാണ്
ഇരുട്ടുപെയ്യുന്ന ചുമരുകൾ
വെള്ളിടിയുടെ ജനാലകൾ തുറന്ന്
നിഴല്ചേർത്തു വരച്ച
വെള്ളച്ചായച്ചിത്രങ്ങൾ തൂക്കുന്നു
ഇടവത്തിൽ കെട്ടുപോയ ഇഴജന്മങ്ങൾ
പൊട്ടിമുളച്ച കൂണുകൾ
കാറ്റിൻ വഴക്കത്തിൽ
ഊഞ്ഞാലാടുന്നു
ഇടവപ്പാതിയാണ്
മഴയാണ്
മഴയാത്രയിലാണ് .
-----------------------------------------

മുറിപ്പാട് / ചിഞ്ചു റോസ

നരച്ച മഞ്ഞയോ വെള്ളയോയെന്നു തീർച്ചയില്ലാത്ത
കീറിയ കുമ്മായം പുതച്ചയൊരു ജീവി
അതിന്‍റെ അരികു കീറി-
ആധിപത്യം സ്ഥാപിക്കുന്ന
പച്ചപായലുകള്‍
ഒലിച്ചിറങ്ങുന്ന സ്വര്‍ണ നിറമുള്ള
വെയില്‍ പൊട്ടുകള്‍
ഒരു മുറി അത്ര തന്നെ
എങ്ങാണ്ട് എങ്ങാണ്ട് ഒഴുകി പടർക്കുന്ന
മുടി നൂലുണ്ടകള്‍..
മേശമേല്‍
എഴുതിയെഴുതി ഭ്രൂണഹത്യ
നടത്തിയ കുറെ കവിത കുഞ്ഞുങ്ങള്‍
ഒരു ഭയങ്കര കാമുകനൊപ്പം
ആലാഹയുടെ നമസ്കാരം
നിരീശ്വരനെ ചൊല്ലി കേള്‍പ്പിക്കുന്നു
പാതി ചിമ്മിയ സേവിടോസേട്മോര്‍
എല്ലാ ദിവസവും രണ്ടുനേരം
ഞാന്‍ കഴുവേറ്റുന്നോന്‍
പൂട്ട്‌ തുറക്കുന്ന അലമാരക്കുള്ളില്‍
വളയും, മാലയുമായി ചിരിക്കുന്ന
കുഞ്ഞു മണികള്‍
അസംഖ്യം അസുഖങ്ങളെ
കൂട്ടിക്കെട്ടുന്ന
പൊടിമിട്ടായികള്‍
സ്മിർണോഫെന്നു പേരെഴുതിയ
ഒറ്റ കുപ്പി
ഇല്ലാത്ത സൌഹൃദങ്ങളുടെ
അരികു പറ്റിയ പഴയൊരു
ആശംസാകാര്‍ഡു
തൂങ്ങിയാടുന്ന ‘ഉടല്‍ കുപ്പായങ്ങള്‍
ഒക്കേം കായലില്‍ കളയണം
ജനാല ചെരുവിലെ ഒഴിഞ്ഞ
അക്വേറിയത്തിലെ
ചത്ത മീന്‍ കുഞ്ഞുങ്ങളിലെയ്ക്ക്
ഒഴുകിയിറങ്ങുന്ന
എന്‍റെ പരല്‍കണ്ണിലെ കടല്‍
അവസാന ചുംബനത്തിന്റെ
സിഗരറ്റ് മണമുള്ള
തണുത്ത ഇലപ്പടങ്ങള്‍
ഇടയ്ക്കിടെ വെള്ളം കൊടുക്കാന്‍ ‘മറക്കുന്ന
മഞ്ഞിലകള്‍ വിരിയുന്ന വള്ളി
പലകാലങ്ങളിലെ ചിലകാലത്തുള്ള
വായനയില്‍
കുറെ നക്ഷത്രം കണ്ടു
കമ്പി പൊട്ടിയ ഗിത്താര്‍
എങ്ങനെ വേണമെന്നറിയില്ല
മഞ്ഞ കുപ്പി
ചോന്ന കസേര
വേനല്‍ മഴയുള്ള സന്ധ്യ
ഓര്‍മ്മ ഞരമ്പ് പൊട്ടിച്ചു
ഒക്കെത്തിനെയും ഞാന്‍
ആത്മഹത്യ ചെയ്യിപ്പിക്കുന്നു
ഈ മുറിയോര്‍മ്മകള്‍
മുറിപ്പാട് ഓര്‍മ്മകള്‍ .
-------------------------------

Saturday, June 18, 2016

അച്ഛൻ / അഞ്ചൽ ഭാസ്കരൻ പിള്ള

സിദ്ധാർഥനാകുവാനാഗ്രഹിക്കുന്നു ഞാ -
നെത്രനാളെത്രനാളായി !
ബുദ്ധനായ്‌ സ്വർഗ്ഗത്തിലെത്താൻ കൊതിക്കയാ -
ണെത്രയോ വർഷങ്ങളായി !
ബോധിവൃക്ഷത്തണൽ തേടിപ്പുറപ്പെടാൻ
സാധിച്ചിട്ടില്ലെനിക്കിന്നും .
എന്നെത്തടുക്കയാ,ണെന്നെത്തടുക്കയാ -
ണെന്റെ ദൗർബല്യങ്ങളെന്നും ....
അക്ഷയസ്നേഹം പകർന്നു പകർന്നെന്നെ
അമ്മയന്നാദ്യം തടഞ്ഞു .
പിന്നെ ഞാനോർത്തു ,ഞാൻ മാത്രമല്ലമ്മയ്ക്കു
പിന്നെയും മക്കളുണ്ടല്ലോ .
അക്കാര്യമോർക്കുവാനിത്തിരി വൈകവേ
മറ്റൊരു സ്നേഹവും വന്നു ....
പിന്നെയോർമ്മിച്ചു , ഞാനില്ലയെന്നാകിലും
പെണ്ണിനൊരാണിനെക്കിട്ടും .
അപ്പൊഴുമിത്തിരി വൈകി , ഞാൻ കേൾക്കയാ -
''ണച്ഛനെ ഞാൻ വിടത്തില്ല .''
ഓർമ്മിച്ചിട്ടോർമ്മിച്ചിട്ടോർമ്മിച്ചിട്ടും ഞാനെ -
ന്നോമനകുട്ടന്റെയച്ഛൻ !
സിദ്ധാർഥനാകുവാൻ മുഗ്ദ്ധാനുഭൂതിതൻ
മുത്തുപേക്ഷിക്കുവാൻ വയ്യ
ഉള്ളിന്റെയുള്ളിലെ സ്നേഹത്തിൻ പൂവിനെ
നുള്ളിക്കളയുവാൻ വയ്യ ......
--------------------------------------------------
( അഞ്ചൽ ഭാസ്കരൻ പിള്ള .....1942 -1976 ) ( കന്നിക്കനി )
സിദ്ധാർഥനാകുവാനാഗ്രഹിക്കുന്നു ഞാ -
നെത്രനാളെത്രനാളായി ! .... പക്ഷേ ,

''സിദ്ധാർഥനാകുവാൻ മുഗ്ദ്ധാനുഭൂതിതൻ
മുത്തുപേക്ഷിക്കുവാൻ വയ്യ !
ഉള്ളിന്റെയുള്ളിലെ സ്നേഹത്തിൻ പൂവിനെ
നുള്ളിക്കളയുവാൻ വയ്യ .! എന്ന സത്യം അദ്ദേഹം കണ്ടെത്തിയെങ്കിലും
ഒടുവിൽ ആ പൂവിനെ ,അല്ല ,നിർമ്മലസ്നേഹത്തിന്റെ നിരവധി പൂക്കളെ
അദ്ദേഹം നുള്ളിയെറിഞ്ഞില്ലേ എന്നോർക്കുക വ്യസനഹേതുകമത്രേ !
അവതാരികയിൽ പ്രിയകവി ഒ .എൻ .വി ഇങ്ങനെ എഴുതിയിരിക്കുന്നു .




Tuesday, June 14, 2016

ഏകാന്തതയ്ക്കപ്പുറത്തേയ്ക്കൊരു ജനൽ / സുലോജ് മഴുവന്നിക്കാവ്


അങ്ങനെ കിടക്കുമ്പോൾ കാണുന്ന
ഈ ജനൽ
ഭിത്തിയിൽ തൂക്കിയ ഒരു ജലച്ചായ ചിത്രമാണെന്ന് ആർക്കാണ് അറിയുക ?

ഒരു ചിത്രകാരൻ
നിമിഷങ്ങൾ മാറ്റി മാറ്റി വരയ്ക്കുന്നതാണെന്ന്
എനിക്കറിയാം !
മനോഹരം എന്ന ഒറ്റനിറത്തിന്റെ
അനേകം സാധ്യതകളെ പരിമിതിയേതുമില്ലാതെ പകർത്തുന്ന
കാഴ്ചയ്ക്ക് കൂട്ടിരിക്കുന്ന സുഖം.
കടലിന്റെ ശബ്ദം വരയ്ക്കുന്നത്
ആകാശത്തെ അടക്കി നിർത്തുന്നത് അടയ്ക്കകിളികളുടെ
കാക്കയുടെ
പട്ടിയുടെ
പൂച്ചയുടെ
അപ്പുറത്തെ പശുവിന്റെയുമൊക്കെ
ഒച്ചകൾക്ക് നിറം കൊടുക്കുന്നത്
എത്ര ലളിതമായിട്ടാണെന്ന് നോക്കൂ …..
പാലും
പത്രവും
ഭിക്ഷക്കാരനും
മീൻകാരനും
ബന്ധുക്കളും
കടന്നു വരുമ്പോൾ
ജലഛായവും
എണ്ണഛായവുമായി മാറിമറിഞ്ഞു കാണപ്പെടുന്ന,
ഒരു ചിത്രത്തിൽ തന്നെ അനേകം ചിത്രങ്ങളെ
സ്വയം വായിക്കപ്പെടുന്ന ഒരപൂർവ്വ ചിത്രം.
പകൽ
നഗരത്തെ വരയ്ക്കുമ്പോൾ
സ്വയം ചലിക്കുന്നുവെന്ന്‍
നമ്മെ തെറ്റിദ്ധരിപ്പിക്കും
ഉറുമ്പുകൾ ആൾക്കൂട്ടമാണെന്നും
ആൾക്കൂട്ടം ഉറുമ്പുകളാണെന്നും
തോന്നിപ്പിക്കും
വാഹനങ്ങൾക്കിടയിലൂടെ
തിരക്കുകൾക്കിടയിലൂടെ
വഴിത്തിരിവുകളിൽ
വഴിയോരങ്ങളിലൂടെ
ആരെയോ തിരഞ്ഞു പോയ ക്യാമറയെന്നപോലെ
ജനൽ ഒരു വലിയ ക്യാൻവാസാകും…
മഴയിൽ കുടയില്ലാതെ ഓടുന്നവർക്കിടയിൽ
നമ്മളും ഉണ്ടാകും
അമ്മയുടെ കൈയിൽ നിന്നും
പിടിവിട്ടോടി
പൊടുന്നനെ തട്ടി വീഴാൻ തുടങ്ങുന്ന
ആ കുഞ്ഞിനെ
പെട്ടെന്ന് താങ്ങിയെടുക്കാൻ
മുന്നോട്ടായുമ്പോഴാണ്
നമ്മൾ
ജനലിൽ വന്നു മുട്ടി നിൽക്കുന്നത് ..!
അപ്പോൾ മാത്രമാണ്
ഞാൻ തെരുവിലല്ലെന്നും, ക്യാമറകാഴ്ച അല്ലെന്നും,
ഇത് ഒരു ചിത്രമല്ലെന്നും
മുറിയിലാണെന്നും
ഈ മുറി സ്വപ്നാടകനായ രോഗിയുടെതാണെന്നും
ആ രോഗി ഞാൻ ആണെന്നും
ഓർമ്മവരിക
അപ്പോഴും
എന്തെങ്കിലും ചെയ്യണമെന്ന
ഉൾക്കടതയോ
ആവേശമോ
ഒന്നുമില്ലാതെ ജനലഴി പിടിച്ചുനിൽപ്പുണ്ടാകും
വെയിൽ .
-------------------------------------------------------

Monday, June 13, 2016

രണ്ടു പെണ്കുട്ടികൾ / വീരാന്‍കുട്ടി


ക്ലാസ്സിൽ ഒരേബെഞ്ചിൽ
അത്രയടുപ്പത്തിൽ
ഒട്ടിയിരുന്നിട്ടുകൂടി
മിണ്ടിയതിന്നു നീ കേസുപിടിപ്പിച്ച്
തല്ലു വാങ്ങിത്തന്നിരുന്നു.

നാലിലെ കൊല്ലപ്പരീക്ഷയ്ക്ക് ഉത്തരം
നോക്കിയിടാൻ കഴിയാഞ്ഞ-
ദേഷ്യം നഖത്തിൻ തിണർപ്പുകളായെന്റെ
ദേഹത്ത് പൊങ്ങിയിരുന്നു
പച്ച അരിപ്പുളി
പൊട്ടിച്ചതിൻ തരി
ഉപ്പു പുരട്ടിയൊറ്റയ്ക്ക്
എന്നെ നോക്കിക്കൊണ്ട് തിന്നു തീർക്കാൻ
നിനക്കെന്തു രസമായിരുന്നു.
ഉച്ചയ്ക്ക് എന്നെയുംകൂട്ടി രഹസ്യമായ്
പച്ച നോട്ബുക്കു തുറന്ന്
പൌഡറെടുത്തു മുഖത്തു വാരിത്തേച്ച്
എങ്ങിനെയെന്നു കുഴഞ്ഞ്
എന്റെ കറുപ്പിനെ വീണ്ടും കറുപ്പിച്ച
നിന്റെ കുറുമ്പാരറിഞ്ഞു?
റബ്ബറു വാങ്ങുവാൻ വച്ച പണംകൊണ്ട്
കോലൈസു വാങ്ങിയീമ്പുമ്പോൾ
തട്ടിപ്പറിച്ചോടി ദൂരെപ്പോയ് തിന്നെന്നെ
കണ്ണിറുക്കി കരയിച്ചു!
ക്ലാസ്സു വിട്ടെന്നെയുംകൂട്ടി നീ പിന്നിലെ
കുന്നിൻവഴിയേ നടന്ന്
കുത്തനെ നിൽക്കുന്ന പാറയിൽ അള്ളി-
പ്പിടിച്ചു വലിഞ്ഞുകയറി
നുള്ളിക്കായ് തിന്നു,കളിച്ചു പതുക്കനെ
കൂട്ടായിരുട്ടുമണഞ്ഞു.
താഴെയിറങ്ങുവാനാകാതെ ഞാൻ കര-
ഞ്ഞാകെ വിറച്ചുനിൽക്കുമ്പോൾ
കണ്ണൂ തുറിച്ചു മുടിയഴിച്ചിട്ടു നീ
എന്നെ വിഴുങ്ങുവാൻ വന്നു!
പേടിച്ചു ഞാൻ നിന്നെ ഉന്തിയിട്ടാകയാൽ
എത്ര കാലം നീ കിടന്നു
എങ്കിലും കാരണം ചോദിച്ചവരോട്
താനേ മറിഞ്ഞു വീണെന്ന്
കള്ളം പറഞ്ഞു നീ
എന്നോടു കാട്ടിയ
സ്നേഹത്തിലെന്തായിരുന്നു?
(  പഴയ കടലാസുകൾക്കിടയിൽനിന്നും ഇന്ന് കിട്ടിയത്.പണ്ടെപ്പോഴോ‍ എഴുതിയതാണ്. ആദ്യമായി എഫ് ബിയിലൂ‍ൂടെ വെളിച്ചം കാണുന്നു.)

Friday, June 10, 2016

പോസ്റ്റ്‌ മോർട്ടം / വിജില ചിറപ്പാട്‌


ആയിരം നാവുള്ള
ചിറകുയർത്തി
മൗനം എന്ന വാക്കിനു
തീ കൊളുത്തുന്നു.

ഞങ്ങൾ
ഉറക്കമില്ലാതെ
പൊരുതിക്കൊണ്ടിരിക്കുന്നവർ
ഒരു കൂടൊരുക്കാൻ
പാടുപെടുന്നവർ
ചായക്കപ്പിലെ ആവിപോലും
ആണൊരുത്തന്റെ
സിഗരറ്റ്‌ പുകയോ എന്ന്
ഭയപ്പെടുന്നവർ
ഒറ്റമുറിവീട്ടിൽ
നെഗ റ്റീവ്‌ പ്രസരിക്കുമ്പൊഴും
യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകളിൽ വിശ്വസിച്ചവർ,
ഞങ്ങളുടെ രക്തവും
മാംസവും
കൊത്തിത്തിന്നാർത്തു ചിരിക്കാൻ
പതുങ്ങിയിരിക്കുന്നവർ
വഴക്കങ്ങൾ ശീലമില്ലാത്ത ഞങ്ങളെ
തക്കം നോക്കി
ഇല്ലാതാക്കുമെന്നറിയാമായിരുന്നു.
നീതിയെന്നത്‌
നീറിക്കൊണ്ടിരിക്കുന്ന
വാക്കായി തുടരും,
മറ്റൊരു ഇരയുടെ
വാർത്തയെ കൊത്തും വരെ.
--------------------------------------------------------

Saturday, June 4, 2016

കടലിന്റെ കുട്ടി / കുരീപ്പുഴ ശ്രീകുമാർ


തിരിച്ചെന്നു വരുമെന്നു
കടല്‍ ചോദിക്കെ
ചിരിച്ചു നീരാവിക്കുട്ടി
പറന്നു പൊങ്ങി.
മഴവില്ലാല്‍ കരയിട്ട
മുകില്‍മുണ്ടായി
വിശാലാകാശപഥത്തില്‍
രസിച്ചു പാറി.
ഗിരികൂടച്ചുമലില്‍
ചെന്നിരുന്നു നോക്കി
ചെറുമഴത്തുള്ളികളായ്
പുഴയിലെത്തി
മണല്‍ക്കുണ്ടില്‍ തലകുത്തി
മരിച്ചു പോയി
തിരക്കയ്യാല്‍ കടല്‍
നെഞ്ചത്തിടിച്ചലറി!
-------------------------------

Friday, June 3, 2016

കാറ്റ്‌ തിടുക്കം / റഫീക്ക് അഹമ്മദ്


ഏകാന്തതയെ വലിച്ചു കൊണ്ടോടുന്ന
തീവണ്ടിയെന്നപോൽ
കാറ്റിനെ വ്യർത്ഥമായ്‌ നിന്നു കടയുന്ന
വൈദ്യുതപ്പങ്ക പോൽ
എത്ര വിചിത്രം തിടുക്കം
എന്തുപലബ്ധിയൊടുക്കം...

എങ്കിലും,
പങ്കകളൊക്കെ നിലയ്ക്കുന്ന നേരത്ത്‌
പാളങ്ങൾ തീരുന്നിടത്ത്‌
വേരുകളെല്ലാം പുറത്തിട്ടു നിൽക്കുന്നൊ-
രേതോ മരത്തിൻ ചുവട്ടിൽ
കണ്ടു ഞാൻ കാറ്റും തിടുക്കവും
കൈകോർത്തനങ്ങാതിരിക്കുന്നതായി.
--------------------------------------------

സൂര്യൻ / ഷീലാലാൽ


ഒഴുകുന്ന പുഴയിൽ നിന്നും
ഒരു കുമ്പിൾ കോരിയെടുത്ത്‌
ഇതെന്റെ പുഴയെന്ന്
ഞാൻ നിങ്ങളോടു പറയും.

കുഞ്ഞുമീനുകളെ കാട്ടിത്തന്ന്
നിങ്ങളുടെ ചൂണ്ടയോട്‌ ഗർജ്ജിക്കും
നിങ്ങളതു വലിച്ചെറിയുമ്പോൾ, നമുക്ക്‌
പരൽമീനുകളുടെ ഭാഷ മനസ്സിലാവും.
പിന്നെ നമ്മെ
ഒരു തിരമാലയുമെടുക്കില്ല.
തേയിലക്കാടുകൾക്കിടയിൽ ഉയർന്നുനിൽക്കുന്ന
ഓറഞ്ചു മരങ്ങൾ പോലെയാണപ്പോൾ
നിങ്ങളുടെ ഹൃദയം.
ചുറ്റിനും വിരിച്ച പരവതാനിയിലേക്ക്‌
തിളങ്ങുന്ന മഞ്ഞഗോളങ്ങൾ അടർന്നു വീഴുമ്പോൾ
ഇതെന്റെ സൂര്യനെന്ന്
തേയിലക്കാടുകൾ പറയും.
എന്റെ ഒരു കുമ്പിൾ പുഴയിലപ്പോൾ
നിങ്ങളുടെ കുഞ്ഞുസൂര്യൻ
ഇളകിയിളകി തിളങ്ങുന്നതു കാണാം.
----------------------------------------------------------