Thursday, December 13, 2018

വിചാരണ/സുധീർ രാജ്

വിചാരണ സമയത്ത്
ഹൃദയത്തിന്റെ കയ്യിൽ തെളിവൊന്നുമുണ്ടായിരുന്നില്ല.
ഒന്നും.
സ്‌കൂൾ വിട്ടുവരുന്ന കുഞ്ഞുങ്ങൾ
റോഡിലിട്ടു തട്ടിക്കളിച്ച മഴവില്ലിന്റെയൊരു തുണ്ടോ,

പരസ്പരം ചില്ലകൾ കോർത്ത്‌
ജലത്തിന് മീതേ നടന്നുപോയ
മരങ്ങളുടെ പൊട്ടിച്ചിരികളോ,

തണുത്ത രാത്രിയിൽ
ഉടൽ പൊഴിയും കാലത്തെയെരിച്ചു
മരിച്ചു പോയവർ കായുന്നയാഴിയോ,

മണൽക്കടലെത്താക്കാട്ടിലൊളിപ്പിച്ച
രണ്ടുപേരുമ്മവെക്കുമ്പോൾ മാത്രം പൂക്കുന്ന
കാല്പനികതയുടെ രഹസ്യമുല്ലകളോ,
അവനിലൂടവൾ കടന്നുപോയ മുറിവിലെ ഉപ്പു പരലോ,
ഒന്നുമില്ലായിരുന്നു.

(ലോഗരിതം ടേബിളായി മാറിയ കവിതാ പുസ്തകത്തിൽ നിറയെ
ചുവന്ന വരകളായിരുന്നു.).

തലച്ചോറിനാൽ തൂക്കിലേറ്റപ്പെടുന്ന
ഹൃദയത്തിന്റെ മാപ്പപേക്ഷ.
ചത്താലും തീരാത്ത ചാവിന്റെ രാത്രിയിൽ
നിറുകയിൽ പൂക്കുന്ന ചെമ്പരത്തി.

No comments:

Post a Comment