ഉള്ളിലെ കടല് വറ്റി
ഉപ്പ്പാത്രം പോലാകുമ്പോള്‍
ഉടുതുണിയില്ലാതെ
ഉപ്പട്ടിക്കിടയിലേക്കിറങ്ങി
പോകുന്നൊരുവളെക്കുറിച്ച്
ഒരു കഥയുണ്ട്..
പച്ചയിലകളിലേക്കവളുപ്പ് കുടയുന്നേരം പാതിയിലേറയും
ആകാശത്തേക്ക് തെറിച്ച് നക്ഷത്രമാവും
തെറിച്ച് നില്‍ക്കുന്ന
രണ്ട് നക്ഷത്രമെടുത്ത്
കൊണ്ടകെട്ടിയ മുടിയില്‍ തിരുകി വെക്കും
എന്തിനാണ് പാതിരാവിലിങ്ങനെ
ഇറങ്ങിനടക്കുന്നതെന്ന് ചോദിച്ച്
തോട്ടിന്‍ കരയിലെ
മാളത്തില്‍ നിന്ന്
തീട്ടഞെണ്ടുകള്‍ സദാചാരം ചമയുമ്പോള്‍
കണ്ണിലെ കോട്ടിമണികള്‍ ഉരുട്ടിയുരുട്ടി
അവള് പേടിപ്പിക്കും..
ഉപ്പട്ടിക്കിടയിലെ മുള്ളെടുത്ത് അവള്
മൂക്കുത്തിയിടുമ്പോള്‍
പറന്ന് വന്നൊരു മിന്നാമിനുങ്ങ്
അതില്‍ മഞ്ഞക്കല്ല് പതിക്കും
ഇഴഞ്ഞിഴഞ്ഞ് പോവുമ്പോള്‍
അഴിഞ്ഞഴിഞ്ഞ് പോയ
കുപ്പായമെല്ലാം ചേര്‍ത്ത് വെച്ച്
അവള് നാണം മറയ്ക്കും
തോട്ടിലെ വെളളം
ഉറങ്ങാന്‍ കിടന്നെന്നുറപ്പായാല്‍
ഒച്ചയുണ്ടാക്കാതെ
അവള് കണ്ണാടി നാേക്കും
നോക്കിനോക്കിയിരിക്കുമ്പോള്‍
നിലാവ് കേറി മടിയിലിരിക്കും
മുലയൂട്ടുമ്പോള്‍
'ഉപ്പിക്കുന്നുണ്ടോടാ' എന്ന് അവള്
ഉറക്കെ ചോദിക്കും
'കടലായിരുന്നല്ലേ.. കടലായിരുന്നല്ലേ'യെന്ന്
അവന്‍റെ കവിളുതുടിക്കും
വയറു നിറഞ്ഞെങ്കില്‍ ഇറങ്ങിപോടാ എന്ന്
അവള് നിറഞ്ഞ് തുളുമ്പും
അത് കഴിഞ്ഞ്
ഉപ്പട്ടിക്കിടയിലൂടെ കൈവീശിയൊരു നടത്തമുണ്ടവള്‍ക്ക്
കിഴക്ക് ഇരുട്ടിന് വെള്ളപുതച്ച് തുടങ്ങുമ്പോള്‍
മുള്ളന്‍ പന്നി മുള്ള് കുടയുംപോലെ
സൂര്യന്‍ പുതപ്പ് കുടയും
പോവുന്നില്ലേയെന്ന് ഉപ്പട്ടി തലകുലുക്കും
മഞ്ഞക്കല്ല് പറന്നിറങ്ങും
കൊണ്ടകെട്ടിയ മുടി അഴിഞ്ഞ് വീഴും
നക്ഷത്രം കളിക്കാന്‍ പോകും
കുപ്പായങ്ങളൊക്കെ നടത്തത്തിലവളും അഴിച്ചിടും
വന്നത് പോലെ തിരികെ പോകണമെന്നത് അവള്‍ക്ക് നിര്‍ബന്ധമാണ്..
പക്ഷേ ഉള്ളിലെ കടല് വറ്റിയതാണ്
ഉപ്പെല്ലാം പലയിടത്തായി കുടഞ്ഞും കളഞ്ഞതാണ്
അവളുപ്പട്ടിയെ നോക്കും
കടലതാ ഉള്ളില്‍
അതേ കടല്‍ എന്ന്
ഉപ്പട്ടി കണ്ണിറുക്കും
അവള് തൊട്ടുനോക്കും
ഉടലാഴത്തില്‍
ഉയിരാഴത്തില്‍
കടലാഴത്തില്‍ അതേ കടല്‍
* ഉപ്പട്ടി -കണ്ടല്‍വിഭാഗത്തില്‍ പെടുന്നത്