Sunday, May 30, 2021

..../ലിഖിത ദാസ്

ചില മനുഷ്യരിലെത്തുമ്പോൾ 
ഞാൻ വിയർത്തുപോവാറുണ്ട്.
സ്നേഹമേ...യെന്ന് 
അരുമയോടെ വിളിച്ച് 
പ്രേമത്തിന്റെ ചൂളക്കളങ്ങളിലേയ്ക്ക് 
അവരെന്നെ കയറ്റിയിരുത്തും.
ഇഷ്ടികച്ചുവരിന്റെ തണുവിൽ
ഞാനങ്ങനെ പുതഞ്ഞിരിക്കും.
പിന്നെ പതുക്കെയവർ 
എന്റെ ഹൃദയത്തിന്റെ 
ഏറ്റവും പ്രാചീനമായൊരു 
മുറിവിലേയ്ക്ക് ഊതിത്തുടങ്ങും..
തണുവിലേയ്ക്ക് ചൂടെരിഞ്ഞു കേറും. 
ഉടലു പുകഞ്ഞുനീറും
വിയർത്തുവിയർത്ത് 
കാലുവെന്ത് ശ്വാസം വിലങ്ങി 
ഞാനങ്ങനെ വീണുപോവും.

ചില മനുഷ്യരിലേയ്ക്കെത്തുമ്പോൾ
വല്ലാതെ തണുത്തുപോവും.
ഉള്ളംകയ്യിലെ ഒടുവിലത്തെ ചൂടും 
പങ്കിട്ടു കൊടുത്താലും
കെട്ടും തെളിഞ്ഞും പ്രതീക്ഷയുടെ 
ഒരു കൽക്കണ്ടക്കഷ്ണം പോലും 
എനിയ്ക്കു വേണ്ടി 
കയ്യിൽ കരുതാത്തവർ.
ഒരിക്കലുമവസാനിക്കാത്ത
സ്നേഹരാഹിത്യത്തിന്റെ 
മഞ്ഞുപർവ്വതങ്ങളിൽ കിടന്ന് 
ഞാനാ നിമിഷം 
മരിച്ചുപോകാൻ ആഗ്രഹിക്കും.

ചില മനുഷ്യരിലേയ്ക്കെത്തുമ്പോൾ 
സ്വപ്നമാണ്..
ഒരു ചിറക്...
നൂറുനൂറാകാശവില്ലുകൾ
എന്നിലേയ്ക്കൊരു കടൽപ്പാത.
അവൻ ഷെഹ്റിയാർ - 
ഞാൻ തുന്നുന്ന കഥകളിലേയ്ക്ക്
ചേർന്നുകിടന്ന് 
അയാളെന്റെ കൈപിടിച്ച്
പച്ചയുള്ള അകക്കാടുകളിലേയ്ക്ക് 
കൊണ്ടുപോവും.
കവിളിൽ നിലാപ്പൊടി
ഉടലിൽ മഞ്ഞനക്ഷത്രത്തരികൾ
അയാൾക്ക് ലോകത്തിലെ 
ആദ്യപൂവിന്റെ മണം.
ഞാൻ ആദിയിലെ 
ആദ്യത്തെ മധുരപ്പഴം.
തണുത്ത വള്ളിച്ചുറ്റുകൾ.
സ്വപ്നമാണ്.. സ്വപ്നമാണ്..
ഉണർവ്വിൽ എനിയ്ക്കെന്നെ 
കെട്ടിപ്പിടിയ്ക്കണമെന്ന് -
ഉറക്കെ കരയണമെന്ന് തോന്നും.

ചില മനുഷ്യരെയെനിയ്ക്ക് 
കാഞ്ഞിരം പോലെ കയ്ക്കാറുണ്ട്.
അയാളുടെ മുതുകിൽ ഞാൻ 
ഇരുട്ടെന്ന് പച്ചകുത്തും.
ചതഞ്ഞ പൂക്കൾ കൊണ്ടും
ഒഴിഞ്ഞ ഹൃദയം കൊണ്ടും മാത്രം
അയാളെന്റെ കൈ പിടിച്ച്
പാർപ്പൊഴിഞ്ഞൊരു തുരുത്തിലേയ്ക്ക് 
കടത്തിക്കൊണ്ടുപോവും.
എനിയ്ക്കുമയാൾക്കുമിടയിൽ
പാതിചത്തൊരു കിളിയുടെ 
തുറന്ന ചുണ്ടുകൾ.. 
ഒഴിഞ്ഞ കൂട്..
ശവംതീനിയുറുമ്പുകൾ..
ചാവുവിളിയൊച്ചകൾ.
ശൂന്യമായ ചുണ്ടുകളിൽ
എനിയ്ക്കയാളെയപ്പോൾ 
കയ്പ്പു രുചിയ്ക്കും...ചവർക്കും.

ചില മനുഷ്യരിലേയ്ക്കെത്തുമ്പോൾ 
ഞാൻ മരിച്ചു പോവാറുണ്ട്.
തോറ്റ സൈന്യാധിപന്റെ 
മുഖമാണയാൾക്ക്.
നിറയെ മുറിപ്പാടുകൾ.. ചാലുകൾ.
നിരായുധനായ ആ മനുഷ്യനെന്റെ
കാൽക്കൽ കുനിഞ്ഞിരിക്കും - 
ചുംബിക്കും.
എന്റെ മടിയിലേയ്ക്ക് തലപൂഴ്ത്തി
വാക്കുറയ്ക്കാത്ത കുഞ്ഞിനെപ്പോലെ 
അയാളിടറും‌‌...
തളർന്നുറങ്ങും.
അയാളുടെ ഉടലിലെനിയ്ക്ക് 
പാൽമണം ശ്വസിക്കും.
ആ  മനുഷ്യനിലേയ്ക്കെത്തുമ്പോൾ മാത്രം
അയാളോടുള്ള  സ്നേഹത്തിൽ വീണ് 
ഞാൻ മരിച്ചുപോയേക്കും. 
തീർച്ചയായും മരിച്ചുപോയേക്കും.
നോക്കൂ...
എത്ര സ്വസ്ഥമായാണ് ഞാനപ്പോൾ
ഉറങ്ങുന്നത്..!

Thursday, May 27, 2021

മരണപുസ്തകം/വീരാൻകുട്ടി

മുഖപുസ്തകത്താളിൽ, 
എവിടെയോ കണ്ടുമറന്നയാളിൻ്റെ ഫോട്ടോ 
കണ്ണിൽപെട്ടതും
മരിച്ചുപോയതാകുമോ എന്ന നടുക്കം മായുംമുമ്പ്
ചുവടെയെഴുതിയത് കാണുന്നു:
പിറന്നാളുമ്മകൾ!

കല്യാണഫോട്ടോ ആണ്
കുഞ്ഞായിരുന്നപ്പോളെടുത്തതാണ്
താരത്തോടൊത്തുള്ളതാണ്
സമ്മാനം വാങ്ങിക്കുന്നതാണ്
കവിത ഉച്ചത്തിൽ ചൊല്ലുന്നതാണ്
ജാഥയ്ക്ക് മുന്നിൽ നിന്നതാണ്
ഷാപ്പുകറി തൊട്ടുകൂട്ടുന്നതാണ്
ഇണയോടൊപ്പം കടൽ കാണുന്നതാണ്
പിരിഞ്ഞതിൻ്റെ ആഘോഷമാണ്
കണ്ണടച്ചു പാടുന്നതാണ്
ഒറ്റയ്ക്ക് ദൂരം താണ്ടി മടങ്ങുന്നതാണ്...

മരണം കണ്ടുപിടിക്കും മുമ്പത്തെ
മനുഷ്യൻ്റെ 
കൂസലില്ലായ്മയിൽ
തിളങ്ങിയിരുന്നു മുഖമോരോന്നും,
മരിക്കാത്ത കാമനകളുടെ ത്രസിപ്പിൽ
തുടുത്തിരുന്നു.

ഇപ്പോൾ
അവരുടെയെല്ലാം ഫോട്ടോ മുഖപുസ്തകത്തിൽ കാണുമ്പോൾ
പിറന്നാൾ ,
വിവാഹ വാർഷികം
എന്നെല്ലാം വിചാരിച്ച് 
'ഇനിയുമീവിധം സുഖമായിരുന്നാലും' എന്ന്
മനസാ ആശംസിച്ചു തീരുംമുമ്പ്
ചുവടെ കാണുന്നു:
ആദരാഞ്ജലികൾ!
വിശ്വാസം വരാതെ 
പല പല ഫോട്ടോയിലുടെ 
വിരൽ നീങ്ങി നീങ്ങിപ്പോകുമ്പോൾ എല്ലാറ്റിലും തെളിയുന്നത്:
ഈ ചിരി ഇനിയില്ല
ആ വെളിച്ചവും പൊലിഞ്ഞു
പ്രണാമം
വിട!

അതിലൊന്നിൽ
സ്വന്തം മുഖവും കാണാനിടവന്ന പേക്കിനാവിൽ 
ഞെട്ടിയുണർന്ന് 
വിറയലോടെ
അടച്ചു വയ്ക്കുന്നു
മരണപുസ്തകം.

Thursday, May 20, 2021

അകലത്തിന്റെ ശീലം/ടി.പി.വിനോദ്

ആ നഷ്ടം
എനിക്കൊരു സ്ഥലമാണ്

ഇടയ്ക്കിടയ്ക്ക്
ആരോടും പറയാതെ
എന്നോടു പോലുംആലോചിക്കാതെ
അവിടേക്ക് പോയി
അൽപമകലെ നിന്ന്
പാത്തും പതുങ്ങിയും
നോക്കിക്കണ്ട്
തിരിച്ചു വരാറുണ്ട്

അങ്ങോട്ടേക്കും
തിരിച്ചുമുള്ള വഴി
എപ്പോഴും ഓർമ്മ  നിൽക്കാനുള്ള
ഒരു വ്യായാമമാണ്
മൊത്തത്തിലുള്ള എന്റെ ജീവിതമെന്ന്
വേറെ ചിലപ്പോൾ എനിക്ക് തോന്നും,
പാത്തും പതുങ്ങിയും
അൽപം അകന്നു നിന്നും

ഏത് നഷ്ടം എന്നത് പ്രസക്തമല്ല
നിർണയിക്കാനോ
നിർവ്വചിക്കാനോ പറ്റാത്ത
അകലത്തിലുള്ള
വേറെയൊരു സ്ഥലമാണ്
അപ്രസക്തി.


പക്ഷികളുടെ രാഷ്ട്രം /സച്ചിദാനന്ദൻ

പക്ഷികളുടെ രാഷ്ട്രത്തിന്
അതിര്‍ത്തികളില്ല. ഭരണഘടനയും.
പറക്കുന്നവരെല്ലാം അവിടത്തെ പൗരരാണ്
കവികള്‍ ഉള്‍പ്പെടെ.
ചിറകാണ് അതിന്റെ കൊടി.

മൈന കുയിലിനോട് ശബ്ദത്തിന്റെ
കാര്യം പറഞ്ഞു വഴക്കിടുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?
അഥവാ കൊക്ക് കാക്കയെ
നിറത്തിന്റെ പേരില്‍ ആട്ടിയോടിക്കുന്നത്?
കൂമന്‍ മൂളുന്നത്  മയിലിനോടുള്ള
അസൂയ കൊണ്ടല്ല തന്നെ.

ഒട്ടകപ്പക്ഷിയോ പെന്‍ഗ്വിനോ തങ്ങള്‍ക്കു
പറക്കാനാവില്ല എന്ന് എപ്പോഴെങ്കിലും
പരാതി പറഞ്ഞിട്ടുണ്ടോ?

പിറക്കുമ്പോഴേ അവര്‍ ആകാശവുമായി
സംസാരിച്ചു തുടങ്ങുന്നു
മേഘങ്ങളും മഴവില്ലുകളും ഇറങ്ങിവന്ന്
അവരെ  തലോടുന്നു; ചിലപ്പോള്‍ അവര്‍
തങ്ങളുടെ നിറങ്ങള്‍ പക്ഷികള്‍ക്ക് കൊടുക്കുന്നു,
മേഘം പ്രാവിനോ മഴവില്ല്
പഞ്ചവര്‍ണ്ണക്കിളിക്കോ എന്ന പോലെ.

സൂര്യനും ചന്ദ്രനുമിടയിലിരുന്നാണ്
അവര്‍ സ്വപ്നം കാണുന്നത്. അപ്പോള്‍ ആകാശം
നക്ഷത്രങ്ങളും മാലാഖമാരും കൊണ്ടു നിറയുന്നു.

അവര്‍ ഇരുട്ടിലും കാണുന്നു, യക്ഷികളോടും
ഗന്ധര്‍വന്മാരോടും സല്ലപിക്കുന്നു.
ഭൂമിയിലേക്ക് അവര്‍ ഇറങ്ങിവരുന്നത്
പുല്ലുകളെ ആശ്വസിപ്പിക്കാനോ പൂവുകളെ
പാടി വിരിയിക്കാനോ മാത്രമാണ്.
അവര്‍ തിന്നുന്ന പഴങ്ങളും പുഴുക്കളും
അവരുടെ മുട്ടയില്‍ നിന്ന് കുഞ്ഞിച്ചിറകുകളുമായി
വിരിഞ്ഞിറങ്ങുന്നു.  

ഞാന്‍ ഒരു ദിവസം പക്ഷിയായി ജീവിച്ചു നോക്കി.
എനിക്കു രാഷ്ട്രം നഷ്ടപ്പെട്ടു.

രാഷ്ട്രം ഒരു കൂടാണ്. അത് തീറ്റ തരുന്നു.
ആദ്യം നിങ്ങളുടെ പാട്ടിനുവേണ്ടി;
പാട്ട് അതിന്നു പിടിക്കാതാവുമ്പോള്‍
നിങ്ങളുടെ  മാംസത്തിനു വേണ്ടി.
__________________________________