ചില മനുഷ്യരിലെത്തുമ്പോൾ
ഞാൻ വിയർത്തുപോവാറുണ്ട്.
സ്നേഹമേ...യെന്ന്
അരുമയോടെ വിളിച്ച്
പ്രേമത്തിന്റെ ചൂളക്കളങ്ങളിലേയ്ക്ക്
അവരെന്നെ കയറ്റിയിരുത്തും.
ഇഷ്ടികച്ചുവരിന്റെ തണുവിൽ
ഞാനങ്ങനെ പുതഞ്ഞിരിക്കും.
പിന്നെ പതുക്കെയവർ
എന്റെ ഹൃദയത്തിന്റെ
ഏറ്റവും പ്രാചീനമായൊരു
മുറിവിലേയ്ക്ക് ഊതിത്തുടങ്ങും..
തണുവിലേയ്ക്ക് ചൂടെരിഞ്ഞു കേറും.
ഉടലു പുകഞ്ഞുനീറും
വിയർത്തുവിയർത്ത്
കാലുവെന്ത് ശ്വാസം വിലങ്ങി
ഞാനങ്ങനെ വീണുപോവും.
ചില മനുഷ്യരിലേയ്ക്കെത്തുമ്പോൾ
വല്ലാതെ തണുത്തുപോവും.
ഉള്ളംകയ്യിലെ ഒടുവിലത്തെ ചൂടും
പങ്കിട്ടു കൊടുത്താലും
കെട്ടും തെളിഞ്ഞും പ്രതീക്ഷയുടെ
ഒരു കൽക്കണ്ടക്കഷ്ണം പോലും
എനിയ്ക്കു വേണ്ടി
കയ്യിൽ കരുതാത്തവർ.
ഒരിക്കലുമവസാനിക്കാത്ത
സ്നേഹരാഹിത്യത്തിന്റെ
മഞ്ഞുപർവ്വതങ്ങളിൽ കിടന്ന്
ഞാനാ നിമിഷം
മരിച്ചുപോകാൻ ആഗ്രഹിക്കും.
ചില മനുഷ്യരിലേയ്ക്കെത്തുമ്പോൾ
സ്വപ്നമാണ്..
ഒരു ചിറക്...
നൂറുനൂറാകാശവില്ലുകൾ
എന്നിലേയ്ക്കൊരു കടൽപ്പാത.
അവൻ ഷെഹ്റിയാർ -
ഞാൻ തുന്നുന്ന കഥകളിലേയ്ക്ക്
ചേർന്നുകിടന്ന്
അയാളെന്റെ കൈപിടിച്ച്
പച്ചയുള്ള അകക്കാടുകളിലേയ്ക്ക്
കൊണ്ടുപോവും.
കവിളിൽ നിലാപ്പൊടി
ഉടലിൽ മഞ്ഞനക്ഷത്രത്തരികൾ
അയാൾക്ക് ലോകത്തിലെ
ആദ്യപൂവിന്റെ മണം.
ഞാൻ ആദിയിലെ
ആദ്യത്തെ മധുരപ്പഴം.
തണുത്ത വള്ളിച്ചുറ്റുകൾ.
സ്വപ്നമാണ്.. സ്വപ്നമാണ്..
ഉണർവ്വിൽ എനിയ്ക്കെന്നെ
കെട്ടിപ്പിടിയ്ക്കണമെന്ന് -
ഉറക്കെ കരയണമെന്ന് തോന്നും.
ചില മനുഷ്യരെയെനിയ്ക്ക്
കാഞ്ഞിരം പോലെ കയ്ക്കാറുണ്ട്.
അയാളുടെ മുതുകിൽ ഞാൻ
ഇരുട്ടെന്ന് പച്ചകുത്തും.
ചതഞ്ഞ പൂക്കൾ കൊണ്ടും
ഒഴിഞ്ഞ ഹൃദയം കൊണ്ടും മാത്രം
അയാളെന്റെ കൈ പിടിച്ച്
പാർപ്പൊഴിഞ്ഞൊരു തുരുത്തിലേയ്ക്ക്
കടത്തിക്കൊണ്ടുപോവും.
എനിയ്ക്കുമയാൾക്കുമിടയിൽ
പാതിചത്തൊരു കിളിയുടെ
തുറന്ന ചുണ്ടുകൾ..
ഒഴിഞ്ഞ കൂട്..
ശവംതീനിയുറുമ്പുകൾ..
ചാവുവിളിയൊച്ചകൾ.
ശൂന്യമായ ചുണ്ടുകളിൽ
എനിയ്ക്കയാളെയപ്പോൾ
കയ്പ്പു രുചിയ്ക്കും...ചവർക്കും.
ചില മനുഷ്യരിലേയ്ക്കെത്തുമ്പോൾ
ഞാൻ മരിച്ചു പോവാറുണ്ട്.
തോറ്റ സൈന്യാധിപന്റെ
മുഖമാണയാൾക്ക്.
നിറയെ മുറിപ്പാടുകൾ.. ചാലുകൾ.
നിരായുധനായ ആ മനുഷ്യനെന്റെ
കാൽക്കൽ കുനിഞ്ഞിരിക്കും -
ചുംബിക്കും.
എന്റെ മടിയിലേയ്ക്ക് തലപൂഴ്ത്തി
വാക്കുറയ്ക്കാത്ത കുഞ്ഞിനെപ്പോലെ
അയാളിടറും...
തളർന്നുറങ്ങും.
അയാളുടെ ഉടലിലെനിയ്ക്ക്
പാൽമണം ശ്വസിക്കും.
ആ മനുഷ്യനിലേയ്ക്കെത്തുമ്പോൾ മാത്രം
അയാളോടുള്ള സ്നേഹത്തിൽ വീണ്
ഞാൻ മരിച്ചുപോയേക്കും.
തീർച്ചയായും മരിച്ചുപോയേക്കും.
നോക്കൂ...
എത്ര സ്വസ്ഥമായാണ് ഞാനപ്പോൾ
ഉറങ്ങുന്നത്..!
No comments:
Post a Comment