അടുക്കളയില്‍
മീന്‍മുറിക്കുമ്പോഴൊക്കെ
എനിക്ക് കരച്ചില്‍ വരും
ചട്ടിയില്‍ നിന്നോരോന്നായെടുത്ത്
വാലും കുഞ്ഞിച്ചിറകും
മുറിച്ച് മാറ്റുമ്പോള്‍
നമ്മളെ അകറ്റുന്നതെന്തോ പോലെന്‍റെ മനസ്സിടറും
തലമുറിച്ചെടുക്കുമ്പോള്‍
തുറന്നു പിടിച്ച കണ്ണില്‍
നിന്‍റെ മുഖം തെളിയും
ചത്തമീനിനെന്തിനീ
ചോരയും നീരുമെന്നോര്‍ത്ത്
കുടലിലൂടെ കൈയ്യിട്ട്
സകലതും വലിച്ച് പുറത്തിടും
അതില്‍തന്നെ നോക്കി നില്‍ക്കെ
നമ്മുടെ സ്വപ്നങ്ങളില്‍
ചോരപൊടിയുന്നതാണെന്ന് തോന്നും
ചത്താലും
വെടിപ്പായിരിക്കട്ടെയെന്നോര്‍ത്ത്
രണ്ട് മൂന്ന് വെള്ളത്തില്‍
ഞാനവയെ കുളിപ്പിക്കും
വെട്ടിത്തിളങ്ങി കിടക്കുന്നത് കാണുമ്പോള്‍
ചിരിക്കുന്നതായേ ആര്‍ക്കും തോന്നൂ
നമ്മളെ പോലെ തന്നെ..
ഉപ്പും മുളകും മഞ്ഞളും ചേര്‍ത്ത്
പെരക്കിവെച്ച് നോക്കുമ്പോള്‍
എന്‍റെ നെഞ്ചെരിയും
ആരും കാണാതെ ഞാനതിനെ
ഒന്നൂടെ കഴുകിയെടുക്കും
നിനക്ക് ഭ്രാന്താണോടീന്ന് ആരെങ്കിലും ചോദിക്കും വരെ
ഞാനത് തുടരും
ഭ്രാന്താണോന്ന്
നീ ചോദിക്കും വരെയേ
എന്റെ സ്നേഹവും
തുടരുകയുള്ളൂ
എന്നത് പോലെ തന്നെ.
എത്ര കഴുകിയാലും പോവാതെ
മീൻമണം കൈയ്യാകെ പരന്നിരിക്കുമ്പോൾ
സ്നേഹത്തെ പൂവിൻ സുഗന്ധത്തിലോർത്തെടുക്കുന്നതിൽ
എനിക്ക് നിരാശ തോന്നും
എത്ര ഹ്രസ്വമീ പൂവിൻ മണം
എത്രമേൽ തീവ്രമീ മീൻ മണം
എന്നെനിക്ക് കവിതയെഴുതാന്‍ തോന്നും
എന്റെ ജലമേ എന്ന് നിന്നെയെഴുതിയതിന്
തൊട്ടരികെ
എന്റെ മീനേയെന്ന് ഞാൻ കുറിച്ചിടുകയാണ്
പെട്ടെന്നൊരിളക്കം എനിക്ക് തോന്നിയതാവാം..
No comments:
Post a Comment