കിളിമരമെന്നാല്‍
നിരന്ന ഞെട്ടിയില്‍
കിളികള്‍ പൂക്കുന്ന
പുതുമരമല്ല...
ഒരിക്കലെന്നച്ഛന്‍
ചെറിയ തോര്‍ത്തുമുണ്ടുടുത്ത്
വേര്‍ത്തു മേല്‍നനഞ്ഞ്
കോടാലി തറച്ചു വീഴ്ത്തിയ
പഴയൊരു മരം...
കരണ്ടു തീര്‍.,ന്നകം
തുളഞ്ഞു പൊള്ളയായ്
മറിഞ്ഞു വീഴുവാന്‍
ചെരിഞ്ഞ പാഴ്മരം
ചുവന്ന ഫ്രോക്കണി-
ഞ്ഞിരട്ടകള്‍ ഞങ്ങള്‍
കിളികിളിയെന്നു
കലമ്പി ചുറ്റിലും
മഴ പൊടിഞ്ഞപ്പോള്‍
കുലച്ച വാഴത-
ന്നില മുറിച്ചച്ഛന്‍
കുട ചൂടിത്തന്നൂ...
കിതപ്പുകള്‍ വെട്ടി-
ത്തുറന്ന പൊത്തുകള്‍-
ക്കകത്തെങ്ങും ഒരു
കിളിയില്ലാ,
മരം,വിറകുകൊള്ളിയായ്
എവിടെപ്പോയച്ഛന്‍?
മഴയിതാ വന്നീ-
യിലയെ നൂറായി-
പ്പിളര്‍ന്നു ഞങ്ങളെ
നനയ്ക്കയാണച്ഛാ..
(എരിയുമോര്‍മ്മതന്‍
ചുടലയില്‍,ഇന്നും
മരവുമച്ഛനുമിടകലരുന്നു).
------------------------------
No comments:
Post a Comment