Sunday, January 1, 2017

വേദം / യൂസഫലി കേച്ചേരി


ഉമ്മ വിളമ്പിയ ചോറിന്നു മുൻപിൽ ഞാൻ
ചുമ്മാ മുഖംകറുപ്പിച്ചിരുന്നു
ഉപ്പേരിയില്ല ,കറിയില്ല ,മീനില്ല
പപ്പടം 'വട്ട'ത്തിലാണുതാനും
ചോറ്റുപാത്രത്തിന്റെ പൊട്ടുപോലുള്ളൊരു
ചോന്നുള്ളിച്ചമ്മന്തി - അത്രമാത്രം
ദേഷ്യം കുറച്ചല്ല വന്നതെനിക്കപ്പോൾ,
ദേഹമൊട്ടാകെ വിറച്ചിരുന്നു .
വല്ലാതെയില്ല വിശപ്പെനിക്കെങ്കിലും
വല്ലായ്മയുണ്ടെന്നു ഞാൻ നടിച്ചു
ഉണ്ണാൻ തുടങ്ങിയാൽ വിണ്ണുന്നൊരുണ്ണിയാ -
യെണ്ണുമാറുണ്ടന്നെൻ വീട്ടിലെന്നെ .
എങ്കിലും തീൻമേശ വിട്ടു പരിഭവി -
ച്ചെങ്ങോട്ടെന്നില്ലാതെ ഞാൻ നടന്നു .
പൊട്ടലും ചീറ്റലുമായി ഞാൻ വീടിന്റെ
പിൻപുറത്തേയ്ക്കൊന്നു പാളിനോക്കി .
അപ്പോൾ ഞാൻ കണ്ടു വടക്കിനി മുറ്റത്തൊ -
രാൾക്കൂട്ടം , പാവങ്ങളെന്നയൽക്കാർ
കൂടിയിരിക്കയാണുമ്മയവർക്കൊക്കെ
ചൂടുള്ള കഞ്ഞി പകർന്നിടുന്നു .
ഓടിക്കളിക്കുന്നുണ്ടാ 'പഷ്ണി 'ക്കഞ്ഞിയി -
ലോരോ നെടിയരിവറ്റു മാത്രം .

അന്നൊക്കെയെൻ നാട്ടിൽ ഭൂരി ജനങ്ങൾക്കും
അന്നമൊരു സ്വപ്നമായിരുന്നു
ആംഗലവാഴ്ചയും യുദ്ധക്കെടുതിയും
ആകെയെൻ ഗ്രാമം തകർത്തിരുന്നു .

തന്തമാർ ,തള്ളമാർ ,കുട്ടികളന്യോന്യം
തള്ളിമാറ്റുന്നു , കലമ്പിടുന്നു
ഒട്ടു ചിലർ കഞ്ഞി മോന്തി പിരിയുന്നു
മറ്റും പലർ വന്നു ചേർന്നിടുന്നു .
അമ്പാർന്നു കഞ്ഞി വിളമ്പുവാൻ മുറ്റത്തു
കുമ്പിട്ടു നിൽപ്പത്തിനുള്ളിൽ ,ദൂരെ
എന്നെക്കണ്ടുമ്മയരികിലെത്തി ചൊല്ലി:
''നന്നേ തിരക്കായിരുന്നു മോനേ
പറ്റീല മീൻകറിയുണ്ടാക്കാൻ ; ഇക്കണ്ട
പട്ടിണിക്കാർക്കൊക്കെ കഞ്ഞി വേണ്ടേ ?
വിണ്ണുവാൻ നിൽക്കാതെ ചമ്മന്തിച്ചോറുണ്ടെ -
ന്നുണ്ണി പോ ,നേരമായ് ബെല്ലടിക്കാൻ
നാലുമണി വിട്ടു നീ വരുമ്പോഴേക്കും
അയിലച്ചാറുണ്ടാക്കി വെച്ചിടാം ഞാൻ .''
ഇത്രയും ചൊല്ലി പിരിഞ്ഞുപോയുമ്മ ,എ -
ന്നുൾത്തട്ടിൻ കാപട്യം വെന്തെരിഞ്ഞു .
ഉണ്ണാവ്രതവുമായന്യരെയൂട്ടുന്നൊ -
രെന്നുമ്മതൻ യജ്ഞം കണ്ടു നിൽക്കെ
നീറുമെന്നുള്ളം കുറുകീ : പഴയരി -
ച്ചോറെനിക്കുണ്ടല്ലോ വേണ്ടുവോളം ;
പഞ്ഞക്കെടുതിയിൽ നീറുവോർ വറ്റില്ലാ -
ക്കഞ്ഞിക്കിരന്നു വലഞ്ഞിടുമ്പോൾ !
പിന്നെ ഞാൻ വൈകിയി ,ല്ലെന്നുടെ ചോറുമാ -
യുമ്മതൻ പിന്നിൽ പതുങ്ങിയെത്തി
ഉള്ളലിഞ്ഞോതിനേൻ :
''എൻ ചോറുമാ കഞ്ഞി -
വെള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ .''
പൊട്ടിക്കരഞ്ഞുമ്മ മാറോടു ചേർത്തെന്നെ -
കെട്ടിപ്പിടിച്ചു വിതുമ്പി മെല്ലെ :
''ഏതൊന്നറിഞ്ഞാൽ മറ്റെല്ലാമറിയാ ,മാ -
വേദം വിശപ്പെന്നറിഞ്ഞുകൊണ്ടാൽ
പൈയ്ക്കുന്ന പള്ളയ്ക്കിരതേടി വാടുന്ന
പാവത്തിൽ കാണാം പടച്ചവനെ .''
-----------------------------------------------



 

No comments:

Post a Comment