Saturday, October 13, 2018

എന്തു പറ്റിയെന്നു ചോദിക്കുന്നു / ഡോണ മയൂര

വേരിനുള്ളിൽ
കാറ്റൊളിപ്പിച്ച പൂവു പോൽ
നെഞ്ചിനുള്ളിൽ സൂക്ഷിച്ച
രഹസ്യമിത്ര സ്പഷ്ടമായ്
തെളിച്ചെടുത്ത് പുറത്തുകാട്ടുന്നത്

ചത്തുപോയൊരു
അനാഥജീവിയെ
ഒരൽപം മണ്ണുമാന്തി
കുഴിച്ചിട്ടതിനു മേൽ
എടുത്തു വച്ച
കല്ലുകൾ പോലെ
ഒളിപ്പിക്കാൻ ശ്രമിക്കുന്നു
കുഴിഞ്ഞ കണ്ണുകളും

വിരഹം കാർന്നു തിന്ന
ശരീരത്തിലിപ്പോഴും
ഒരൽപ്പം ബാക്കിയായി
പിടയ്ക്കുന്ന പ്രാണനും.

കൊഴിഞ്ഞു പോയതിൻ
ബാക്കിയിൽ നോക്കി
എന്തു പറ്റിയെന്ന് ചോദിക്കുന്നു.
_______________________________

Sunday, October 7, 2018

ഇട്ടെറിഞ്ഞ് പോയ വീട് / അനസ്‌ ബാവ

അച്ഛൻ
ഇട്ടെറിഞ്ഞു പോയ
വീട്ടിലെ കുട്ടിക്ക്,
ആകാശത്തോളം
വലിപ്പത്തിൽ
അമ്മയുടെ
കരുതലുണ്ടാകും.

അരിവാള് തുടച്ച്
കാട്ടുപുല്ലിന്റെ മണം             
മായ്ച്ച്,കാലിലെ മണ്ണ്
കളയാനുള്ള നേരം
വേണമെന്നു മാത്രം.

അച്ഛൻ ഇട്ടെറിഞ്ഞു                              
പോയ കുട്ടിയുടെ വീടിന്,
ഉറക്കം നടിച്ച് ഉറങ്ങാതെ
കിടക്കുന്ന കനലിന്റെ
കാവലുണ്ടാകും.

വില കുറഞ്ഞ
പൂട്ടുണ്ടാവും,
അരയാത്ത
അമ്മിയുടെ പിറകിൽ
ചാവി പൂഴ്ത്താനുള്ള
പഴുതുണ്ടാവും.

കിണറോളം കുഴിഞ്ഞ
കണ്ണിൽ, മാനത്തോളം
ഉയത്തിൽ പ്രതീക്ഷയുടെ
പട്ടമുണ്ടാകും.

നിസ്സഹായതകൾ                  
ഒളിപ്പിച്ചു വെച്ച
പെട്ടിയുണ്ടാകും,
നനയാതെ സൂക്ഷിച്ച
രസീതികളുണ്ടാവും.

അച്ഛൻ ഇട്ടെറിഞ്ഞു                        
പോയ വീട്ടിൽ അച്ഛനെ            
പഴിച്ചാലും അക്ഷരം                        
മിണ്ടാത്ത കുട്ടികളുണ്ടാവും.

കെട്ടുപോയിട്ടും മാറ്റാത്ത          ബൾബുകളുണ്ടാവും,             
മാസം മറിഞ്ഞിട്ടും                  
മറിച്ച് വെക്കാത്ത                    
കലണ്ടറുണ്ടാവും.

മേൽക്കൂരയോളം
വലിപ്പത്തിൽ ചോർച്ചയിൽ
ഓട് കുത്താനുള്ള
വടിയുണ്ടാകും.. പാമ്പിനെ
കരുതി മുളങ്കോലുണ്ടാവും.

തവിയുണ്ടാവും
തകരമുണ്ടാവും
വഴിയിലേക്ക് തുറന്ന
ജനാലകളുണ്ടാവും
വരുന്നവർക്കെല്ലാം
കാല് തുടക്കാൻ
നുരുമ്പിയ ഉടുപ്പിന്റെ
മുറിയുണ്ടാവും..

ഇടക്കിടക്ക്..                     
മഴുപോലെ മൂർച്ഛയുള്ള
നിശബ്ദതയുണ്ടാവും,
മഴ പോലെ കനത്ത
ഒച്ചകളുണ്ടാവും.

അച്ഛൻ ഇട്ടെറിഞ്ഞു                        
പോയ വീട്ടിലെ കുട്ടി
മക്കളെ തോളീന്നിറക്കാത്ത
അച്ഛനായിരിക്കും..

അവന്റെ അമ്മ,                       
നിറങ്ങൾ വിരിച്ചുറങ്ങുന്ന
ദൈവമായിരിക്കും.
__________________________

Thursday, October 4, 2018

കവിതേ..... / ഉമാ രാജീവ്

കഴുത്തറ്റം വരളുമ്പോൾ
തുടം കോരി മോന്താനും

അകത്തുള്ളം പുകയുമ്പോൾ
എടുത്തങ്ങു ചാടാനും

അടിമുടി പെരുക്കുമ്പോൾ
തടം കോരി തേവാനും

അടങ്ങാത്ത പൊടിപൊങ്ങി
മനസ്സറ്റം മറയുമ്പോൾ
പാള കോട്ടി വിരൽ വീശി
തളിച്ചിട്ടൊന്നമർത്താനും

ഉരുൾപൊട്ടും  കലക്കത്തിൻ 
കറ നീറ്റി തെളിയൂറ്റി-ഇരു
ചെറുമിഴി ചെപ്പിലേക്കു
ചാലു കീറി തിരിക്കാനും

ഉള്ളിലുള്ള മൺ നനവേ........
___________________________

നിലാവിന്റെ ആട്ടം രണ്ടാം ദിവസം / ബൈജു മണിയങ്കാല

ആരുടെ ഭൂപടമാണ്
വേദനയുടെ കാത്

എഴുതിയിട്ട്
തീരുന്നതിന് മുമ്പ്
എഴുതിയിട്ടില്ല
എന്ന് പേരിടുന്ന
കവിത പോലെ
ജീവിതം

ധ്യാനത്തിന്റെ കതക് ചാരി
പുറത്തേയ്ക്കിറങ്ങുന്ന
പൂമ്പാറ്റയിലെ ബുദ്ധൻ

ആരോ തരിശ്ശിട്ടിരിയ്ക്കുന്ന
'ഉപമ' പോലെ
ഒരാൾ

ഓരോരോ മരങ്ങളായി
ഇറങ്ങിപ്പോകുന്നു
വീട് മാറിക്കയറിയ കാട്

അതിന്റെ തെളിവ് പോലെ
പോകുന്നതിന്റെ
തൈകളാവുകയാണ്
കാലടികൾ..

നടന്നുപോകുന്ന
തെരുവിന്റെ ഓരത്ത്
കുരുവികൾ കൂടുവെച്ച
ട്രാഫിക്ക് സിഗ്നൽ

അതിനും
തൈയ്കളുണ്ട്
ഒരു പക്ഷേ എന്ന നിറങ്ങളിൽ

പച്ച കത്തിമാറും മുമ്പ്
ഇൻഡിക്കേറ്ററിൽ നിന്നും
ഇറ്റുവീഴുന്ന
ചുവപ്പിന്റെ ചാറോടെ
പുഴുതെടുത്ത്
വീട്ടിലോട്ട് കയറുന്ന വഴിയിൽ
കുഴിച്ച് വെയ്ക്കുന്ന
വാഹനങ്ങൾ

ഇരുട്ട് കാണികളാവുന്ന
ചലച്ചിത്രമാകുന്നു
രാത്രി

ഓരോരുത്താരായി
കാണികൾ
ഇടയ്ക്ക്
ഇറങ്ങിപ്പോകുന്നു എന്ന് മാത്രം

ഒരു ഉടൽ മാത്രം
ഇടവേള പോലെ
ഉപമയില്ലാതെ
ബാക്കിയാവുന്നു...
_______________________

.

Wednesday, October 3, 2018

പിന്നീട് നിശബ്ദമാകുന്ന ചിലവയെക്കുറിച്ച്../ സ്മിത ഗിരീഷ്

കുന്നിൻ മുകളിൽ,
ഉറഞ്ഞമർന്നൊരു
ഒറ്റമരത്തിന്റെ
ധ്യാനാവസ്ഥയിലായിരുന്നു....
തായ് തടിയിൽ
നിന്നു പോലും
പൂ വിരിഞ്ഞതോ,
പൂക്കൾ താനേ പൊഴിഞ്ഞ്
മലയെ പുതപ്പിച്ചതോ,
ചേർന്നു പടർന്ന വള്ളികൾ
ചുറ്റിപ്പിടിച്ചു കണ്ണുകൾ
കോർത്തുകെട്ടിയതോ
അറിഞ്ഞതേയില്ല...!
പക്ഷേ, അത്രമേൽ
തണുത്ത വിരലുകൾ തൊട്ട്
വേരുകളെ നനച്ചൊഴുകിയ
ചാലുകളുടെ ചിരിയലകളും,
തലയ്ക്കുമീതേ
കുസൃതിയോടെ പറന്നു
കളിച്ചിരുന്ന
പക്ഷികളുടെ പാട്ടുകളും
കേൾക്കാതായപ്പോഴാണ്,
ഞെട്ടിയുണർന്നതും
പിന്നീട് നിശബ്ദമായി
പ്പോയ ചിലവയെ
ക്കുറിച്ചോർത്ത്
ആദ്യമായി
ഇലകൾ കൊഴിച്ചതും.......!
__________________________

തുന്നൽക്കാരൻ / ടി.പി.രാജീവൻ

അപ്പുക്കുട്ടി ഒരു തുന്നൽക്കാരൻ
അടുപ്പമുള്ളവർ അയാളെ
അപ്പു എന്നും കുട്ടി എന്നും വിളിക്കും,
എന്തു വിളിച്ചാലും
അയാൾ വിളികേൾക്കില്ല.

കവലയിൽ
റേഷൻകട, അമ്പട്ടക്കട
ചായക്കട, വായനശാല...
അവക്കിടയിലോ പിന്നാമ്പുറത്തോ
അപ്പുക്കുട്ടിയുടെ തുന്നൽക്കട,
കട ഒരു സങ്കൽപ്പം.

വംശനാശം വന്ന
ഏതോ ജീവിയുടെ ഫോസിൽ പോലെ
ഒരു ആദ്യകാല തുന്നൽയന്ത്രം മാത്രം കാണാം,
ചിലപ്പോൾ അതും കാണില്ല.

പകൽസമയങ്ങളിൽ
അപ്പുക്കുട്ടിയെ
ആരും അവിടെ കാണില്ല.
കണ്ടാൽതന്നെ തിരിച്ചറിയുകയുമില്ല.
കാരണം, അയാളെ ആരും
ഇന്നേവരെ പകൽവെളിച്ചത്തിൽ
കണ്ടിട്ടില്ല.

ഉടുപ്പ് തുന്നേണ്ടവരുടെ അളവെടുക്കാൻ
അപ്പുക്കുട്ടി വീടുകൾ കയറിയിറങ്ങുക
പകലാണ് എന്നാണ് പറയുന്നത്.

അത് സത്യമായാലും
കെട്ടുകഥയായാലും
ഇന്നലെ എന്നെക്കാണാൻ
അപ്പുക്കുട്ടി വന്നു,
ഞാനറിയാതെ എന്റെ അളവുകൾ
അടിമുടിയെടുത്തുപോയി.

ഇന്ന് നേരം പുലർന്നപ്പോൾ
സ്വപ്നത്തിൽ പോലും
ഞാൻ അണിയില്ല എന്ന് കരുതിയ
ഒരു പുത്തൻ ഉടുപ്പണിഞ്ഞു
ഞാൻ കിടക്കുന്നു.

രാത്രിയാണത്രെ
അപ്പുക്കുട്ടിയുടെ തുന്നൽ ,
മണ്ണിരകളും ഇരുതലമൂരികളും
ഭൂമി ഉഴുതു മറിക്കുന്നതു പോലെ.
_______________________________