Wednesday, May 27, 2020

ഒരു ലാടമെങ്കിലുമടിക്കൂ ഞങ്ങളുടെപാദങ്ങളിൽ/ആഗ

നിങ്ങളുടെ തീൻമേശയിലെ
ഉപ്പും,മുളകും
നിങ്ങളുറങ്ങുന്ന 
കട്ടിലിന്റെകാലുകൾ
നിങ്ങളുടെ വീടിന്റെ
ഉറപ്പുള്ള വാതിലുകൾ,
ജനലുകൾ ,ചുമരുകൾ
നിങ്ങളിട്ട വസ്ത്രങ്ങൾ
നിങ്ങളുടെ അടുക്കളകളിൽ 
മൊരിഞ്ഞ്കൊണ്ടിരിക്കുന്നൊരുമീൻ
വെന്ത് പാകമായ ഒരുതുടം കഞ്ഞി
നിങ്ങൾ കുടിച്ച്കൊണ്ടിരിക്കുന്ന
ഒരുകപ്പ്ചായ

അവ നടക്കുന്നു
ഭൂപടത്തിൽ വീടില്ലാത്ത
കാലുകളുമായി

തെരുവുകളിൽ
വ്യവസായശാലകളിൽ
കൃഷിയിടങ്ങളിൽ
വറുതിയൊടുങ്ങാത്തൊരടുപ്പതിന്റെ 
പിഞ്ഞിയ ഉടുപ്പിൽ നിന്നെടുക്കുന്ന
കരിപുരണ്ടൊരു,റൊട്ടിയിൽനിന്ന്,
കാല്കൊണ്ടളക്കുന്നു
വീടെന്ന വേരിന്റെ ദൂരം

എന്റെ രാജ്യംനടക്കുന്നു.
അഞ്ചാണ്ടിലൊരിക്കൽമാത്രം
വിരലറ്റത്ത് ജീവനുള്ള
ഭൂപടത്തിൽ
വീടില്ലാത്ത കാലുകളായി

നിരത്തുകളിൽ
ബസ്സ്റ്റാന്റുകളിൽ
പാലങ്ങളിൽ
റെയിൽവേ സ്റ്റേഷനുകളിൽ
പുഴയിൽ
തോണിയിൽ
കടലിൽ
കപ്പലിൽ
മണ്ണിൽ,ചേറിൽ,ചോരയിൽ

രാഷ്ട്രീയക്കാരേ,
കപടഭക്തരേ,
ഇതാനിങ്ങളുടെ-
ഉടലും തലയുമില്ലാത്ത
ഓർമ്മിക്കാനൊരു പേരില്ലാത്ത
കയ്യും,കാലും മാത്രമായ
നിങ്ങളുടെ തേനീച്ചകൾ
അഞ്ചാണ്ടിലൊരിക്കൽമാത്രം
വിരലറ്റത്ത് ജീവനുള്ള
നിങ്ങളുടെ കൃഷിസ്ഥലത്തെ
ഉഴവുകാളകൾ

ഒരു ലാടമെങ്കിലുമടിക്കൂ
ഞങ്ങളുടെ പാദങ്ങളിൽ!

നിങ്ങളുടെ സിംഹാസനങ്ങളുടെ
ചവിട്ടുപടികൾക്ക്
എന്റെ വീടെന്ന്, 
എന്റെകുഞ്ഞെന്ന്
നടന്ന് തീരുവാൻ
ഒരു ലാടമെങ്കിലുമടിക്കൂ
ഞങ്ങളുടെ പാദങ്ങളിൽ


Wednesday, May 20, 2020

അവളുടെ ആൾ /വി.ടി. ജയദേവൻ

കല്യാണ രാത്രിയിൽ
പലതും പറയുന്ന കൂട്ടത്തിൽ 
അവൾ പറഞ്ഞു, 
എനിക്കൊരു പ്രണയമുണ്ട്.

പുഴയിൽ വീണ 
പൂവിതളുകളിൽ ഒന്നുപോലെ 
പല വാക്കുകളുടെ ഒഴുക്കിൽ
ആ വാക്ക് ഒഴുകിയൊഴുകിപോയി,

ഓളങ്ങളുടെ ഗതിക്കു തിരികേയൊഴുകി
അതൊരിക്കലും പിന്നീട്
അവരെ തിരഞ്ഞു വന്നില്ല.

കൂട്ടാൻ അടി കരിഞ്ഞപ്പോൾ
ഒരിക്കൽപോലും
നീ നിന്‍റെ മറ്റവനെയോർത്തു നിന്നു അല്ലേ എന്നോ
ഏതെങ്കിലും വിരുന്നിനു പോകുമ്പോൾ
ഇത്തിരിയധികം നിറമുള്ളതുടുത്തെങ്കിൽ
ഓ, വഴിയിൽ മറ്റവൻ കാത്തുനിൽക്കും അല്ലേ
എന്നോ അയാൾ ചോദിച്ചില്ല.

വൈകിയെത്തിയ അന്ന് 
പൂച്ചയെപ്പോലെ 
മറ്റൊരു വിയർപ്പിന്‍റെ മണം
വരുന്നോ വരുന്നോ എന്ന് 
മൂക്ക് വിറപ്പിച്ചുകൊണ്ട്
മുക്കിലും മൂലയിലും പോയി നിന്നില്ല.

മരണസമയം അവൾക്കാണാദ്യം വന്നത്, 
കട്ടിലിൽ തലയണയോരത്തു കുനിഞ്ഞുനിന്ന് 
കാതിൽ പതുക്കെ,
മൃദുവായി അയാൾ ചോദിച്ചു:

പറയൂ
ഒരിക്കൽ കൂടെയൊന്നു
കാണാൻ തോന്നുന്നുണ്ടോ ?
വരാൻ പറയണോ ?
അവൾ ലജ്ജ കലർന്ന ഒരു ചിരി ചിരിച്ചു
വേണ്ട, അവൾ മന്ത്രിച്ചു
അദ്ദേഹം ഇപ്പോൾ വരും, 
ഞങ്ങൾ ഒന്നിച്ചു പോകും.

Tuesday, May 19, 2020

തൂപ്പുകാരി/കുഴൂർ വിത്സൺ

ഇലകളുടെ
ഭാഷ പഠിപ്പിക്കുന്ന
സ്കൂളിൽ ചെന്നപ്പോൾ
അവിടത്തെ
തൂപ്പുകാരി
പറഞ്ഞു

സർ,
ഞാനിവിടെ
പഠിക്കാനും
തുടർന്ന്
പഠിപ്പിക്കാനും
ചേർന്നതാണ്

അടർന്നു വീണ
ഇലകളെ
കൊഴിഞ്ഞു വീണ
ഇലകളെ
അടിച്ചു വാരലായിരുന്നു
എന്റെ
ആദ്യത്തെ
അസൈൻമെന്റ്

ഇലകളിൽ
ഗവേഷണം
കഴിഞ്ഞാൽ
ഇലകളുടെ
അമ്മ വീട്ടിലേക്ക്
സാറിനേപ്പോലെ
കാട്ടിലേക്ക്
പോകണം
എന്നു തന്നെയായിരുന്നു
എനിക്കും

ആരുമില്ലാത്ത
കരിയിലകളുടെ സങ്കടം
എന്നെ
തൂപ്പുകാരിയാക്കിയെന്ന്
പറഞ്ഞാൽ
മതിയല്ലോ

ഞാനും
കാട്ടിലേക്കുള്ള
വഴി
മറന്നു



Saturday, May 9, 2020

തോറ്റുപോയവർ ജീവിക്കുമ്പോൾ/ആതിര ആർ.

തോറ്റു പോയവരെല്ലാം
തൊട്ടടുത്ത നിമിഷം മരിച്ചു പോകുന്നുവെന്ന്
ആരാണ് നിങ്ങളോട് പറഞ്ഞത്?

നിങ്ങക്ക് അറിയാഞ്ഞിട്ടാണ്
ഒരിക്കൽ തോറ്റവർക്ക്
പിന്നീടെല്ലാം എളുപ്പമാണ്

ഇനിയില്ലെന്ന് നിങ്ങൾ കരുതുന്നിടത്ത്
വേരുകളാഴ്ത്തി പതിയെ
അവർ നിവർന്നു നിൽക്കുന്നു

ചോര പൊടിഞ്ഞാലും നീറിപ്പുകഞ്ഞാലും
അവർ നടക്കുമ്പോൾ
കാൽപ്പാടുകൾക്ക് തെളിച്ചമുണ്ടാകുന്നു

ഇനിയാരും പിന്തുടരില്ലെന്ന ബോധമല്ലത്
ഇനിയാർക്കും എത്തിപ്പെടാൻ
കഴിയില്ലെന്ന ബോധ്യമാണത്

നോക്കി നോക്കിയിരിക്കെ
ഭൂതകാലത്തിൽ നിന്ന് ഭാവിയിലേക്ക്
ഏച്ചുകെട്ടലുകൾ ഇല്ലാതെ
വർത്തമാനത്തിന്റെ ഊഞ്ഞാലാട്ടങ്ങളിൽ
അവർ ആകാശം തൊടുമ്പോൾ
ഇതെന്ത് കൺ കെട്ടെന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം
ഞാനെന്നെ തൊട്ടതു പോലെയെന്നവർ പുഞ്ചിരിക്കും.

നിങ്ങളേൽപിച്ച മുറിവുകളെക്കുറിച്ച്
നിരന്തരമവർ ഓർമ്മിപ്പിക്കുമെന്ന് ആശങ്കപ്പെടേണ്ടതില്ല.
പകരം നിങ്ങൾ കാണാത്ത
ഉദയാസ്തമയ ഭംഗിയെ കുറിച്ച്
മഞ്ഞു വീഴ്ചകളെ കുറിച്ച്
മഴയുടെ രാഗങ്ങളെക്കുറിച്ച്
വെയിലുമ്മകളെ കുറിച്ച്
എന്തിന്, കാപ്പിത്തോട്ടങ്ങൾക്കിടയിൽ
പാറിപ്പറക്കുന്ന മരതകവണ്ടുകളെ കുറിച്ചു പോലും
നിങ്ങൾക്കവർ പറഞ്ഞു തരും.

നോക്കൂ, തോറ്റുപോയവരൊക്കെ
പുതിയ ചരിത്രമെഴുതുന്നരാണ്
അതിൽ നിങ്ങളൊക്കെ മരിച്ചു പോയവരാണ്.

......../നോർമ്മാ ജീൻ

മഞ്ഞ് മലകൾക്കിടയിൽ
കപ്പലോടിക്കുന്ന
വ്യദ്ധനാവികാ,
നിങ്ങളോടെനിക്ക്
അടക്കാനാവാത്ത പ്രേമമാണ്

കുന്തിരിക്കം മണക്കുന്ന
 രാത്രിയിൽ
നിങ്ങളെയോർത്തിരിക്കുമ്പോൾ
ആകാശം മുട്ടുന്നൊരു മഞ്ഞുമലയെ
നിങ്ങൾ ഒറ്റയ്ക്ക്
വലം വെയ്ക്കുന്നുണ്ടാവാം

നിങ്ങളുടെ 
നരച്ച നെഞ്ചിൻ രോമങ്ങൾ,
അവയ്ക്കിടയിൽ നിന്ന്
ഞാൻ കണ്ടെടുത്ത 
പച്ചകുത്തലുകൾ

ഓർമ്മകളെൻ്റെ തുരുത്തുകള
തീർത്തുമൊറ്റപ്പെടുത്തുന്നു

ആകാശമത്രമേൽ 
തെളിമയില്ലാത്തതും
രാത്രിയത്രമേൽ ക്രുദ്ധമായതുമായ
എല്ലാ നേരങ്ങളിലും
ഞാൻ നിങ്ങളെയോർക്കുന്നു

എൻ്റെ ചെമ്മരിയാട്ടിൻ കൂട്ടങ്ങൾ
എത്രവേഗമാണ്
നിങ്ങളോടിണങ്ങിയിരുന്നത്
ഒരേയൊരു തലോടലിനാലവയിൽ
എത്രയെണ്ണത്തെയാണ്
നിങ്ങൾ കടത്തി 
കൊണ്ട് പോയത്

തൂവെള്ള കുപ്പായത്തിനരികിലെ
വയലറ്റ് ഞൊറികളിൽ
നിങ്ങൾ താമസിപ്പിക്കാറുള്ള
പർപ്പിൾ സുന്ദരിമാരൊടെനിക്ക്
അന്നുമിന്നും പകയാണ്

അവരുടെ നിതംബം 
കുലുക്കലുകളിൽ
ആടിയുലയുന്ന
കപ്പൽത്തട്ടുകളെന്നിൽ
അരിശമുളവാക്കാറുമുണ്ട്

അവരുടെ
നീലിച്ച മുലഞെട്ടുകളുതിർക്കുന്ന 
സംഗീതം
എന്നെ തുടർച്ചയായി
വിഷാദത്തിനടിമയാക്കുന്നു

എങ്കിലുമെൻ്റെ നാവികാ,
നിങ്ങളുടെ
ഇടത്തേ ചെവിയിലെ
നൂറ്റാണ്ടുകൾ പഴക്കമുള്ള
മുറിവിൻ്റെ വേദന,
അതെന്റേത് മാത്രമാണ്

എൻ്റെ ഓർമ്മത്തഴമ്പുകളുടെ
കൂട്ടവകാശി,
അടക്കിപ്പിടിച്ച
വേദനകളിൽ നിന്നെന്നെ രക്ഷിക്കാൻ
വേഗം വരിക

നിങ്ങളുടെ
കപ്പലിനു മാത്രമായുള്ളയെൻ്റെ
കപ്പൽ ചാലുകൾ

നിങ്ങളുടെ 
കൊടിമരത്തെ മാത്രം
മെരുക്കുവാനുള്ള
എൻ്റെ തീരത്തെ കാറ്റ്

നിങ്ങൾക്ക് മാത്രം 
നങ്കൂരമിടാനുള്ള
എൻ്റെ അടിത്തട്ടാഴങ്ങൾ

നിങ്ങളാൽ മാത്രം 
കണ്ടു പിടിക്കപ്പെടാൻ
കാത്തിരിക്കുന്ന
എൻ്റെ വൻകര സാധ്യതകൾ

എൻ്റെ നാവികാ,
നിങ്ങൾ വരുമെന്ന് കാത്ത്
നിങ്ങളെ മാത്രമോർത്ത്
ഏതോ ഭൂഖണ്ഡത്തിലെ 
ഞാൻ 

........./വിപിത

കൃത്യമായ ഇടവേളകളിൽ 
ഞാൻ എത്തി നോക്കുന്ന
ഒരു കൂടുണ്ടായിരുന്നു. 

കൂട്ടിൽ മൂന്ന് 
കുഞ്ഞുങ്ങളുണ്ടായിരുന്നു. 

അമ്മക്കിളിയ്ക്ക് 
നെറ്റിയിൽ 
പൊട്ട് വച്ച പോലൊരു 
മുറിപ്പാടുണ്ടായിരുന്നു.

കിളിയേതെന്ന് 
ചോദിക്കരുത് 

ഞാൻ പറഞ്ഞേക്കില്ല. 

സ്വകാര്യത മനുഷ്യന്റെ 
കുത്തകയല്ല പൊന്നേ 
ഞാൻ പറഞ്ഞേക്കില്ല. 

പപ്പടം കാച്ചുന്ന 
സമയത്ത് 
കൃത്യമായെത്തുന്ന 
അവൾക്ക് ഞാൻ 
മഗ്ദലീന എന്ന് 
പേരിട്ടു. 

ഒരിക്കൽ 
മഗ്ദലീന എനിക്ക് 
ഒരു തൂവല് 
കൊണ്ടുത്തന്നു. 

അവളുടേതല്ല 
ചാര നിറത്തിലൊന്ന്. 

ഞാൻ കൂട്ടിലേക്ക് 
എത്തി നോക്കി. 

കൂടാകെ 
തൂവലുകൾ. 

ചാമ്പൽ നിറങ്ങൾ. 

കുഞ്ഞുങ്ങളില്ല. 

ഞാൻ കരഞ്ഞു. 

മഗ്‌ദലീന എന്റെ 
ചുണ്ടിൽ 
കൊക്കുരുമ്മി. 

ശേഷം 
ഞാനും മഗ്ദലീനയും 
ഒന്നിച്ചു 
പപ്പടം കാച്ചി.

ജീവനൂട്ട് /സെറീന

നിന്റെ സ്വരമിടറുമ്പോൾ
ഉള്ളിലൊരു  തൊട്ടിൽ 
പിന്നെയും കുലുങ്ങുന്നു 
എത്ര ആഴമുള്ള ഉറക്കത്തിന്റെ 
കയങ്ങളിലേക്കും  ഒരു അനക്കം 
കൊണ്ട് നീ വന്നെത്തുന്നു 
ആധിയുടെയും ആനന്ദത്തിന്റെയും 
വലിയ  തിരമാലകൾ, 
ജീവന്റെ കടൽ.  

കരച്ചിലിന്റെ കരിവളകൾ 
കിലുങ്ങുന്നു, 
ഏതോ വെയിൽ മുറ്റത്തു 
നിന്നു നിന്നെയെടുത്തു 
നെഞ്ചോടടുക്കുന്നു. 

കുഞ്ഞു കരച്ചിലൊച്ചയെ 
മുക്കിക്കളഞ്ഞാലോ 
പൈപ്പ് വെള്ളത്തിന്റെ കലമ്പലെന്ന് 
പാതിയിൽ തീർന്ന കുളികൾ 
ഉറക്കത്തിലും തുറന്നിരുന്ന മനക്കണ്ണുകൾ 
നിനക്കൊപ്പം നടക്കാൻ പഠിച്ച ജീവൻ.

കൈനീട്ടി നിൽക്കുന്നു, 
കിളികൾ, കുഞ്ഞാടുകൾ 
കാറ്റുകൾ, കടൽ 

കണ്ടതൊക്കെയും നിന്നോട് മിണ്ടുന്നു 
അതൊക്കെയും 
എനിക്ക് മാത്രം തിരിയുമിളം വാക്കായി 
മൊഴി മാറുന്നു 

പേറ്റു നോവ് വെറുതേ കടം പറയുന്ന കഥയാകുന്നു, 
ഓരോ ശ്വാസത്തിലും നിന്നെ 
പെറ്റുകൊണ്ടേയിരിക്കുമ്പോൾ. 

ഓർമ്മ സർവ്വ ഭാഷകളിലും 
ഒരേ ലിപിയുള്ള കവിതയാകുന്നു 
പ്രപഞ്ചത്തെയാകെ 
മുലയൂട്ടുവാനുടൽ തരിക്കുന്നു 
വന്യഗന്ധവുമായൊരു പൂ വിരിയുന്നു 
മുലപ്പാൽ മണക്കുന്നു
മരണം തിരിച്ചു പോവുന്നു

Friday, May 8, 2020

...../നോർമ്മാ ജീൻ

ആത്മാവുള്ള
ആണൊരുത്തൻ്റെ പ്രണയത്താൽ
എൻ്റെ വയലേലകൾ
നിമിഷ നേരം കൊണ്ട്
പൂത്ത് തളിർക്കുന്നു

അവൻ്റെയൊരുമ്മയാൽ
എൻ്റെ വേലിപ്പരുത്തികൾ
എല്ലാ കാലത്തേക്കുമെന്ന പോൽ
പടർന്ന് പന്തലിക്കുന്നു

അവൻ്റെ 
പേരിൽ ഞാൻ
ആയിരം മെഴുകുതിരികൾ 
നേരുന്നു

അവരെൻ്റെ നിറത്തിനെ പറ്റി
അസ്വസ്ഥരാകുമ്പോൾ
ഞാനവനുമായി
അവസാനമില്ലാത്ത 
ഭോഗത്തിലേർപ്പെടുന്നു

ഞങ്ങളുടെ കുഞ്ഞുങ്ങളെയവർ
കറുത്തവരെന്നും വെളുത്തവരെന്നും
വേർതിരിക്കുമ്പോൾ
ഹൃദയത്തിൻ്റെ ഉപയോഗങ്ങളെ കുറിച്ചവൻ
കുഞ്ഞുങ്ങളോട് വാചാലനാവുന്നു

മുക്കിയും മൂളിയും ഞരങ്ങിയും
മാത്രമൊരു ജീവിതമെന്നെ
ചേർത്ത് പിടിക്കുമ്പോൾ
അവനെ മാത്രമോർത്തെനിക്കതിൽ നിന്നും
ഇറങ്ങിപ്പോരാനേ ആവുന്നില്ല

ഞാവൽപ്പഴ നീലിച്ചകൾ
കരിനൊച്ചി പച്ചപ്പുകൾ
നന്നായ് വെട്ടിയൊരുക്കിയ
പൂന്തോട്ടമെന്ന പോൽ
ഞാൻ ഉത്സാഹവതിയായ്
കാണപ്പെടുന്നു

എങ്കിലും
'ഒരു തോണിക്കാരൻ്റെ ഏകാന്തത' എന്നത്
അത്രയ്ക്കങ്ങ് നിസാരവൽക്കരിക്കാവുന്ന
ഉപമ അല്ലെന്ന്
എനിക്ക് നന്നായറിയാം

ഒറ്റയ്ക്കാക്കിയേക്കുന്ന 
സമവാക്യങ്ങളോടെല്ലാം
അതിശക്തമായി കലഹിക്കുന്നു
വെന്ത് വെന്തില്ലാതായേക്കാവുന്ന
നേരങ്ങളിലൊക്കെയും
കുന്തിരിക്കം മണക്കുന്ന
നിൻ്റെ ചുണ്ടുകളെ ധ്യാനിക്കുന്നു

അതിശൈത്യം നിറച്ചയെൻ്റെ
ചില്ല് കുപ്പികളെയൊക്കെ
അടുത്ത ജൻമത്തിലേക്കായി
മാറ്റി വയ്ക്കുന്നു

സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം