Wednesday, August 31, 2016

ഭ്രാന്തൻ / ആർ.രാമചന്ദ്രൻ


രാവിൽ
തനിച്ചിരു-
ന്നുറക്കെക്കരഞ്ഞേൻ
വീണ്ടും വീണ്ടും കരഞ്ഞേൻ.

കരഞ്ഞതോർത്തോർ-
ത്തുറക്കെച്ചിരിച്ചേൻ
പകലിൽ
വീണ്ടും വീണ്ടും ചിരിച്ചേൻ.

പിന്നെ,
ചിരിച്ചതോർത്തോർ-
ത്തുറക്കെകരഞ്ഞേൻ രാവിൽ.
പിന്നെ,
കരഞ്ഞതോർത്തോർ-
ത്തുറക്കെ ചിരിച്ചേൻ പകലിൽ.

ഇന്നെല്ലാമൊന്നേ
ചിരിയും കരച്ചിലും
രാവും പകലും.
----------------------------------

Tuesday, August 30, 2016

മരിച്ചവരുമായി സംസാരിക്കൽ / സച്ചിദാനന്ദന്‍


എല്ലാവരും ഉറങ്ങുമ്പോൾ
സ്കൈപ് തുറക്കുക
സ്കൈപ് ഐഡി: മരണം
മൂന്നുമിനിറ്റ് ഹൃദയമിടിപ്പ്
നിർത്തിവെച്ചു ധ്യാനിക്കുക.
മരിച്ചവർ അവരുടെ
നമ്പറുകളോടെ പ്രത്യക്ഷരാവും
ലാപ്ടോപ് ഒരു മോർച്ചറിയാണെന്നു
തോന്നുന്നത് വെറുതെ.

മരിച്ചവരുടെ പിന്നിൽ
എന്താണെന്ന് നോക്കൂ:
അവർ സ്വർഗ്ഗത്തിലാണെങ്കിൽ
സ്വർണംകൊണ്ടുള്ള അഴികളും
വജ്രംകൊണ്ടുള്ള തോക്കുകളും കാണും
നരകത്തിലാണെങ്കിൽ
തീപിടിച്ച ഒരു നിഘണ്ടുവും
അറ്റുപോയ ഒരു പാലവും.
മരിച്ചയാൾ കവിയെങ്കിൽ
ഒരു വരിക്കുള്ളിൽ
മാറിയ അർത്ഥങ്ങളോടെ പ്രത്യക്ഷപ്പെടും
ശാസ്ത്രജ്ഞനെങ്കിൽ താൻ കണ്ടുപിടിച്ചതെല്ലാം
മാറ്റി എഴുതുന്നതായി കാണും
താൻ പറഞ്ഞതെല്ലാം നുണയായിരുന്നെന്നു
തിരിച്ചറിഞ്ഞ വിവേകിയുടെ മുഖം കണ്ടാൽ
അതൊരു പുരോഹിതനാണെന്നുറപ്പിക്കാം
ചിത്രകാരന്മാർ പാലറ്റുകളായിമാറിയ
മഴവില്ലുകളുടെ ചുമലിലാണ്‌ സവാരി
അനന്തതയിലായതിനാൽ ഒന്നും
എഴുതാനില്ലാതായതിന്‍റെ
മങ്ങൂഴത്തിലാണ്‌ ചരിത്രകാരന്മാർ
പ്രണയികൾക്കു മാത്രം മാറ്റമില്ല;
അതേ അതിശയോക്തികൾ
ചളുങ്ങാത്ത അതേ തങ്കക്കുടം
ഓട്ട വീഴാത്ത അതേ ഓമന.
ഇനി സംസാരിച്ചോളൂ
നിങ്ങളും മരിച്ചിരിക്കുന്നു.
---------------------------------------------------

Monday, August 29, 2016

അകലം / അസ്‌മോ പുത്തൻചിറ


എന്നില്‍ നിന്ന്
നിന്നിലേക്കുള്ള അകലം
ഒരു വാക്കാണ്‌.
പറയുമ്പോള്‍
മധുരവും
കേള്‍ക്കുമ്പോള്‍
കയ്പും.

വാക്കില്‍ നിന്ന്
പ്രവൃത്തിയിലേക്കുള്ള അകലം
ഒരു പ്രതിസന്ധിയാണ്.
മറ്റുള്ളവര്‍ക്ക്
വലിച്ചുനീട്ടാന്‍ കഴിയുന്നതും
സ്വന്തമായി
ചുരുക്കാന്‍ കഴിയാത്തതും.
പ്രതിസന്ധിയില്‍ നിന്ന്
പരിഹാരത്തിലേക്കുള്ള അകലം
ഒരു താല്‍പര്യമാണ്.
സ്വന്തമായി
ഉണ്ടാവേണ്ടതും
മറ്റുള്ളവര്‍ക്ക്
ഉണ്ടാവാത്തതും.
-------------------------------

Saturday, August 27, 2016

കുഞ്ഞെറുക്കൻ / എം.ആര്‍.രേണുകുമാര്‍


മേലിലെന്നെ
കുഞ്ഞെറുക്കാന്ന്
വിളിച്ചു പോകരുത്‌.
ഞാനിപ്പോ മോഹൻ ദാസാണു.

കുഞ്ഞെറുക്കാ....ന്ന്
പുറകീന്നാരു വിളിച്ചാലും
ഞാനിനിമേൽ
തിരിഞ്ഞു നോക്കുകേല
നേരേ വന്നു വിളിച്ചാലും
കണ്ടഭാവം നടിക്കില്ല ഞാൻ
പറഞ്ഞില്ലെന്നു വേണ്ട.
കുഞ്ഞെറുക്കനിപ്പോ
ജീവിച്ചിരിപ്പില്ല
എന്നാ മോഹൻ ദാസ്‌
ജീവിച്ചിരിക്കുന്നു.
മറ്റുള്ളോരുടെ
കണ്ണിലെ കരടെടുക്കൽ
കുലത്തൊഴിലാക്കിയവർക്ക്‌
ഉറക്കം തിരികെകിട്ടാൻ
സർക്കാരുഗെസറ്റ്‌
പരിശോധിക്കാവുന്നതാണു.
എന്റെ ചാച്ചൻ
കുഴിത്തറ പൈ ലിയും
അമ്മച്ചി ഏലിയും
മണ്ണോടു മണ്ണായിട്ട്‌
കാലമെത്രയായ്‌,
തോട്ടുചെറേലെ
ഓലപ്പെരപോയിട്ട്‌
ഇപ്പോഴവിടെ
ഒരുതരി മണ്ണുപോലുമില്ല.
പിന്നല്ലേ
അവിടെ പണ്ടെങ്ങോ
തെങ്കരകൊട്ടി നടന്ന
ഒരു കുഞ്ഞെറുക്കൻ.
----------------------------

Thursday, August 25, 2016

മറവി /അനിത തമ്പി


മരിച്ച് പോകുന്ന വഴിയിലും
ഞാൻ ഇതുപോലെ
കാടു പിടിച്ചു കിടക്കും

അന്നും
നീ വയ്ക്കുന്ന ഓരോ ചുവടിലും
എന്റെ ഇലകൾ വാടിക്കൊണ്ടിരിക്കും
നിന്റെ കാലടികൾ നീറിക്കൊണ്ടിരിക്കും
എന്റെ പടർപ്പ് അവസാനിക്കുന്നിടത്ത്
മാലാഖമാർ നിന്നെ കാത്തുനിൽക്കും
നരകത്തിലേക്കുള്ള നദി
ഒന്നിച്ച് നീന്തണമെന്ന്
ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നത്
അപ്പോൾ
നീ മറന്നുപോകും.  

Wednesday, August 10, 2016

ഉറുമ്പുകൾ / ഒ.എന്‍.വി കുറുപ്പ്‌


നിലത്തൊരു വറ്റ്‌;
പൊടിയുറുമ്പുകൾ
പൊതിഞ്ഞു നിൽക്കുന്നി-
തതിന്റെ ചുറ്റിലും.

ഒരു നിവേദ്യത്തെ-
യൊരുമിച്ചങ്ങനെ
പരമനിശ്ശബ്ദം
നുകർന്നിടും പോലെ!
അതല്ലവറ്റതൻ
ചൊടിയിലെ മന്ത്രം
നമുക്കു കേൾക്കുവാ-
നരുതാത്തതാവാം.
നിവേദ്യമൽപ്പാൽപ്പം
ചെറുതാകു, ന്നുള്ളം
നിറഞ്ഞവർ മെല്ലെ-
യകന്നു പോകുന്നു.
അതുപോൽ നമ്മെയും
പൊതിഞ്ഞുനിൽക്കയാം
അദൃശ്യമാമെത്ര
പൊടിയുറുമ്പുകൾ!!!
----------------------

താറും കുറ്റിച്ചൂലും / കടമ്മനിട്ട


ഒരു കുടം താറുണ്ട്‌, ഒരു കുറ്റിച്ചൂലുണ്ട്‌
പെരുവാ നിറയെ തെറിയുമുണ്ട്‌
തലയിൽ ചിരങ്ങുണ്ട്‌, കാലിൽ വ്രണമുണ്ട്‌
തൊലിയാകെ ചൊറിയുവാൻ ചുണലുമുണ്ട്‌.
ഉലകിന്റെ ഉമ്മറത്തെത്തി ഞാൻ നിൽക്കവേ
പുലയാട്ടി നിൽക്കുന്നോ പോക്രികളേ?

വാതിലു കൊട്ടിയടയ്ക്കുവാൻ നിങ്ങടെ
വീതത്തിൽ മാത്രമോ പുണ്യവേദി?
എന്തിനീ നാട്യങ്ങളെന്തിനീ വഞ്ചന
മുന്തിരിത്തോപ്പിലെ മുള്ളുകളെ?
വരികയാണിന്നു ഞാൻ ഒരു കുടം താറുമായ്‌
ഉലകിന്റെ ഭിത്തിയിൽ താറടിക്കാൻ
തടയാൻ വരുന്നവർ വന്നോളൂ നിങ്ങടെ
വിളറും മുഖത്തും കരിപുരട്ടും.
കർക്കടവാവിനു പിണ്ഡം ചികയുന്ന
കാക്കകളല്ലെയീ നിങ്ങളെല്ലാം.
കാറ്റിന്റെ കയ്യിലെ സൗരഭം മോഷ്ടിക്കും
കള്ളപ്പരിഷകളല്ലെ നിങ്ങൾ?
രാവിന്റെ നോവിലുണർന്ന കുടമുല്ല-
പ്പൂവിനെ നിങ്ങൾ കശക്കിയില്ലെ?
കണ്ണുമിഴിച്ചു കിടന്നു ഞാൻ കാലിലെ
വിങ്ങും വ്രണത്തിൽ വിരലമർത്തി
കണ്ണുനീർ വീണു കുതിർന്നു തലയിണ
കല്ലും കരിമണ്ണും പൂഴിമെത്ത
പൊട്ടിയൊലിച്ച ചലമെന്റെ പ്രാണനിൽ
ഒട്ടിയപ്പോൾ നിങ്ങൾ മൂക്കുപൊത്തി
ഈച്ചയെപ്പോലെന്നെയാട്ടിയോടിച്ചില്ലേ
ഈർക്കിലിച്ചൂലുമായ്‌ "നല്ലവരെ" ?
തട്ടിപ്പറിച്ചു ഞാൻ ഈർക്കിലിച്ചൂലിന്റെ
കുറ്റിയെനിക്കിന്നു തൂലികയായ്‌
ഒരു കുടം താറുമായ്‌, ഒരു കുറ്റിച്ചൂലുമായ്‌
ഉണരും വെറുപ്പിന്റെ ശീലുമായി
ഓടയിലോടുമഴുക്കിന്റെ ചാലിൽ നി-
ന്നീ മണിമേട ഞാൻ താറടിക്കും.
നഗ്നചിത്രങ്ങൾ കരിയിലെഴുതിയീ
മുഗ്‌ ധഭാവങ്ങളെ മാച്ചുവെക്കും
വർണപ്പകിട്ടുകൾ കണ്ണാടിയിട്ടൊരീ
ചില്ലുശിൽപങ്ങൾ ഞാൻ തച്ചുടയ്ക്കും
നിങ്ങടെ കൽപ്പകത്തോപ്പിലെ വീഥിയിൽ
എങ്ങും ഞെരിഞ്ഞിലിൻ മുള്ളുപാകും.
കണ്ടാലറയ്ക്കുന്ന കണ്ണിൽ തറയ്ക്കുന്ന
വേണ്ടാതനങ്ങൾ വരച്ചു വെയ്ക്കും
തെറിയുടെ ചീളുകൾ തെന്നിച്ചു നിങ്ങടെ
നെറിയുടെ കൂറ വലിച്ചഴിക്കും.
കർപ്പൂരദീപം പൊലിക്കുമെൻ നിശ്വാസം
കുങ്കുമച്ചെപ്പിൽ ചെളിനിറയ്ക്കും
ചന്ദനക്കാട്ടിലെ താമരപ്പൊയ്കയിൽ
കൽമഷം തൂകി കരികലക്കും
വെൺകളി പൂശിയ വെണ്മുകിൽ ഭിത്തിയിൽ
കാർ മഷി കൊണ്ടു കളം വരയ്ക്കും
അക്കളം പുക്കു ഞാൻ അത്തലിൻ വേതാള-
നൃത്തം ചവിട്ടിയലറി നിൽക്കും.
ആവില്ല നിങ്ങൾക്കടക്കുവാനെന്റെയീ
ഭാവങ്ങളീ മന്നിൻ ഭാവമത്രേ.
----------------------------------------------

അകത്തെ കാളി / അമ്മു ദീപ


പട്ടുടുത്ത്‌
പൊട്ടു തൊട്ട്‌
പൊന്നു ചൂടി
പൂവു മൂടി
അകത്തെ ഇരുട്ടറയിലിരുന്ന
കാളി കൊതിച്ചു
ഒരു വെളിച്ചപ്പാടായി
ജനിച്ചിരുന്നെങ്കിൽ...

ചന്ദനച്ചാർത്തും
നിറമാലയുമായി
ചമഞ്ഞൊരുങ്ങി മടുത്തു.
പൂജാരിയുടെ
നടതുറപ്പുകളിൽ മാത്രം
പുറം ലോകം കണ്ടു.
അറവിട്ടാൽ
ആറാട്ടുകാവ്‌ !
എഴുന്നള്ളത്തുകൾക്കൊക്കെയും
തുണ നിന്നു പുരുഷാരം.
നട്ടുച്ചയിലും
നിലവിളക്കിൻ തിരി
നിത്യപൂജകളാൽ
കൂച്ചുവിലങ്ങ്‌.
ഇനി വയ്യാ
മണികെട്ടിയ ശ്രീകോവിലിൻ വാതിൽ
പതിയെ തുറന്ന്
പുറത്തു കടക്കണം.
രൗദ്രമെങ്കിലും
കുലീനമീ ശിലാമൗനം
കുടഞ്ഞെറിയണം.
ആത്മബോധത്തിന്റെ നടയ്ക്കൽ
വാളും ചിലമ്പുമൂരിവെച്ച്‌
ഒരിക്കൽ
ഒരിക്കലെങ്കിലും
ഉടലെറിഞ്ഞ്‌
ഒന്നുറഞ്ഞു തുള്ളണം.
----------------------------------------

ചെമ്പരത്തി / തിരുനല്ലൂര്‍ കരുണാകരന്‍


കാണുകെന്റെയീ കൊച്ചുപൂന്തോപ്പിൽ
ചേണുലാവും ചെടികളുണ്ടേറെ

നല്ല മണ്ണിന്റെ വർണ്ണഗന്ധങ്ങൾ
നൽകി നമ്മളെ സൽക്കരിക്കുന്നോർ.
മുൻപിൽ നീളവേ വേലിയിൽ പൂക്കും
ചെമ്പരത്തികൾ കാവൽ നിൽക്കുന്നു.
ഇല്ല പൂക്കൾക്കു വർണ്ണവൈവിധ്യം
ഇല്ല മാദകമായ സൗരഭ്യം.
എങ്കിലും തെഴുത്തെപ്പൊഴും നിൽക്കും
ചെമ്പരത്തിയോടാണെനിക്കിഷ്ടം.
ആവതും സ്വച്ഛമായ്‌ കടുംചോപ്പാം
പൂവതിന്റെ ഹൃദയമാകുന്നു
ശാഖകൾക്കെഴും മേദുരശ്യാമ-
ചാരുതയതിൻ ശീലമാകുന്നു
വേനലെത്രമേൽ തീ ചൊരിഞ്ഞാലും
ഗ്ലാനിയെന്യേ തഴച്ചു നിൽക്കുന്നു.
നാടുലയവേ കാറ്റടിച്ചാലും
ചോടിളകാതുറച്ചു നിൽക്കുന്നു.
കാർമുകിലിൻ കനിവിനു വേണ്ടി-
ക്കാതരസ്വരം കേഴുമാറില്ല.
മണ്ണു നൽകുമുറപ്പിനോടല്ലാ-
തൊന്നിനോടും കടപ്പെടുന്നില്ല.
ഇപ്രകാരമധൃഷ്യമായ്‌ നിൽക്കും
ചെമ്പരത്തിയോടാണെനിക്കിഷ്ടം.
-----------------------------------------

 

Tuesday, August 2, 2016

തലക്കെട്ടിലും... / ഡോണ മയൂര

അരികിലില്ലെന്ന ബോധമാണ്
വഴിയരികിൽ കാണുന്നവരിൽ
നിന്നെ തെളിച്ചെടുക്കുന്ന താളം.
ഏതൊരുവന്റെ
മിഴികളിൽ കണ്ടു, മിന്നായം
നിന്നിലെന്നതു പോലെ
ഞാനെന്നെയിന്നലെ.
ഏതൊരുവളുടെ
ഒച്ചയിൽ തെളിഞ്ഞു
നിന്റെയെന്നതു പോലെ
പതിയെ പതഞ്ഞു
പടരുന്നൊരൊച്ച.
അന്യരുടെ മേൽച്ചുണ്ടിൽ,
നിന്റെയെന്നതുപോലെ
നോക്കുമ്പോളവർ
തിരിഞ്ഞു ചരിഞ്ഞു
നോക്കും കഴുത്തിലും
നിന്നെ കണ്ടു.
പൂവുകൾക്ക് നിന്റെ മുഖം
കാറ്റിന് നിന്റെ ഗന്ധം
ഇലകളോ
എന്റെ നീയേയെന്നുരഞ്ഞ്
തുമ്പത്തിരുത്തി
തുമ്പിയാക്കുന്നു.
അരികിലില്ലെന്ന ബോധമാണ്
വഴിയരികിൽ കാണുന്നവയിലെല്ലാം
നിന്നെ തെളിച്ചെടുക്കുന്ന താളം.
------------------------------------------