Wednesday, August 10, 2016

താറും കുറ്റിച്ചൂലും / കടമ്മനിട്ട


ഒരു കുടം താറുണ്ട്‌, ഒരു കുറ്റിച്ചൂലുണ്ട്‌
പെരുവാ നിറയെ തെറിയുമുണ്ട്‌
തലയിൽ ചിരങ്ങുണ്ട്‌, കാലിൽ വ്രണമുണ്ട്‌
തൊലിയാകെ ചൊറിയുവാൻ ചുണലുമുണ്ട്‌.
ഉലകിന്റെ ഉമ്മറത്തെത്തി ഞാൻ നിൽക്കവേ
പുലയാട്ടി നിൽക്കുന്നോ പോക്രികളേ?

വാതിലു കൊട്ടിയടയ്ക്കുവാൻ നിങ്ങടെ
വീതത്തിൽ മാത്രമോ പുണ്യവേദി?
എന്തിനീ നാട്യങ്ങളെന്തിനീ വഞ്ചന
മുന്തിരിത്തോപ്പിലെ മുള്ളുകളെ?
വരികയാണിന്നു ഞാൻ ഒരു കുടം താറുമായ്‌
ഉലകിന്റെ ഭിത്തിയിൽ താറടിക്കാൻ
തടയാൻ വരുന്നവർ വന്നോളൂ നിങ്ങടെ
വിളറും മുഖത്തും കരിപുരട്ടും.
കർക്കടവാവിനു പിണ്ഡം ചികയുന്ന
കാക്കകളല്ലെയീ നിങ്ങളെല്ലാം.
കാറ്റിന്റെ കയ്യിലെ സൗരഭം മോഷ്ടിക്കും
കള്ളപ്പരിഷകളല്ലെ നിങ്ങൾ?
രാവിന്റെ നോവിലുണർന്ന കുടമുല്ല-
പ്പൂവിനെ നിങ്ങൾ കശക്കിയില്ലെ?
കണ്ണുമിഴിച്ചു കിടന്നു ഞാൻ കാലിലെ
വിങ്ങും വ്രണത്തിൽ വിരലമർത്തി
കണ്ണുനീർ വീണു കുതിർന്നു തലയിണ
കല്ലും കരിമണ്ണും പൂഴിമെത്ത
പൊട്ടിയൊലിച്ച ചലമെന്റെ പ്രാണനിൽ
ഒട്ടിയപ്പോൾ നിങ്ങൾ മൂക്കുപൊത്തി
ഈച്ചയെപ്പോലെന്നെയാട്ടിയോടിച്ചില്ലേ
ഈർക്കിലിച്ചൂലുമായ്‌ "നല്ലവരെ" ?
തട്ടിപ്പറിച്ചു ഞാൻ ഈർക്കിലിച്ചൂലിന്റെ
കുറ്റിയെനിക്കിന്നു തൂലികയായ്‌
ഒരു കുടം താറുമായ്‌, ഒരു കുറ്റിച്ചൂലുമായ്‌
ഉണരും വെറുപ്പിന്റെ ശീലുമായി
ഓടയിലോടുമഴുക്കിന്റെ ചാലിൽ നി-
ന്നീ മണിമേട ഞാൻ താറടിക്കും.
നഗ്നചിത്രങ്ങൾ കരിയിലെഴുതിയീ
മുഗ്‌ ധഭാവങ്ങളെ മാച്ചുവെക്കും
വർണപ്പകിട്ടുകൾ കണ്ണാടിയിട്ടൊരീ
ചില്ലുശിൽപങ്ങൾ ഞാൻ തച്ചുടയ്ക്കും
നിങ്ങടെ കൽപ്പകത്തോപ്പിലെ വീഥിയിൽ
എങ്ങും ഞെരിഞ്ഞിലിൻ മുള്ളുപാകും.
കണ്ടാലറയ്ക്കുന്ന കണ്ണിൽ തറയ്ക്കുന്ന
വേണ്ടാതനങ്ങൾ വരച്ചു വെയ്ക്കും
തെറിയുടെ ചീളുകൾ തെന്നിച്ചു നിങ്ങടെ
നെറിയുടെ കൂറ വലിച്ചഴിക്കും.
കർപ്പൂരദീപം പൊലിക്കുമെൻ നിശ്വാസം
കുങ്കുമച്ചെപ്പിൽ ചെളിനിറയ്ക്കും
ചന്ദനക്കാട്ടിലെ താമരപ്പൊയ്കയിൽ
കൽമഷം തൂകി കരികലക്കും
വെൺകളി പൂശിയ വെണ്മുകിൽ ഭിത്തിയിൽ
കാർ മഷി കൊണ്ടു കളം വരയ്ക്കും
അക്കളം പുക്കു ഞാൻ അത്തലിൻ വേതാള-
നൃത്തം ചവിട്ടിയലറി നിൽക്കും.
ആവില്ല നിങ്ങൾക്കടക്കുവാനെന്റെയീ
ഭാവങ്ങളീ മന്നിൻ ഭാവമത്രേ.
----------------------------------------------

1 comment:

  1. കടമ്മനിട്ടയുടെ കുപ്പയിലെ മാണിക്യം എന്ന ഒരു കവിതയുണ്ട്. ഞാനത് അന്വേഷിച്ചു നടക്കുകയാണ്. അത് ഉണ്ടെങ്കില്‍ പങ്കുവയ്ക്കണേ...

    ReplyDelete