Thursday, November 10, 2016

പ്രാര്‍ത്ഥന / അനിത തമ്പി


രാത്രിവാനിന്‍ പടര്‍ച്ചില്ലമേല്‍,ഇല-
ത്തുള്ളികള്‍ പോലെ നക്ഷത്രദൃഷ്ടികള്‍
കണ്ടു കണ്ടു കണ്‍വട്ടം നിറയ്ക്കുവാന്‍
രാവെനിക്കു മിഴിയായിരിക്കണേ
പാട്ടുപെയ്യും മുകില്‍ക്കാടുകള്‍ക്കിട-
യ്ക്കൂതിയൂതിത്തളര്‍ന്ന പുല്ലാങ്കുഴല്‍
പോലെയാമുടല്‍ക്കൂടും നിലയ്ക്കാത്ത
കാറ്റെനിക്കു ചിറകായിരിക്കണേ
വേനലിന്‍റെ വിയര്‍പ്പിനെയുള്ളിലെ-
ത്തീയുണക്കുന്നൊരുപ്പായ ജീവിതം
സ്നേഹമാണ്,വെറുപ്പാണ്,ദൈവമേ
ലോകമെന്‍റെ മനസ്സായിരിക്കണേ.
നീലനീലക്കിനാവണ്ടികള്‍ വന്നു
നിന്നു നീങ്ങുമീ തീവണ്ടിശാലയില്‍
വന്നിരിപ്പാണ്,ഭീതികള്‍ താണ്ടുവാന്‍
മൃത്യുവെന്‍റെ ഉയിരായിരിക്കണേ.
-----------------------------------------

Wednesday, November 9, 2016

എന്നെയറിയില്ല / കുഴൂർ വിൽസണ്‍


അയാള്‍ക്കെന്നെയറിയില്ല
എനിക്കയാളെയും

ഞങ്ങള്‍ക്കിടയില്‍
ഒരു തടാകമുണ്ട്‌
അതില്‍ നിറയെ മീനുകളും

ആ മീനുകള്‍ അയാളുടേതല്ല
എന്റേതുമല്ല

ആ മീനുകള്
‍ഞങ്ങളുടേതല്ല എന്നുള്ളതാണു
ഞാനും അയാളും തമ്മിലുള്ള ഒരു ബന്ധം

ആ തടാകത്തില്‍ ആകാശം വീണു കിടക്കുന്നുണ്ട്‌
അതിലെ മേഘച്ചെരുവുകളിലൂടെ
മീനുകള്‍ ഊളിയിടുന്നതെനിക്കു കാണാം
വീണുകിടക്കുന്ന മേഘങ്ങളെ
ചെറുതായെങ്കിലും അനക്കുന്നതു
മീനുകള്‍ തന്നെ

കിളികളെ പേടിയില്ലാത്ത
മീനുകളുണ്ടാകുമോ
വേണമെങ്കില്‍ തടാകത്തിലെ ആകാശത്തില്‍ നോക്ക്‌

ഇതെല്ലാം അയാള്‍ കാണുന്നുണ്ടാകുമോ
എന്നായി എന്റെ വിചാരം
എന്റെ വിചാരങ്ങള്
അയാളറിയുന്നുണ്ടാകുമോയെന്നും

അയാള്‍ തടാകത്തില്‍
കണ്ടതെന്തെന്നു സങ്കല്‍പ്പിക്കാന്
‍എനിക്കായില്ല
അതിനു സമയം കിട്ടിയതുമില്ല

ആ എന്തെങ്കിലും വിചാരിക്കട്ടെ

അയാളുടെ കയ്യില്‍
ഒരു സിഗരറ്റുണ്ട്‌
എന്റെ കയ്യിലും സിഗരറ്റുണ്ടെന്നുള്ളതാണു
ഞങ്ങള്‍ തമിലുള്ള മറ്റൊരു ബന്ധം

എന്റെ സിഗരറ്റിന്റെ പുകയും മേഘങ്ങളും
സൗഹൃദത്തിലാണെന്നാണു എന്റെ വിചാരം
അതു കൊണ്ടാണല്ലോ ഞാന്‍
തടാകത്തില്‍
ചത്തുമലച്ചു കിടക്കുന്ന
മേഘങ്ങളെയോര്‍ത്തു ദുഖിക്കുന്നതു

അയാളുടേതങ്ങനെയല്ല
മുഖം കണ്ടാലറിയാം
ദുഖങ്ങളേയില്ല അയാള്‍ക്കു

ബോറടിച്ചിട്ടായിരിക്കും
അയാള്‍ സിഗരറ്റ്‌ വലിക്കുന്നത്‌

അയാള്‍ എന്നെക്കാള്‍ കറുത്തിട്ടാണു
അതും ഒരു ബന്ധം തന്നെ
പക്ഷെ അയാള്‍ക്കറിയില്ല
ഞാന്‍ വെളുത്തതാണെന്നു
കറുത്തതായി അഭിനയിക്കുകയാണെന്നു

അയാളും ചിലപ്പോള്‍വെളുത്തായിരിക്കും ഇരുന്നിരുന്നതു
അമ്മ മറന്നു വച്ചപ്പോള്‍ കറുത്തതാകുമോ

ആകില്ലഅയാള്‍ കറുത്തതു തന്നെ

ആകാശം വീണുകിടക്കുന്ന
മേഘങ്ങളുടെ തടാകം
മേഘങ്ങളുമായികൂട്ടുകൂടി നടക്കുന്ന
എന്റെ പുകച്ചുരുളുകള്‍

കറുത്തതല്ലാത്ത ഞാന്‍
-------------------------------------------------------------

ഒളിപ്പാർപ്പ് / ജയദേവ് നയനാർ


മത്സ്യകന്യകൾ
കുളിച്ചു താമസിക്കുന്ന
കടലിലെ വീടിനടുത്തുവേണം
എനിക്ക് ഒളിച്ചുപാർക്കാൻ.
മറ്റൊന്നിനുമല്ല.
എന്നിട്ട് വേണം
കടലിലാകെ
ഉമ്മകൾ കലക്കാൻ.
മറ്റൊന്നിനുമല്ല.
ചെമ്പരത്തി പോലെ
ചുവന്ന ചെകിളപ്പൂക്കളിൽ
കടൽ വെന്തുരുകിയ
പരലുകൾ
പറ്റിപ്പിടിച്ചിട്ടുണ്ടോ
എന്നറിയണം.
------------------------------

Saturday, November 5, 2016

നഗ്നത എന്ന നിലയിലും വിലാസം എന്ന നിലയിലും..... / ബൈജു മണിയങ്കാല


ശൈത്യമാണ്
ഒരു പരിചയക്കാരൻ
വന്ന്
ഒരു ഉടുപ്പ് കടം ചോദിയ്ക്കുന്ന
ലാഘവത്തോടെ
ഒട്ടും പരിചയവുമില്ലാത്ത
മടുപ്പു വന്ന്
ഒരപരിചിതന്റെ
മേൽവിലാസം
കടം ചോദിയ്ക്കുന്നു
പലർക്കും അറിയില്ലായിരിക്കും
ഒരു ദിവസത്തേയ്ക്കിടാൻ
രണ്ട് പരിചയക്കാർക്കിടയിൽ
പണ്ട്
ഇല്ലായ്മ കൊണ്ട്
കടമായി ചോദിച്ചിരുന്ന
പുത്തനുടുപ്പുകളുടെ ഉപമകൾ.
നിലവിലെ അവസ്ഥയിൽ
അപരിചിതർക്കിടയിൽ
ഒരു കോട്ടുവാ കഴിഞ്ഞാൽ
ലഘുവായിട്ട്
ചോദിയ്ക്കുവാൻ
മേൽവിലാസത്തേക്കാൾ
ലളിതമായി
എന്താണുള്ളത്?
ശൈത്യകാലത്ത്
മരങ്ങളിൽ നിൽക്കുന്ന
ഇലകളല്ലാതെ?
ഇല എന്ന നിലയിൽ
പച്ച
എക്കാലത്തും
മറ്റു നിറങ്ങൾക്ക് ചികിത്സിക്കുന്ന
മരുന്നാകണം
ചന്ദ്രനെന്ന നിലയിൽ
സംശയമുള്ളവർക്ക്
വിശദീകരണത്തിനായി
വെളിച്ചത്തിന് പുറത്ത്
കുറിച്ച് നൽകുന്നതാവും
നിലാവ്
സൗജന്യമായി കിട്ടേണ്ട മരുന്നുകൾ
വെളിയിൽ നിന്ന് വാങ്ങിയ്ക്കുവാൻ
എഴുതി കൊടുക്കുന്നത് പോലെ
കാഴ്ചയ്ക്കപ്പുറം
കാണാത്ത നിറങ്ങൾ
ബ്രാക്കറ്റിൽ കുറിച്ചു
കൊടുക്കുന്നുണ്ടാവും
ചിത്രങ്ങൾ
രാത്രിയാണെങ്കിൽ
ഇരുട്ടുണ്ടാവും..
രാത്രിയല്ലെങ്കിൽ
ഇരുട്ടിന് വേണ്ട ചേരുവകളുണ്ടാവും
അത്തരുണത്തിൽ
രാത്രിയ്ക്കും പകലിനുമിടയിൽ
ഞാനെന്റെ
ഏറ്റവും പുതിയ കവിതയുടെ
പൂർത്തിയാകാത്ത വരികൾ
മേൽവിലാസമായി
പറഞ്ഞു കൊടുക്കുന്നു
തീ പിടിച്ച കടലാസിൽ
നഗ്നത മറച്ച്
മടുപ്പിന്റെ കൂടെ
നടന്നു പോകുന്ന
എന്റെ കവിതയിലെ
അപൂർണ്ണമായ വരികൾ
തീ പിടിയ്ക്കുന്നതിന് മുമ്പ്
ആ കടലാസിൽ
മുറിയുടെ മൂല കൊണ്ട്
എന്റെ നഗ്നത ഒപ്പിട്ടിരുന്നതോർമ്മയുണ്ട്
ഇരുട്ട് കൊണ്ടുണ്ടാക്കിയ
ചങ്ങല കിലുക്കങ്ങൾ
ചിത്രങ്ങൾ വരച്ചിരുന്നതോർമ്മയുണ്ട്.
പലർക്കുമറിയില്ല,
എനിക്കുമറിയില്ലായിരുന്നു,
ഉടൽ എന്നത്
നഗ്നതയ്ക്ക് പുറത്ത്,
വാടകയ്ക്കെടുക്കുന്ന
സൗഭാഗ്യങ്ങൾ പോലെ
ഓരോദിവസവും
ഉറക്കം
ഉയിരോളം
നറുക്കെടുക്കുന്ന
ഭാഗ്യക്കുറിയാണെന്ന്
ലൈംഗികത മാത്രം
സമ്പത്തായുള്ള ഒരു മനുഷ്യന്
നഗ്നത എന്നത്
പുറമേ പറഞ്ഞു കൊടുക്കേണ്ട
താൽക്കാലിക മേൽവിലാസമാണെന്നിരിയ്ക്കെ,
ഒരേ സമയം
മരണം
പരിചയക്കാർക്കിടയിൽ
നഗനതയും
അപരിചിതർക്കിടയിൽ
മേൽവിലാസവുമാകുന്ന തെരുവിൽ,
സ്ഥിരമായ മേൽവിലാസം
എന്ന നിലയിൽ
അപരിചിതനിൽ നിന്ന്
മരണം
ഞാനൊളിച്ചു വെച്ചതെന്തിനാവോ?
----------------------------------------------

Friday, November 4, 2016

നാരകം / ആര്‍.സംഗീത


നീതി നിഷേധിക്കപ്പെട്ടവരുടെ
നഗരത്തിന്പുറത്തു
ഒരു മരം നടുന്നെങ്കിൽ
അത് നാരകമാവണം

ഞെരടി മണക്കുന്ന
ഓരോ ഇല ഞരമ്പും
ജീവന്റെ മണം
വിരലുകളിൽ
അവശേഷിപ്പിക്കണം
ഞെക്കി പിഴിയുമെന്നു
അറിയാമെങ്കിലും
വെയിലിനേക്കാൾ
മഞ്ഞച്ചു
കായ്ച്ചു നിൽക്കണം
തോൽപ്പിക്കപ്പെട്ടുമ്പോഴും
ജയിക്കുന്നുവെന്നും
ജീവിക്കുന്നുവെന്നും
വീണ്ടും വീണ്ടും
പൊട്ടിമുളച്ചു
കാണിച്ചു കൊടുക്കണം .
--------------------------------

Thursday, November 3, 2016

സര്‍ബത്ത് / ദ്രുപദ് ഗൗതം


അറുത്തുമാറ്റിയ
കൂടപ്പിറപ്പിനെക്കുറിച്ചല്ല,
മുറിവുകളുടെ
ആഴങ്ങളെക്കുറിച്ചുമല്ല.

പിഴിഞ്ഞെടുത്ത
നിലവിളികളെക്കുറിച്ച്
അല്ലേയല്ല ,
മധുരമുള്ളോരോര്‍മയില്‍
കുറച്ചുനേരം
പൊന്തിക്കിടക്കുന്നതിനെക്കുറിച്ചാണ്
നാരങ്ങയല്ലികള്‍
ഇപ്പോഴും
പറഞ്ഞുകൊണ്ടിരിക്കുന്നത് !
ഇന്നും
ഒറ്റവലിക്ക്
നമ്മള്‍
വറ്റിപ്പോകുന്ന,
ശ്വാസംകിട്ടാത്ത
ചരിത്രങ്ങളുണ്ട് !
------------------------------------------

Tuesday, November 1, 2016

തങ്കമണി / ജയശങ്കര്‍.എ.എസ്.അറയ്ക്കല്‍


പൂതിയൊന്നും ബാക്കിയാക്കാണ്ടാന്ന്
തങ്കമണി ചത്തേന്ന്
വിവരമറിഞ്ഞ് വീട്ടിലെത്ത്യോരോടായി
പതം പറഞ്ഞ് കരയുന്നേന്‍റെടേല്‍
ഓള്‍ടെ അമ്മ കുഞ്ഞായേട്ത്തി
വെളിപ്പെട്ടുകൊണ്ടേയിരുന്നു.

തങ്കമണിയെ മംഗലം കഴിക്കാന്‍
ആര്‍ത്തിയായി നടന്ന
അമ്മാളുവേടത്തിയുടെ മൂത്തമോന്‍
കുഞ്ഞിക്കോരന്‍,
തങ്കമനമറിഞ്ഞ
കൂട്ടുകാരി അച്ചാമ്മ,
പുഴക്കരയിലെ അലക്കുകൂട്ടത്തിലെ
പായാരം പറച്ചിലുകാര്‍
എല്ലാവരും
അകാല ദേഹവിയോഗത്തില്‍
പീഡിതമനോവിചാരങ്ങളാല്‍
മൌനമണിഞ്ഞു.
കേതക്കായ പറിക്കാന്‍
കാട്ടില്‍ പോയ തങ്കത്തെ
ചീങ്ങമരച്ചോട്ടില്‍
ചത്തു കിടക്കുന്ന കണ്ട്
അലറിക്കൂവി ആളെയറിയിച്ച
കുഞ്ഞാമന്റെ ഭാര്യ ഉച്ചിര
ബോധമില്ലാതെ
സ്വന്തം തിണ്ണയില്‍ കിടന്നു.
കുളിപ്പിക്കാനെടുത്തപ്പോ
വയസ്സിത്തള്ള നാണി
അടിവയറിലെ വലിപ്പം കണ്ട്
അന്തം വിട്ട് ചോദിച്ച ചോദ്യത്തിന്‍റെ
ഉത്തരം തന്നെ അപ്പോഴും
തങ്കമണിയുടെ അമ്മ
വെളിപ്പെട്ടുകൊണ്ടേയിരുന്നു.
' പൂതിയൊന്നും ബാക്കിയാക്കാണ്ടാന്നോള് '
-------------------------------------------------

സോളമൻ / കൽപ്പറ്റ നാരായണൻ


ഇറവെള്ളം
തുള്ളിതുള്ളിയായിറ്റു വീഴുന്ന നാദം
കേട്ടുമതിയാവാത്ത നാൾ വരും.
മടിയിൽക്കിടക്കുന്ന നിൻറെ നെറ്റിത്തടം
വായിച്ചിട്ടു വായിച്ചിട്ടും തീരാത്ത നാൾ.
പൂവൻ പിടയോട്
പുലരാൻ എത്ര നേരമുണ്ട് എന്നു ചോദിക്കുന്നത്
ഇല ഇലയുടെ ചെവിട്ടിൽ മന്ത്രിക്കുന്നത്
വേരുകൾ പുതപ്പിനടിയിൽ അടക്കം പയുന്നത്
മീൻ മുകളിലേക്കു വന്ന്
കൂട്ടുകാരനെ മുട്ടിയുരുമ്മിപ്പറഞ്ഞ നേരമ്പോക്ക്
കുമിളകളായി ഉയരുന്നത്
കിളി അടുത്ത മരത്തിലെ കിളിയോട് വിളിച്ചു
ചോദിക്കുന്നത്
മരം കോട്ടുവായിടുന്നത്
കേൾക്കാവുന്ന നാൾ
അതിനു തലേന്ന്
സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്
ദൈവമെന്നോടു ചോദിക്കും;
സോളമാ നിനക്കെന്തു വേണം
സൗന്ദര്യം, ശക്തി, സമ്പത്ത്, രാജ്യം?
ഞാൻ പറയും
എനിക്കതൊന്നും വേണ്ട
എഴുതാത്തത് വായിക്കാനുള്ള
പറയാത്തത് കേൾക്കാനുള്ള ത്രാണി മതി.
സ്വന്തം ശേഷി പാതിയായിക്കുറഞ്ഞതിലുള്ള
നിരാശയോടെ ദൈവം അർദ്ധസമ്മതം മൂളും
മുപ്പതാണ്ടത്തെ ഉറക്കം വിട്ട്
ഞാനുണരും.
--------------------------------------------------