Saturday, July 29, 2017

ശുഭപ്രതീക്ഷാഭരിതമായ ഒരു ഭ്രാന്തന്‍ സ്വപ്നം / നിരഞ്ജൻ T G


കയ്പില്ലാത്തതെന്ന്
ഒരു കിളി മധുരിച്ചുപാടുന്ന
കാഞ്ഞിരമരത്തില്‍ നിന്ന്
കൊളുത്തുപൊട്ടിവന്ന
കവിതയുടെ കാല്‍ച്ചങ്ങല
മുറിവുനീറ്റങ്ങളില്‍ ഇഴയുമ്പോഴും
കിലുങ്ങുന്നതു കേള്‍ക്കും
കട്ടുറുമ്പുകളെപ്പോലെ
സ്വപ്നത്തിലെ കറുത്ത സെക്കന്‍ഡുകള്‍
ഒന്നിനു പിറകേ ഒന്നായി
വരിയില്‍ നടന്നുപോകുന്നതു കാണും
എണ്ണിക്കൊണ്ടിരിക്കും
കല്ലുരുട്ടിക്കൊണ്ട്
പതിവായി കനം തൂങ്ങി
മല കയറിക്കൊണ്ടിരിക്കുന്ന ഹൃദയം
കിതച്ചുകിതച്ചുകൊണ്ട്
ലബ്ബെന്നും ഡബ്ബെന്നും മിടിക്കുന്നത്
ഇടത്തെന്നുള്ള വേദന
വലത്തെന്നുള്ള വേദനയോ
തിരിച്ചോ ആവുന്നതിലെ ആഹ്ളാദം
ഉടുക്കുകൊട്ടുന്നതാണെന്നൊക്കെ തോന്നും
മുകളിലെത്തും
കൈവിട്ടുകളയും
കൈകൊട്ടിച്ചിരിക്കും
ഉണരും..!
------------------------------------------------------------------

മരച്ചക്രം/ ആര്യാഗോപി


മഴമുടിയഴിച്ചിടം
തെളിവെയിലൊളിച്ചിടം
കരിയില തുവര്‍ത്തിയി-
ട്ടകംപുറം വകഞ്ഞിടം .
ചിരിത്തെന്നല്‍ പടര്‍ന്നിടം
വഴിത്തെയ്യം വരും മുമ്പേ
വെളിച്ചവുമിരുട്ടും ചേര്‍-
ന്നൊളിച്ചോട്ടം പഠിച്ചിടം .
മണല്‍ചിത്രം വരച്ചിടം
മുകില്‍ചോര തെറിച്ചിടം
മരംകോച്ചും തണുപ്പത്തു
വിരല്‍പത്തും വിറച്ചിടം .
ഉടല്‍കൊത്തി വലിച്ചിടം
ഉളിപ്പല്ലാല്‍ മുറിച്ചിടം
നിറംതേച്ച നിരത്തിന്മേല്‍
കരിങ്കോലം നിരന്നിടം .
കടിച്ചൂറ്റിക്കളഞ്ഞിടം
വിഴുപ്പെല്ലാമെറിഞ്ഞിടം
വിളക്കിന്മേല്‍ കുടം താഴ്ത്തി
കുലം പാടിപ്പൊലിച്ചിടം .
തലത്തൂവല്‍ വിരിഞ്ഞിടം
കഴുത്താഴം മുറിഞ്ഞിടം
കലക്കപ്പെയ്ത്തിരച്ചേറി
കിടക്കാടം മറഞ്ഞിടം .
മരച്ചക്രം ചിലന്തിക്കായ്
വലനെയ്തു പുലര്‍ന്നിടം
മരിച്ചില്ലെന്നുറപ്പിക്കാ-
നുറക്കപ്പിച്ചുരച്ചിടം !
എനിക്കും താ വിരല്‍തുമ്പി-
ലൊരു നൂല്‍ത്തുമ്പിഴ ചേര്‍ത്തു
കറക്കട്ടെ മരച്ചക്രം
മരിച്ചിട്ടില്ലിതേവരെ !
-------------------------------------------------

ഞാൻ, വസന്തത്തിന്റെ ചുമട്ടുകാരി / ചിത്തിര കുസുമൻ


ഞാൻ ഒരു മുഴുവൻ കാട്‌
(വന്നു വീഴുന്നൊരു തീപ്പൊരിക്കും
ആളിക്കത്താനിടമില്ലാതിരിക്കരുത്‌)
എന്റെ ഉച്ചിയിൽ ചുവപ്പൻ പൂക്കളുടെ ഒരു പൂക്കൊട്ട
ഞാൻ വസന്തത്തിന്റെ ചുമട്ടുകാരി
അവിടെ നിന്ന് ഇടം വലം പിരിഞ്ഞ്‌
ആയിരം പിരിവള്ളികൾ.
ഞാൻ മുടിയിഴകൾ കൊണ്ട്‌ നാണം മറച്ചവൾ
എന്റെ കാട്ടു ഞരമ്പുകളിൽ ഉറവകൾ
പൊട്ടിയൊഴുകുന്ന ലഹരിച്ചാലുകൾ.
നാഗങ്ങളരഞ്ഞാണം
ഞാൻ കണ്ട്‌ ഞാൻ തന്നെ തീണ്ടുന്ന വിഷസർപ്പങ്ങൾ
എന്റെ ഇരുണ്ട പച്ച, അവസാനിക്കാത്തൊരാലിംഗനം
മണ്ണടരുകളിൽ ഫോസിലുകളായി ചിത്രങ്ങൾ
പൊഴിഞ്ഞു വീഴുന്നവ ചുംബനങ്ങൾ
ഗന്ധങ്ങൾ, നനഞ്ഞ ദേഹത്ത്‌
അടക്കിവെച്ചിരിക്കുന്ന വീർപ്പുമുട്ടലുകൾ
വെയിലിനെ അകം കാണിക്കാത്ത തണുപ്പ്‌.
തേരട്ടകൾ ഇഴഞ്ഞു നടക്കുന്ന കാൽ വണ്ണകൾ
ഞാൻ ശമിക്കാത്ത പ്രണയം, ഒരു കാടൻ വിശപ്പ്‌.
അതിന്റെ മേൽ ദിനം പ്രതി കായ്ക്കുന്ന സൂര്യൻ
തൊട്ടാൽ പൊള്ളുന്ന ചൂട്‌.
-----------------------------------------------------------------------------

മഞ്ഞുകാലമേ ,നിനക്ക് തീ കായുവാൻ / സെറീന


ആരും തൊട്ടോമനിക്കാത്തൊരു ജീവി
മണ്ണിനടിയിലേക്കതിന്റെ
കനി തുരന്നെത്തുമ്പോലെ 
വേരു പടർന്നൊരു കരച്ചിൽ
കുഴിച്ചു ഞാനാ വാക്കിലെത്തുന്നു.
കത്തിച്ച ടോർച്ചിൽ കൈവെള്ളയമർത്തി
ചുകന്നോരുള്ള് കാട്ടിത്തരുമ്പോലെ
വെട്ടമായും
അന്തമില്ലാത്തയാഴത്തിലേക്കു
പ്രതിധ്വനിക്കുന്ന പേരായും
പുലർജ്ജലം പോലെ മരണം
കഴുകിയെടുത്ത മുഖമായും
എവിടേയ്ക്കു പോയാലുമൊപ്പമെത്തുന്നത്.
നാലു ദിക്കിലേയ്ക്കും
ഒരേ സമയം പച്ച തെളിയുമ്പോൾ
ഒരുമിച്ചു കുതിയ്ക്കുന്നു
ഒടുക്കത്തെ വണ്ടികൾ.
തിരക്കുകളിൽ നിന്നെല്ലാം വിരമിച്ചൊരാൾ
മുറിച്ചു കടക്കുന്നു,
തെറ്റിയ വാക്ക് പോലെ
കറുത്ത താളിൽ മാഞ്ഞു പോവുന്നു .
അകത്തും പുറത്തുമില്ലാതെ
ഒരു സൂചിക്കുഴയോളം വട്ടത്തിൽ
ആകാശവും കടലുമൊളിപ്പിച്ചവൾ
നെഞ്ചിടിപ്പിന് മീതെ വലം കൈ ചേർത്തു
എനിക്കു ഞാനുണ്ടെന്നറിയുന്നു .
ഒരു വിരലാൽ മറുവിരൽ കൂട്ടിപ്പിടിയ്ക്കുന്നു .
മറുപടിയെന്നെഴുതുമ്പോൾ
മരണമെന്ന് തെറ്റി വായിക്കും
മഞ്ഞുകാലമേ, തീ കായുവാൻ
നീയെടുത്തുകൊള്ളൂ ,
ഭൂമിയിലേറ്റവും പൊള്ളുന്ന വാക്ക്,
തനിച്ചെന്ന കൊള്ളി . 
----------------------------------------------------------------------

Wednesday, July 12, 2017

സൂക്ഷിച്ചുവെച്ച വാക്കുകൾ / നിരഞ്ജൻ T G


വാക്കുകൾ,
മധുരമായ് ഇഴുകിപ്പിടിച്ചും
കൂടിക്കുഴഞ്ഞും
ഇടക്കിടെ
കൈക്കുമ്പിളിൽ കോരിയിട്ടൊന്നായ്
നുണഞ്ഞിരിക്കാറുള്ള വാക്കുകൾ
പഴയ ഭരണികൾക്കുള്ളിൽ
മധുരിച്ചു കൊണ്ടേയിരിക്കുന്ന വാക്കുകൾ
വാക്കുകൾ,
ക്ഷീണിച്ച സന്ധ്യയിൽ
കവിളൊട്ടി നിൽക്കും
വിയർപ്പിന്റെയുമ്മയിൽ
പൊട്ടിച്ചിരിപ്പിച്ച വാക്കുകൾ
താനേ കുറുങ്ങിയും
വെയിൽ കൊണ്ടുണങ്ങിയും
പഴയ കുപ്പികൾക്കുള്ളിൽ
ഉപ്പിട്ടു സൂക്ഷിച്ച വാക്കുകൾ
വാക്കുകൾ,
വക്കു പൊട്ടിയും
തേഞ്ഞും ഞണുങ്ങിയും
പരസ്പരം പഴികളായ് കനലിട്ട
കത്താത്ത തീയിന്റെ
കരി കൊണ്ടു മൂടിയും
വേണ്ടെന്നു വെച്ചു നാം
അട്ടത്തു കൊണ്ടിട്ടു
കളയാതെ സൂക്ഷിച്ച
വാക്കുകൾ,
പഴയ ചാക്കുകൾക്കുള്ളിൽ
പരസ്പരം
മിണ്ടാതനങ്ങാതിരിക്കുന്ന
വാക്കുകൾ ..!
( നിരഞ്ജൻ, ചെലവു കുറഞ്ഞ കവിതകൾ, 2010)

Tuesday, July 4, 2017

നദികള്‍ / സച്ചിദാനന്ദന്‍


ഇന്നു ഞാന്‍ നദികളെക്കുറിച്ചു പാടും
കാടുകളുടെ പ്രാചീനമായ മന്ത്രമാണ് നദി
പൊയ്പ്പോയ മക്കളെത്തേടി
മുടിയഴിച്ചിട്ടലറിയലയുന്ന
മലമുത്തിയാണു നദി
നദികളിലൂടെ പൊട്ടിക്കരയുന്ന പിതൃക്കളെക്കുറിച്ചു
പോക്കുവരവുകളുടെ ഈ
മലയുറവയിലിരുന്നു ഞാന്‍ പാടും
ഓരങ്ങളിലെ കല്ലുകളില്‍ നദികള്‍ കൊത്തി വെച്ച
ശിലാശാസനങ്ങള്‍ ഇന്ന് ഞാന്‍ വായിക്കും
രക്തസാക്ഷികളുടെ അസ്ഥിമണ്ഡപങ്ങളില്‍ നിന്ന്
ഞാനിന്നു മെരുങ്ങാത്ത കടലിന്റെ വിളി കേള്‍ക്കും
കടലില്‍ ഭരദൈവങ്ങള്‍
വെളിച്ചപ്പെടുന്നത് ഞാന്‍ കേള്‍ക്കും
ശത്രുക്കള്‍ തോക്ക് ചൂണ്ടി കാവല്‍ നില്‍ക്കുന്ന
തടവറയിലെ ഗോത്രത്തലവനെപ്പോലെ
സ്വസ്ഥചിത്തനായി ഞാനെന്റെ
വംശസ്മൃതികള്‍ താലോലിക്കും
മിസ്സിസിപ്പിമുത്തശ്ശിയുടെ വീരഗാഥകളെയും
യൂഫ്രട്ടീസുകാരണവരുടെ
നായാട്ടുതീരങ്ങളെയും കുറിച്ച്
ഞാനിന്നു മതി മറന്നു പാടും
ദാരിയൂസ്സിനു ഞാന്‍ കലപ്പയും
കൊടുവാളും സമ്മാനിച്ചു
മോശയുടെ വെള്ളത്താടിയ്ക്കിടയിലൂടെ
വാഗ്ദത്തഭൂമി നോക്കി നെടുവീര്‍പ്പിട്ടു
ഈജിയന്‍ കടലില്‍ ചങ്ങലയ്ക്കിട്ട
കൈകളാല്‍ തോണി തുഴഞ്ഞു
കാലിലെ വ്രണങ്ങള്‍ മറന്ന്
ദേവനോസൂസ് ദേവന്നു മുന്നില്‍ നൃത്തം ചെയ്തു
റോമായില്‍ അവരെന്നെ
സിംഹത്തിന്നെറിഞ്ഞു കൊടുത്തു
ആഫ്രിക്കന്‍ കടലോരത്ത് ഞാന്‍
കണ്ണുകളുടെ കാര്‍ത്തേജുയര്‍ത്തി
ഒറ്റയ്ക്കായപ്പോള്‍ അഴിമുഖത്തിരുന്ന്
പിരമിഡ്ഡുകളുടെ കല്ലുകള്‍ക്കിടയില്‍പ്പെട്ടു
മരിച്ച കുഞ്ഞുങ്ങളെയോര്‍ത്തു തേങ്ങി
സിന്ധുതടത്തില്‍ നാട്യഗൃഹങ്ങളും
പുഷ്കരണികളും പണിതു തളര്‍ന്നു
എന്റെ വെന്ത മാംസത്തിന്റെ ഞാണൊലികളില്‍
കര്‍ണ്ണന്‍ കരുത്താര്‍ന്നു കണ്മിഴിച്ചു
എന്റെ ദേഹത്തിന്റെ കറുത്ത ഉഴവുചാലുകള്‍
​ഒരു വൈദേഹിക്കായിപൂത്തു
ഭാരമേറ്റി കല്ലിച്ചുപോയ ​ ​എന്റെ മുതുകത്താണ്
അജന്തകള്‍ കൊത്തപ്പെട്ടത്‌
വിഷം കുടിച്ച തൊണ്ടകള്‍ പാട്ട് നിര്‍ത്തുന്നില്ല
​എവറസ്റ്റിന്റെ നട്ടെല്ലുള്ള ആത്മാക്കള്‍
ദുരന്തങ്ങള്‍ക്ക് കീഴടങ്ങുന്നില്ല
ഇപ്പോള്‍ എന്റെ മുഷ്ടി ഒരു ചുകന്ന ബോധി പോലെ
കരിങ്കടലിലും ചെങ്കടലിലും നിന്ന്
പൊങ്ങിയെഴുന്നു നില്‍ക്കുന്നു
വന്‍കരകളില്‍ മുഴുവന്‍ അത് തവിട്ടുനിഴല്‍ വീശുന്നു
ആല്‍പ്സ് അതിന്റെ ഒരു വിരല്‍; ഹിമവാന്‍ മറ്റൊന്ന്
മധ്യധരണ്യാഴിയുടെ ആകാശത്തില്‍ അത്
മുട്ടി മുഴങ്ങുന്നു : ' ഞങ്ങള്‍ഭൂമിയെ അവകാശമാക്കും. '
പൂക്കളും പഴങ്ങളും പിന്‍വലിച്ചു
മുടിയഴിചിട്ടലരുന്ന കറുത്ത ഭൂമീ,
സുഫലയായിരുന്ന എന്റെ അമ്മേ,
ചിരികള്‍ മറന്ന നിന്റെ കണ്ണുകളുടെ വനങ്ങളില്‍
പടരുന്ന വഹ്നി, പാട്ടുകള്‍ വിട പറഞ്ഞിട്ടും
നിന്റെ ഗിരിശിരസ്സുകളില്‍
മുഴങ്ങുന്ന പെരുമ്പറകള്‍ ,
ഊരിയെറിഞ്ഞിട്ടും നിലയ്ക്കാത്ത
നിന്റെ ചിലമ്പുകളുടെ കിലുക്കം -
എല്ലാം എന്റേത് .
നിന്റെ മകള്‍ വീണ്ടെടുക്കപ്പെടും
അവള്‍ പാതാളത്തില്‍ നിന്ന്
വസന്തവുമൊത്ത് പടികള്‍ കയറി വരും
അവള്‍ കൊയ്ത്തുപാട്ടും കുറത്തിയാട്ടവുമായി
കടല്‍ മുറിച്ചു കടന്നു വരും
നിന്റെ വാള്‍ ദാഹം തീര്‍ക്കും
നിന്റെ വടുക്കള്‍ പുഷ്പിക്കും
ഇന്നു ഞാന്‍ നദികളെക്കുറിച്ചു പാടും :
ഭൂമിയില്‍ ആദ്യം അരുണാഭമായ നദികളെക്കുറിച്ച്:
വോള്‍ഗയെക്കുറിച്ചും യാന്ഗ്ത്സിയെക്കുറിച്ചും
ഇന്ന് ഞാന്‍ നദികളെക്കുറിച്ചു പാടും
ദുരന്തവൃത്തത്തിന്റെ രണ്ടാം ചുറ്റലില്‍
തപ്പിത്തടഞ്ഞു കറുത്തു പോയ കൃഷ്ണയെക്കുറിച്ച്
കഴുമരത്തിനു ​ ​​തളിര്‍ വിരിയിച്ച തേജസ്വിനിയെക്കുറിച്ച്
എഴുപത്തൊന്നിന്റെ താരുണ്യം
എല്ലാ തെരുവിലൂടെയും പതഞ്ഞൊഴുകി വീണ്
അരുണരേഖയാക്കി മാറ്റിയ സുവര്‍ണ്ണ രേഖയെക്കുറിച്ച്
ഇന്നു​ ഞാന്‍ നദികളെക്കുറിച്ചു പാടും
കാവേരിയെക്കുറിച്ച്, പെരിയാറിനെക്കുറിച്ച്,
കബനിയെക്കുറിച്ചും.
--------------------------------------------------------------------------------------