Tuesday, July 4, 2017

നദികള്‍ / സച്ചിദാനന്ദന്‍


ഇന്നു ഞാന്‍ നദികളെക്കുറിച്ചു പാടും
കാടുകളുടെ പ്രാചീനമായ മന്ത്രമാണ് നദി
പൊയ്പ്പോയ മക്കളെത്തേടി
മുടിയഴിച്ചിട്ടലറിയലയുന്ന
മലമുത്തിയാണു നദി
നദികളിലൂടെ പൊട്ടിക്കരയുന്ന പിതൃക്കളെക്കുറിച്ചു
പോക്കുവരവുകളുടെ ഈ
മലയുറവയിലിരുന്നു ഞാന്‍ പാടും
ഓരങ്ങളിലെ കല്ലുകളില്‍ നദികള്‍ കൊത്തി വെച്ച
ശിലാശാസനങ്ങള്‍ ഇന്ന് ഞാന്‍ വായിക്കും
രക്തസാക്ഷികളുടെ അസ്ഥിമണ്ഡപങ്ങളില്‍ നിന്ന്
ഞാനിന്നു മെരുങ്ങാത്ത കടലിന്റെ വിളി കേള്‍ക്കും
കടലില്‍ ഭരദൈവങ്ങള്‍
വെളിച്ചപ്പെടുന്നത് ഞാന്‍ കേള്‍ക്കും
ശത്രുക്കള്‍ തോക്ക് ചൂണ്ടി കാവല്‍ നില്‍ക്കുന്ന
തടവറയിലെ ഗോത്രത്തലവനെപ്പോലെ
സ്വസ്ഥചിത്തനായി ഞാനെന്റെ
വംശസ്മൃതികള്‍ താലോലിക്കും
മിസ്സിസിപ്പിമുത്തശ്ശിയുടെ വീരഗാഥകളെയും
യൂഫ്രട്ടീസുകാരണവരുടെ
നായാട്ടുതീരങ്ങളെയും കുറിച്ച്
ഞാനിന്നു മതി മറന്നു പാടും
ദാരിയൂസ്സിനു ഞാന്‍ കലപ്പയും
കൊടുവാളും സമ്മാനിച്ചു
മോശയുടെ വെള്ളത്താടിയ്ക്കിടയിലൂടെ
വാഗ്ദത്തഭൂമി നോക്കി നെടുവീര്‍പ്പിട്ടു
ഈജിയന്‍ കടലില്‍ ചങ്ങലയ്ക്കിട്ട
കൈകളാല്‍ തോണി തുഴഞ്ഞു
കാലിലെ വ്രണങ്ങള്‍ മറന്ന്
ദേവനോസൂസ് ദേവന്നു മുന്നില്‍ നൃത്തം ചെയ്തു
റോമായില്‍ അവരെന്നെ
സിംഹത്തിന്നെറിഞ്ഞു കൊടുത്തു
ആഫ്രിക്കന്‍ കടലോരത്ത് ഞാന്‍
കണ്ണുകളുടെ കാര്‍ത്തേജുയര്‍ത്തി
ഒറ്റയ്ക്കായപ്പോള്‍ അഴിമുഖത്തിരുന്ന്
പിരമിഡ്ഡുകളുടെ കല്ലുകള്‍ക്കിടയില്‍പ്പെട്ടു
മരിച്ച കുഞ്ഞുങ്ങളെയോര്‍ത്തു തേങ്ങി
സിന്ധുതടത്തില്‍ നാട്യഗൃഹങ്ങളും
പുഷ്കരണികളും പണിതു തളര്‍ന്നു
എന്റെ വെന്ത മാംസത്തിന്റെ ഞാണൊലികളില്‍
കര്‍ണ്ണന്‍ കരുത്താര്‍ന്നു കണ്മിഴിച്ചു
എന്റെ ദേഹത്തിന്റെ കറുത്ത ഉഴവുചാലുകള്‍
​ഒരു വൈദേഹിക്കായിപൂത്തു
ഭാരമേറ്റി കല്ലിച്ചുപോയ ​ ​എന്റെ മുതുകത്താണ്
അജന്തകള്‍ കൊത്തപ്പെട്ടത്‌
വിഷം കുടിച്ച തൊണ്ടകള്‍ പാട്ട് നിര്‍ത്തുന്നില്ല
​എവറസ്റ്റിന്റെ നട്ടെല്ലുള്ള ആത്മാക്കള്‍
ദുരന്തങ്ങള്‍ക്ക് കീഴടങ്ങുന്നില്ല
ഇപ്പോള്‍ എന്റെ മുഷ്ടി ഒരു ചുകന്ന ബോധി പോലെ
കരിങ്കടലിലും ചെങ്കടലിലും നിന്ന്
പൊങ്ങിയെഴുന്നു നില്‍ക്കുന്നു
വന്‍കരകളില്‍ മുഴുവന്‍ അത് തവിട്ടുനിഴല്‍ വീശുന്നു
ആല്‍പ്സ് അതിന്റെ ഒരു വിരല്‍; ഹിമവാന്‍ മറ്റൊന്ന്
മധ്യധരണ്യാഴിയുടെ ആകാശത്തില്‍ അത്
മുട്ടി മുഴങ്ങുന്നു : ' ഞങ്ങള്‍ഭൂമിയെ അവകാശമാക്കും. '
പൂക്കളും പഴങ്ങളും പിന്‍വലിച്ചു
മുടിയഴിചിട്ടലരുന്ന കറുത്ത ഭൂമീ,
സുഫലയായിരുന്ന എന്റെ അമ്മേ,
ചിരികള്‍ മറന്ന നിന്റെ കണ്ണുകളുടെ വനങ്ങളില്‍
പടരുന്ന വഹ്നി, പാട്ടുകള്‍ വിട പറഞ്ഞിട്ടും
നിന്റെ ഗിരിശിരസ്സുകളില്‍
മുഴങ്ങുന്ന പെരുമ്പറകള്‍ ,
ഊരിയെറിഞ്ഞിട്ടും നിലയ്ക്കാത്ത
നിന്റെ ചിലമ്പുകളുടെ കിലുക്കം -
എല്ലാം എന്റേത് .
നിന്റെ മകള്‍ വീണ്ടെടുക്കപ്പെടും
അവള്‍ പാതാളത്തില്‍ നിന്ന്
വസന്തവുമൊത്ത് പടികള്‍ കയറി വരും
അവള്‍ കൊയ്ത്തുപാട്ടും കുറത്തിയാട്ടവുമായി
കടല്‍ മുറിച്ചു കടന്നു വരും
നിന്റെ വാള്‍ ദാഹം തീര്‍ക്കും
നിന്റെ വടുക്കള്‍ പുഷ്പിക്കും
ഇന്നു ഞാന്‍ നദികളെക്കുറിച്ചു പാടും :
ഭൂമിയില്‍ ആദ്യം അരുണാഭമായ നദികളെക്കുറിച്ച്:
വോള്‍ഗയെക്കുറിച്ചും യാന്ഗ്ത്സിയെക്കുറിച്ചും
ഇന്ന് ഞാന്‍ നദികളെക്കുറിച്ചു പാടും
ദുരന്തവൃത്തത്തിന്റെ രണ്ടാം ചുറ്റലില്‍
തപ്പിത്തടഞ്ഞു കറുത്തു പോയ കൃഷ്ണയെക്കുറിച്ച്
കഴുമരത്തിനു ​ ​​തളിര്‍ വിരിയിച്ച തേജസ്വിനിയെക്കുറിച്ച്
എഴുപത്തൊന്നിന്റെ താരുണ്യം
എല്ലാ തെരുവിലൂടെയും പതഞ്ഞൊഴുകി വീണ്
അരുണരേഖയാക്കി മാറ്റിയ സുവര്‍ണ്ണ രേഖയെക്കുറിച്ച്
ഇന്നു​ ഞാന്‍ നദികളെക്കുറിച്ചു പാടും
കാവേരിയെക്കുറിച്ച്, പെരിയാറിനെക്കുറിച്ച്,
കബനിയെക്കുറിച്ചും.
--------------------------------------------------------------------------------------

No comments:

Post a Comment