Tuesday, March 26, 2019

തളിക്ക് വേനലേ.../ഉമാ രാജീവ്

വരിക വേനലെ
വന്നിരുന്നീ
ചെറിയകൊമ്പിലെ
തളിരിലയിലും
നിറയെ വിളമ്പുക
കഴിഞ്ഞുപോയൊരു
പ്രളയം
കൊതിച്ച
ഇളവെയിലിന്നു
പകരമായ്
പതയും
പാലുപോൽ
നുരയും
വേവിന്റെ
അടിയിളക്കി
തടയുന്ന
പങ്കിലെ
നടുമുറിക്കഷ്ണം.

ഉടലിൽനിന്നൂർന്നു
പോകുമവസാന
കച്ച
കണ്ണു ചോപ്പിച്ച്
കൂർപ്പിച്ച്
ഊരിവാങ്ങുക,
ഊർത്തിനോക്കുക
അതിന്നടിയിലെ
നാണവും
പൊള്ളലും
അവളൊളിപ്പിക്കും
വറുതികൾ
വെന്തു വിണ്ട
വിടവുകൾ
പൊത്തുകൾ

അടിയിളകി
വിരലുകൾ പൊള്ളച്ച്
തൊലിപൊളിഞ്ഞ്
തെളിഞ്ഞ കാൽപ്പത്തിയിൽ
നിറയെ ഇറ്റിക്ക
വേനലിന്റെ  തിളവെളിച്ചം,
കാണട്ടെ കൂട്ടുകാർ
അവൾ നടക്കാതെ
അതിരുകൾ താണ്ടാതെ
അടയിരിക്കുന്ന
കിളികളെയാട്ടാതെ
ചെറിയ ചുള്ളിക്കമ്പായി
അടിയിൽ
നറുങ്ങി വീണു കിടക്കുന്ന
വിരലുകൾ
നാലുപാടും നീട്ടിയിട്ട്
ഒച്ചയില്ലാതെ
താളം പിടിക്കാതെ
പാട്ടുമല്ല കവിതയുമല്ലാതെ
വാക്കുമില്ല വരികളുമില്ലാതെ
മൂളിമൂളി മുറിഞ്ഞുപോയൊരീണത്തിൽ
ദൂരെദൂരെയ്ക്കു
പുറപ്പെട്ട യാത്രകൾ

തളിക്ക് വേനലെ
നിന്റെ കുടത്തിലെ
തിളച്ച വെള്ളം
തികയില്ലയെങ്കിലും
മുഖമടച്ച്
മൂർച്ഛിച്ചു വീണുകിടക്കുന്ന
പഴയൊരു നാട്ടിൻ
ഇടത്താവളത്തിന്റെ
ഇടതു തോളിൽ
കുലുക്കി വിളിക്കുന്നതിന്നൊപ്പം
തളിക്കുക
നിന്റെ കുടത്തിന്റെ
അടിവയറ്റിൽ നിന്നവസാന
പെരും തുള്ളി
തികയില്ലയെങ്കിലും
തളിയ്ക്കുക

മഴ സംഭരിച്ചിരുന്നവർ/സജി കല്യാണി

അടര്‍ന്നുവീഴുമ്പോള്‍
ഒറ്റത്തുള്ളി മാത്രം.
അത്
പെരുകിപ്പെരുകി നിറഞ്ഞ്
ചാണകം മെഴുകിയ,
മുറ്റത്തെ
കെട്ടിച്ചുറ്റിയ വരമ്പിനുള്ളില്‍ പരന്ന്
കീറിയ ചാലിലൂടൊഴുകി
തെങ്ങിന്‍ തടം മൂടി
മണ്ണിലേക്ക് ചുരന്നിറങ്ങി
ഭൂമി കുതിര്‍ന്നലിഞ്ഞ്
പുറത്തേക്കൊഴുകി
ഉയര്‍ന്ന മണ്‍തിട്ടകളെ തഴുകി
കരിയിലകളെ വാരിക്കെട്ടി
'തോടെ'ന്ന ജലപാത തൊടുന്നു.

ഓരോ പറമ്പും
ഊറ്റിക്കുടിച്ച്
വീര്‍ത്തുവീര്‍ത്ത് പുറത്തേക്കിറങ്ങി
തോട്ടിലേക്ക്
ഉതിര്‍ന്നുവീണ്
തുടക്കമില്ലാതെ, ഒടുക്കമില്ലാതെ
ഒഴുകിയൊഴുകി
ഇടയ്ക്ക് നിറഞ്ഞു തുളുമ്പി
പാടത്തേക്കിറങ്ങി
പരന്നു പൊങ്ങി,
ചാഴിനെല്ലുകളുയര്‍ത്തി
വരമ്പുതുരന്ന്, മറുകണ്ടം ചാടി
അവിടെയും നിറഞ്ഞ്
അടുത്ത തോട്ടിലിറങ്ങുന്നു.

തോടാകെ കലങ്ങിമറിഞ്ഞ്
കുപ്പിയും പതയുമേന്തി കുതിച്ചുപാഞ്ഞ്
കുളത്തിലേക്ക് മറിയുന്നു.
വയറു നിറഞ്ഞ്, വാലുംനിറഞ്ഞ്
പറ്റിപ്പിടിച്ച പായലും ചുരണ്ടി
കുളം കരകവിഞ്ഞ്
വീതികൂടിയ തോട്ടിലേക്ക് പരക്കുന്നു.

ഒഴുകിയൊഴുകി
പുഴതൊടും മുമ്പേ
പാടവും പറമ്പും
കുളവും തോടും
ഒരമ്മപെറ്റ മക്കളായി
ഒരേ വീതിയില്‍ പുഴയാവുന്നു.
വന്നവഴിയിലെ
കുണ്ടുംകുഴിയുമെണ്ണി,
കുണ്ടിനേക്കാള്‍ ആഴത്തിലാഴ്ന്നിറങ്ങി
നാലുകുളം ജലം ഒരുകുളത്തില്‍ നിറച്ച്
ഭൂമിതുരന്നിറങ്ങിയതിന്‍റെ ബാക്കിയാണ്
മടിച്ചുമടിച്ച്
പുഴയിലിറങ്ങി നിന്നത്.

അത്
ആദ്യം പെയ്ത ഒറ്റത്തുള്ളിയല്ലായിരുന്നു..!

Friday, March 22, 2019

കരകൗശലക്കാരി/കല സജീവൻ


അമ്മയ്ക്ക് മുറം കൊണ്ട്
വൃത്തിയായി ചേറാനറിയാമായിരുന്നു.
അരി, പയർ, പരിപ്പ്, പിന്നെ ധാന്യരൂപത്തിലെന്തും.
ചേറൽ കാണാൻ നല്ല രസം
അരിമണിയെല്ലാം ഒറ്റയാച്ചലിൽ മുകളിലേക്ക്,
നൊടിയിട അനിശ്ചിതത്വത്തിൽ ----
പിന്നെ ചിക്കെന്നു മുറത്തിലേക്ക് -
ചേറൽ മാത്രല്ല കൊഴിക്കലുമുണ്ട്.
നല്ലതെല്ലാം ചേറിയെടുക്കാനും
ചീത്തയെല്ലാം കൊഴിച്ചു കളയാനും
അമ്മയ്ക്കറിയാമായിരുന്നു -
എത്ര വട്ടം ചേറിയിട്ടും
ഒന്നും കൊഴിക്കാനറിയാത്തൊരു ഞാൻ -
കരത്തിലൊരു കൗശലവുമില്ലാതെ ----
കല്ലും നെല്ലുമവിലും കൂടിക്കുഴഞ്ഞൊരു മുറവുമായി നാളെത്രയായി ഇരിക്കുന്നു.
______________________________________

Tuesday, March 12, 2019

ഇലയും മറ്റുപമകളും/ഡോണ മയൂര

ജീവിതത്തെ തൊടാനാഞ്ഞ
ഇലകളെയെല്ലാം കട്ടെടുക്കുന്ന കാറ്റിനെ
ആട്ടിയോടിക്കുന്നു അകറ്റി നിർത്തുന്നു
മുറിച്ച് മാറ്റുന്നു

ആട്ടിയോടിച്ച് അകറ്റി നിർത്തിയ
അകലത്തിൽ
മുറിച്ച് മാറ്റിയ മുറിവിൽ
ചങ്ങലയ്ക്കിടുന്നു

കാറ്റിന്റെ ഓരോ പിടച്ചിലിലും
ചങ്ങലയുടെ കണ്ണികളെല്ലാം
കണ്ണുകളാവുന്നു,
കൃഷ്ണമണികളിലൂടെകോർത്തുകോർത്ത്
സ്വയം നീളം വയ്ക്കുന്ന ചങ്ങലയിൽ
കുതറുന്ന കാറ്റ്

കുതറുമ്പോഴെല്ലാം ഇമയടയ്ക്കും പോലെ
പഴുതില്ലാതെ തളച്ചിടുന്നു
ജീവിതത്തെ തൊടാനാഞ്ഞ
ഇലകളെയെല്ലാം കട്ടെടുത്ത കാറ്റിനെ.

_______________________________________

Friday, March 8, 2019

ആ വാക്കിന്റെ തൂക്കുവിളക്ക് വെട്ടത്തിൽ/സെറീന

ഈറ്റ് വേദനയാറും മുൻപ്
പെറ്റകുഞ്ഞിന്റെ ശ്വാസമെടുത്തവളെ
കണ്ടിട്ടുണ്ടോ നീ? 
അതീവ രഹസ്യമായി കൊന്നുകളഞ്ഞ
ഒരു ജീവിതത്തിന്റെ നീലിച്ച ദേഹത്തെ? 

അതുപോലൊന്നിനെ
വാക്കുകളുടെ പഴന്തുണിക്കെട്ടിൽ
പൊതിഞ്ഞെടുക്കുകയാണ്

തോറ്റു പിൻവാങ്ങിയ
എല്ലാ അവളുമാരെയും
ഒറ്റു കൊടുക്കുന്ന
കഥകളുടെ ബലിപീഠത്തിൽ
എനിക്കൊരു സാക്ഷി മൊഴി വേണം

എന്റെ അക്ഷരങ്ങളുടെ ചുണ്ടിലേക്ക്
ചെവി ചേർക്കുന്നവളേ
പ്രപഞ്ചം മുഴുവൻ ഉറങ്ങുന്ന
ഈ നേരത്ത് എന്നെ കേൾക്കുന്നവളേ
എനിക്കൊരു വാക്ക്  വേണം.

പുറകിൽ നീയുയർത്തി പിടിക്കുമെന്ന്
ഞാനുറപ്പിക്കുന്ന ആ വാക്കിന്റെ
തൂക്കുവിളക്കു വെട്ടത്തിൽ
എനിക്കിറങ്ങണം

അതിജീവനമെന്നാൽ
ചിലപ്പോഴെങ്കിലും എഴുതിയവസാനിപ്പിച്ച
വരികൾക്കൊടുവിലെ ആ കൈയൊപ്പാണ്,
ഇവിടെ വരെ മാത്രം എന്നുറപ്പിക്കലാണ്. 
ഇനി വയ്യെന്നൊരു
വാതിലടക്കലാണ്.

ജീവിതത്തിന് ശേഷം
വരുന്ന കെട്ടുകഥകളുടെ കൊടുങ്കാറ്റിൽ
ഒരു പാഴ്മരം പോലെ
വീണു പോകാതെ
നീയെന്നെ കാക്കണം
ഓർമ്മയുടെ
ഒരൊറ്റ പുൽക്കൊടിയായി
പിടിച്ചു  നിർത്തണം

അപമാനങ്ങളുടെ,
വേദനയുടെ,
നിസ്സഹായതയുടെ
പരകോടിയിൽ അമർത്തിപ്പിടിച്ചു
കൊല്ലും  മുൻപ്
അവസാനം കൊടുത്ത,
ആരും കണക്കിലെടുക്കാത്ത
ആ ഒരൊറ്റ ഉമ്മയുടെ മിന്നൽ
നീ കണ്ടുവെന്നൊരു വാക്ക്,
അത്ര മാത്രം.
മരിച്ചാലും ജീവിപ്പിക്കുന്ന  ഒരുറപ്പ്.
_________________________________

Tuesday, March 5, 2019

വനശലഭങ്ങൾ/സിന്ധു.കെ.വി

കാടു കാട്ടിത്തരാമെന്ന്
കൂട്ടി വന്നവനേ
കാടു പൂത്തോ ആരുമറിയാ-
തുടലു പൂത്തെന്നോ

പല മരങ്ങളിൽ പല നിറങ്ങളിൽ
പല മണങ്ങളിലായ്
പൂത്ത പൂക്കളെയുടലിലൊരുവൾ
കോർത്തു നിൽക്കുന്നു

അരികിലെങ്ങോ നിന്റെ പാട്ടിൻ
ഈണമറിയുന്നു
പാട്ടു നിൽക്കെ നിന്റെ ശ്വാസമേറ്റു പൊള്ളുന്നു
ഉള്ളിലൊരു മയിൽ ഒന്നുമറിയാ-
താടി നിൽക്കുന്നു
സിരകളിൽ ചുടുരക്തമെങ്ങും
കുതറിയോടുന്നു

തുള്ളുമിളമാൻ, പൂത്ത വാക,
കുയിൽ പാടുന്നു
തുമ്പി കോർക്കും കൊമ്പനും
പിടിയാനയും നിഴലും

നേർത്ത രോമാവലികൾ പോൽ
തെളിവാർന്ന ചോലകളും
കാട്ടുതേൻ,കനി,യന്ത്രമില്ലാ
കാട്ടുപാതകളും

കാടുകാട്ടിത്തരാമെന്ന്
കൂട്ടി വന്നവനേ
കാടു പൂക്കുന്നോ ഉട-
ലറിയാതെ പൂക്കുന്നോ?

_________________________