Friday, March 8, 2019

ആ വാക്കിന്റെ തൂക്കുവിളക്ക് വെട്ടത്തിൽ/സെറീന

ഈറ്റ് വേദനയാറും മുൻപ്
പെറ്റകുഞ്ഞിന്റെ ശ്വാസമെടുത്തവളെ
കണ്ടിട്ടുണ്ടോ നീ? 
അതീവ രഹസ്യമായി കൊന്നുകളഞ്ഞ
ഒരു ജീവിതത്തിന്റെ നീലിച്ച ദേഹത്തെ? 

അതുപോലൊന്നിനെ
വാക്കുകളുടെ പഴന്തുണിക്കെട്ടിൽ
പൊതിഞ്ഞെടുക്കുകയാണ്

തോറ്റു പിൻവാങ്ങിയ
എല്ലാ അവളുമാരെയും
ഒറ്റു കൊടുക്കുന്ന
കഥകളുടെ ബലിപീഠത്തിൽ
എനിക്കൊരു സാക്ഷി മൊഴി വേണം

എന്റെ അക്ഷരങ്ങളുടെ ചുണ്ടിലേക്ക്
ചെവി ചേർക്കുന്നവളേ
പ്രപഞ്ചം മുഴുവൻ ഉറങ്ങുന്ന
ഈ നേരത്ത് എന്നെ കേൾക്കുന്നവളേ
എനിക്കൊരു വാക്ക്  വേണം.

പുറകിൽ നീയുയർത്തി പിടിക്കുമെന്ന്
ഞാനുറപ്പിക്കുന്ന ആ വാക്കിന്റെ
തൂക്കുവിളക്കു വെട്ടത്തിൽ
എനിക്കിറങ്ങണം

അതിജീവനമെന്നാൽ
ചിലപ്പോഴെങ്കിലും എഴുതിയവസാനിപ്പിച്ച
വരികൾക്കൊടുവിലെ ആ കൈയൊപ്പാണ്,
ഇവിടെ വരെ മാത്രം എന്നുറപ്പിക്കലാണ്. 
ഇനി വയ്യെന്നൊരു
വാതിലടക്കലാണ്.

ജീവിതത്തിന് ശേഷം
വരുന്ന കെട്ടുകഥകളുടെ കൊടുങ്കാറ്റിൽ
ഒരു പാഴ്മരം പോലെ
വീണു പോകാതെ
നീയെന്നെ കാക്കണം
ഓർമ്മയുടെ
ഒരൊറ്റ പുൽക്കൊടിയായി
പിടിച്ചു  നിർത്തണം

അപമാനങ്ങളുടെ,
വേദനയുടെ,
നിസ്സഹായതയുടെ
പരകോടിയിൽ അമർത്തിപ്പിടിച്ചു
കൊല്ലും  മുൻപ്
അവസാനം കൊടുത്ത,
ആരും കണക്കിലെടുക്കാത്ത
ആ ഒരൊറ്റ ഉമ്മയുടെ മിന്നൽ
നീ കണ്ടുവെന്നൊരു വാക്ക്,
അത്ര മാത്രം.
മരിച്ചാലും ജീവിപ്പിക്കുന്ന  ഒരുറപ്പ്.
_________________________________

No comments:

Post a Comment